തിരുവനന്തപുരം: ബാർ കോഴ കേസിൽ ധനമന്ത്രി കെ.എം.മാണിയെ വിജിലൻസ് സംഘം ചോദ്യംചെയ്തു. അടച്ച ബാറുകൾ തുറക്കുന്നതിന് കോഴവാങ്ങിയെന്ന ആരോപണം അന്വേഷിക്കുന്ന വിജിലൻസ് എസ്‌പി. ആർ.സുകേശന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ചോദ്യംചെയ്യൽ. അതിനിടെ തന്നെ അപമാനിക്കാൻ നടത്തിയ ഗൂഢാലോചനയാണ് ചോദ്യം ചെയ്യൽ എന്ന നിലപാടിലാണ് മാണി. നേരത്തെ ചോദ്യം ചെയ്യലിന് മാണിയോട് വിജിലൻസ് സമയം ചോദിച്ചിരുന്നു. സൗകര്യപൂർവ്വം അറിയിക്കാമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടോടെ സമ്മതം അറിയിച്ച് സന്ദേശം മന്ത്രിയുടെ ഓഫീസ് നൽകി. ഇതോടെയാണ് ചോദ്യം ചെയ്യൽ നടന്നത്. എങ്കിലും ഈ യോഗം നടക്കുമ്പോൾ തന്നെ മാണിയെ ചോദ്യം ചെയ്യാൻ ശ്രമിച്ചതിൽ ഗൂഢാലോചനയുണ്ടെന്നാണ് വിമർശനം

കോവളം ഹോട്ടൽ ലീലയിൽ നടന്ന വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിനുശേഷമാണ് മാണിയെ ചോദ്യംചെയ്തത്. ഈ സമിതിയുടെ ചെയർമാനാണ് മാണി. ഇവിടെ എത്തി ചോദ്യം ചെയ്തത് മാണിയുടെ ഇമേജ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്നാണ് കേരളാ കോൺഗ്രസിന്റെ വിലയിരുത്തൽ. ദേശീയ തലത്തിൽ നടന്ന പ്രധാന പരിപാടിയുടെ തിരക്കിലായതിനാലാണ് ചോദ്യം ചെയ്യൽ പിന്നീട് ആവാമെന്ന് പറഞ്ഞത്. എന്നിട്ടും ഇത്തരമൊരു സ്ഥലത്ത് മന്ത്രിയെ അപാനിക്കാനാണ് വിജിലൻസ് ശ്രമിച്ചതെന്നാണ് കേരളാ കോൺഗ്രസ് വിലയിരുത്തൽ. രാത്രി വൈകി പ്രതികരണം തേടിയെത്തിയ മാദ്ധ്യമ പ്രവർത്തകരോട് മാണി പ്രതികരിച്ചില്ല. ക്ഷുഭിതനായി കാണുകയും ചെയ്തു. സ്ഥിതിഗതികൾ കേരളാ കോൺഗ്രസ് വിലയിരുത്തും. അതിന് ശേഷം ഉചിതമായ തീരുമാനം എടുക്കും. കടുത്ത നടപടികൾ വേണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുമുണ്ട്.

മാണിയെ വിജിലൻസ് ഏതാണ്ട് ഒരു മണിക്കൂർ ചോദ്യം ചെയ്തു. രാത്രി എട്ടിനാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. കോഴയിടപാട് പൂർണമായി നിഷേധിച്ചുള്ള മൊഴിയാണ് മാണി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് സൂപ്രണ്ട് ആർ.സുകേശന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ഏഴിന് തുടങ്ങിയ ചോദ്യംചെയ്യൽ ഒരുമണിക്കൂറിലേറെ നീണ്ടു. മാണിയുടെ മൊഴിയെടുക്കലോടെ അന്വേഷണം അന്തിമ ഘട്ടത്തിലെത്തി. ഉടൻ കുറ്റപത്രം നൽകുമെന്ന് സൂചനയുണ്ട്. കേസ് അന്വേഷണം ഉടൻ അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ മാണിയെ പ്രതിയാക്കി കുറ്റപത്രം നൽകാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ മന്ത്രിസ്ഥാനം പോലും മാണിക്ക് രാജിവയ്‌ക്കേണ്ടി വരും.

പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദന്റെ പരാതിയെത്തുടർന്ന് ക്വിക്ക് വെരിഫിക്കേഷൻ സമയത്ത് നടന്ന ചോദ്യംചെയ്യലിന് പുറമെ, പ്രധാന സാക്ഷികളായ ബിജു രമേശ്, ഡ്രൈവർ അമ്പിളി എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. 2014 മാർച്ച് 22, 31, ഏപ്രിൽ രണ്ട് എന്നീ തീയതികളിലായി തനിക്ക് ഒരു കോടിയോളം രൂപ കോഴ നൽകി എന്ന സാക്ഷികളുടെ മൊഴി മാണി നിരസിച്ചു. തന്നെ കാണാൻ പലരും വരാറുണ്ടെന്നും അവരുടെ പരാതികൾ കേൾക്കാറുണ്ടെന്നും തനിക്ക് ആരും പാരിതോഷികമോ പണമോ നൽകിയിട്ടില്ലെന്നും മാണി വിജിലൻസിനോട് പറഞ്ഞു.

