തിരുവനന്തപുരം: 22 വർഷത്തെ തടവിന് ശേഷം മോചനത്തിന് കൊതിച്ചിരുന്ന കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചന് പിഴ ഒടുക്കാൻ പണമില്ലാത്തത് തിരിച്ചടിയാകുന്നു. കുപ്പണ്ണ മദ്യ ദുരന്തക്കേസിലെ പ്രതി തമ്പിക്കും പിഴ ഒടുക്കാൻ പണമില്ലാത്തതിനാൽ പുറത്തിറങ്ങാനായില്ല. ഇരുവരും നെട്ടുകാൽത്തേരി തുറന്ന ജയിലിലെ അന്തേവാസികളാണ്. 30.45 ലക്ഷം രൂപയാണ് മണിച്ചൻ പിഴയൊടുക്കേണ്ടത്.

മണിച്ചന്റെ ജയിൽ മോചനത്തിന് ഗവർണറുടെ ഉത്തരവ് പുറത്തിറങ്ങി കഴിഞ്ഞു. എന്നാൽ, മണിച്ചന്റെ കുടുംബത്തെ കേസ് സാമ്പത്തികമായി തകർത്തു. 30 ലക്ഷം രൂപ കണ്ടെത്താൻ മണിച്ചന്റെ കുടുംബം നെട്ടോട്ടമോടുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്രയും പണം മോചനത്തിന് കെട്ടിവെയ്ക്കാൻ മണിച്ചന്റെ ബന്ധുക്കളുടെ കയ്യിൽ ഇല്ല. മണിച്ചന്റെ വീട് റവന്യൂ റിക്കവറികളുടെ ഭാഗമായി അടച്ചിട്ടിരിക്കയാണ്. ഭാര്യയും മകനും മകളുടെ വീട്ടിലാണ് താമസം. പരോളിൽ ഇറങ്ങിയ സമയത്ത് തുടങ്ങിയ ചപ്പാത്തി കടയും മീൻ കടയും എല്ലാം പൊളിഞ്ഞു. സാമ്പത്തിക ബാധ്യത കൂടി. ഇപ്പോൾ ആറ്റിങ്ങലിലെ ഫ്രൂട്ട് സ്റ്റാൾ മാത്രമാണുള്ളത്. ജയിൽ മോചിതനായാൽ ഫ്രൂട്ട്സ് കട നന്നായി നടത്തി കൊണ്ടു പോകണമെന്നാണ് മണിച്ചന്റെ ആഗ്രഹം.

ചിറയൻകീഴ് റെയ്ഞ്ചിൽ ഒന്നു മുതൽ 26 വരെ നമ്പറുകളിലുള്ള കള്ള് ഷാപ്പുകളാണ് മണിച്ചൻ നടത്തിയിരുന്നത്. ഭാര്യ ഉഷയുടെ പേരിലായിരുന്നു ഷാപ്പിന്റെ ലൈസൻസ്. കേസിൽ അകപ്പെടുന്നതിന് മുമ്പ് ഇവ നാല് കോടി രൂപയ്ക്ക് ലേലം ചെയ്തിരുന്നു. ആറു തവണയായി 2.40 കോടി കിസ്ത് (നികുതി) അടച്ചു. ബാക്കി നാലു തവണകളിലെ 1.60 കോടി അടവ് മുടക്കിയതിനാൽ അവരുടെ പേരിലുണ്ടായിരുന്ന വസ്തുക്കളും കുണ്ടുകെട്ടി എല്ലാം ലേലത്തിൽ പോയി.

ഷാപ്പുകളുടെയും മറ്റും ആവശ്യത്തിനായി അമ്പതോളം വാഹനങ്ങൾ മണിച്ചനുണ്ടായിരുന്നു. സ്പിരിറ്റ് വിൽപ്പന നടത്തി നേടിയ സമ്പാദ്യത്തിന് 25 കോടിയാണ് നികുതി കണക്കാക്കിയത്. ഇത് ഈടാക്കാൻ ഈ വാഹനങ്ങൾ കണ്ടുകെട്ടി ലേലം ചെയ്തു. ചിറയൻകീഴിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചേക്കറോളം ഭൂമി മണിച്ചനുണ്ടായിരുന്നു. പുളിമൂട് ജംഗ്ഷന് സമീപം ആഡംബര വീടും.

പഴയ പ്രതാപം ഓർമകളിൽ മാത്രം

കോടീശ്വരനായിരുന്ന മണിച്ചൻ യാത്ര ചെയ്തിരുന്നത് ബെൻസിലായിരുന്നു. മാനേജർക്ക് യാത്ര ചെയ്യാൻ പ്യൂഷെ കാറും. സ്പിരിറ്റ് വാഹനത്തിന് എസ്‌കോട്ട് പോയതിന് നാല് മാരുതി ഡീസൽ സെൻ ഉൾപ്പെടെ ഈ വാഹനങ്ങളെല്ലാം സെയിൽസ് ടാക്സ് പിടിച്ചെടുത്തു. തിരുവനന്തപുരത്ത് ഒരു തവണ എത്തിയപ്പോൾ താൻ സഞ്ചരിച്ചിരുന്ന പ്യൂഷെ കാർ കാണാനിടയായതായി മാനേജർ ബാലചന്ദ്രൻ ഓർത്തെടുക്കുന്നു.