ഒരു വർഷത്തിന് മുമ്പുള്ള സംഭവമാണ്. സന്ദർശകരെയെല്ലാം ഓർത്തെടുക്കാൻ പ്രായം അനുവദിക്കുന്നില്ല. താൻ പണം വാങ്ങുന്നത് കണ്ടുവെന്ന് പറയുന്ന ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയെ തനിക്കറിയില്ല. അയാൾ തന്റെ വീട്ടിൽ വന്നതായും അറിയില്ല. ബിജു രമേശിന്റെ കറുത്ത ടൊയോട്ട എറ്റിയോസ് കാർ 2014 ഏപ്രിൽ 2ന് പുലർച്ചെ ഔദ്യോഗിക വസതിയിലെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, തന്റെ വീട്ടിൽ അങ്ങനെയൊരു വാഹനം വന്നിട്ടില്ലെന്നായിരുന്നു മാണിയുടെ മറുപടി. തനിക്ക് മാത്രമായി വീട്ടിൽ ചെക്ക്‌പോസ്റ്റില്ല. ക്ലിഫ്ഹൗസിലെ പ്രധാന ഗേറ്റിലാണ്‌ േപാലീസ് ഔട്ട്‌പോസ്റ്റ്. പ്രധാന ഗേറ്റ് കടന്നാൽ വേറെ മന്ത്രിമാരുടെയും വീടുകളുണ്ട്. തന്റെ വീട്ടിലേക്കാണ് ബിജു രമേശിന്റെ വാഹനമെത്തിയതെന്ന് പറയാനാവില്ലെന്നും മാണി മൊഴി നൽകി.

ബാർ ലൈസൻസുകൾ പുതുക്കുന്നതിൽ നിയമാനുസൃതമായ നിലപാടാണ് താൻ സ്വീകരിച്ചത്. മന്ത്രിസഭായോഗത്തിലും ഇതേനിലപാടായിരുന്നു സ്വീകരിച്ചത്. ബാറുടമകളിൽ നിന്ന് കോഴയോ തിരഞ്ഞെടുപ്പ് ഫണ്ടോ പാർട്ടിക്കുള്ള സഹായമോ വാങ്ങിയിട്ടില്ല. പാലായിലെ വസതിയിൽ നൂറുകണക്കിന് പേരാണ് വരാറുള്ളത്. ജനപ്രതിനിധി എന്ന നിലയിൽ വിവിധ ആവശ്യങ്ങൾക്കായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ എത്തും. അവർക്ക് കഴിയുന്ന സഹായം ചെയ്തുകൊടുക്കാറുണ്ട്. എന്നാൽ, എല്ലാവരെയും ഓർത്തുവയ്ക്കാൻ സാധിക്കില്ലല്ലോയെന്ന് വിജിലൻസ് ഉദ്യോഗസ്ഥരോട് മാണി തിരിച്ചുചോദിച്ചു. തനിക്കെതിരേയുള്ളത് രാഷ്ട്രീയമായ ആരോപണമാണ്. ബാറുകൾക്കെതിരായി ശക്തമായ നിലപാട് എടുത്തിട്ടുള്ള പാർട്ടിയാണ് കേരളകോൺഗ്രസ്. അതിനാൽ ധാരാളം ശത്രുക്കളുണ്ട്. അങ്ങനെയുണ്ടായ അടിയൊഴുക്കുകളാണ് ബാർകോഴ വിവാദത്തിൽ ചെന്നെത്തിയത് മാണി മൊഴിനൽകി.

2014 ഏപ്രിൽ രണ്ടിന് ബിജുരമേശിന്റെ കെ.എൽ 01ബി.ബി 7878 നമ്പർ കറുത്ത ടൊയോട്ട എറ്റിയോസ് കാർ നന്തൻകോട് ക്ലിഫ്ഹൗസ് കോമ്പൗണ്ടിലെ പ്രധാന ഗേറ്റ് കടന്ന് എത്തിയതായി പ്രധാന ഗാർഡ് റൂമിലെ ഔദ്യോഗിക രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. അടച്ചുപൂട്ടിയ ബാറുകൾ തുറക്കാൻ ധനമന്ത്രി ആവശ്യപ്പെട്ട തുകയിലെ അവസാന ഗഡു കൈമാറാൻ ബാർഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി, ഭാരവാഹിയായ കൃഷ്ണദാസ് എന്നിവരെ മന്ത്രിമന്ദിരത്തിലെത്തിച്ചത് താനാണെന്നും പണം കൈമാറുന്നതിന് പുറത്തുനിന്ന താൻ സാക്ഷിയാണെന്നും ബിജു രമേശിന്റെ ഡ്രൈവർ അമ്പിളി (വിജയകുമാർ) മൊഴിനൽകുകയും ചെയ്തു.

അമ്പിളിയുടെ മൊഴിയിൽ പറയുന്ന എല്ലാവരും ക്ലിഫ്ഹൗസ് പരിസരത്തെ മൊബൈൽടവറിന്റെ പരിധിയിലായിരുന്നുവെന്ന് കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. മന്ത്രിയെ കണ്ടശേഷം തിരിച്ചെത്തിയപ്പോൾ പെട്ടിയുണ്ടായിരുന്നില്ലെന്നും പണം നൽകിയതായി ആരെയൊക്കെയോ ഫോണിൽ വിളിച്ചറിയിച്ചെന്നും അമ്പിളിയുടെ മൊഴിയിലുണ്ട്. വാഹനരജിസ്റ്ററിൽ ബിജുവിന്റെ കാറിന്റെ നമ്പർ കണ്ടെത്തിയതിനെത്തുടർന്നാണ് മാണിയെ വീണ്ടും ചോദ്യംചെയ്യാൻ അന്വേഷണസംഘത്തലവൻ എസ്‌പി സുകേശന് വിജിലൻസ് ഡയറക്ടർ വിൻസൺ പോൾ നിർദ്ദേശം നൽകിയത്.