പുളിമൂട്ടിൽ ഇവർക്കുണ്ടായിരുന്ന കെട്ടിടം സർക്കാരിന്റെ കൈവശമാണ്.വീടിനു സമീപത്തുള്ള ഗോഡൗണിൽ നിന്ന് സ്പിരിറ്റ് പിടികൂടിയതിന് അബ്കാരി കേസിൽ വിചാരണ കോടതി ഉഷയ്ക്ക് 10 വർഷം തടവും വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇനിയും തീർപ്പായിട്ടില്ല. മദ്യക്കച്ചവടത്തിൽ സജീവമായിരുന്ന ഘട്ടത്തിൽ ലക്ഷങ്ങൾ പലരും നൽകാനുണ്ട്.

നേരത്തെ മണിച്ചന്റെ സഹോദരങ്ങളെ വിട്ടയച്ചപ്പോഴും പിഴ കോടതി ഒഴിവാക്കി നൽകിയിരുന്നു. സെൻട്രൽ ജയിലിലെ മേസ്തിരിയായും നെട്ടുകാൽ ത്തേരി തുറന്ന ജയിലിലെ മികച്ച കർഷകനായും പേരെടുത്ത മണിച്ചന് നിലവിൽ കൃഷിപ്പണിയുടെ മേൽനോട്ട ചുമതലയാണെങ്കിലും ഒന്നിനും വയ്യ.

കാൽമുട്ടിന് തേയ്മാനം ഉണ്ട്- 65 വയസിലെ ആരോഗ്യ പ്രശ്നങ്ങൾ എല്ലാം ഉണ്ട്. അതു കൊണ്ട് തന്നെ വലിയ ഉത്തരവാദിത്വങ്ങൾ ഒന്നും ജയിൽ ഉദ്യോഗസ്ഥരും മണിച്ചനെ ഏൽപ്പിക്കാറില്ല. ഒന്നര വർഷം കോവിഡ് പരോളിൽ പുറത്ത് നിന്ന് മണിച്ചൻ കഴിഞ്ഞ മാർച്ചിലാണ് ജയിലിൽ തിരിച്ചെത്തിയത്. കോവിഡ് പരോൾ കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ കൂടുതൽ അവശനായിരുന്നു. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ കഴിയുന്ന മണിച്ചൻ വേച്ച് വേച്ചാണ് നടക്കുന്നത്.

പ്രായത്തിന്റെ അവശതകൾക്ക് പുറമെ ആരോഗ്യം കൂടി ക്ഷയിച്ചുവെന്നാണ് സഹതടവുകാരോടു മണിച്ചൻ പറയുന്നത്. കൂടാതെ ജീവിതചര്യ തെറ്റിയതുമൂലം എത്തിയ രോഗങ്ങളും മണിച്ചനെ അവശനാക്കി. രണ്ടു കോവിഡ് സീസണുകളിലായി ഏകദേശം ഒന്നര വർഷം വീട്ടിൽ നിന്നതിന് ശേഷമാണ് മണിച്ചൻ തിരിച്ചെത്തിയത്. നെട്ടുകാൽ ത്തേരി തുറന്ന ജയിലിലെ മികച്ച കർഷക തടവുകാരൻ എന്ന് പേരെടുത്ത മണിച്ചൻ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജയിലിലെ ആറേക്കറോളം കൃഷിയിൽ മണിച്ചൻ പൊന്ന വിളയിച്ച കഥ വാർഡന്മാരും സഹതടവുകാരും സമ്മതിക്കുന്നുണ്ട്.

തൊട്ട ബിസിനസെല്ലാം എട്ടു നിലയിൽ പൊട്ടി

മണിച്ചൻ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് ജയിൽ ചപ്പാത്തിയും ചിക്കനും പുറത്തിറക്കി പേരെടുത്തത്. ബജറ്റ് ഫുഡ് എന്ന നിലയിൽ ജയിൽ ഫുഡിന് കിട്ടിയ സ്വീകാര്യത അവരുടെ പ്രതിദിന വിറ്റുവരവ് അര ലക്ഷത്തിന് മേലെ എത്തിച്ചു. ഇത് മനസിലാക്കി പരോൾ കിട്ടി നാട്ടിൽ പോയ ഉടനെ മണിച്ചൻ ചിക്കനും ചപ്പാത്തിയും പാഴ്സൽ കൗണ്ടർ തുടങ്ങി. ആദ്യം വലിയ വിറ്റ് വരവ് ആയിരുന്നു. മണിച്ചൻ പരോൾ കഴിഞ്ഞ് ജയിലിൽ എത്തിയതോടെ അതും പൊട്ടി. എന്നിട്ടും തളർന്നില്ല അടുത്ത പരോളിൽ ഫ്രൂട്ട് സ്റ്റാളുമായാണ് മണിച്ചൻ രംഗത്ത് എത്തിയത് അതും പച്ച പിടിച്ചു വന്നതാണ്. മണിച്ചൻ ജയിലിൽ തിരിച്ചെത്തിയതോടെ അതും പൊട്ടി. പിന്നീട് ഈയടുത്ത കാലത്തായി ഫ്രഷ് മീൻ ഷോപ്പ് തുടങ്ങി. നല്ല മീൻ ആൾക്കാർക്കിടയിൽ എത്തിക്കാനുള്ള പരീക്ഷണമായിരുന്നു.എന്നാൽ അതിനും താഴ് വീണു. അങ്ങനെ ജയിലിൽ കിടന്ന് തൊട്ട ബിസിനസിലെല്ലാം മണിച്ചന് കൈപൊള്ളി.എന്നിട്ടും പിന്മാറാത്ത മണിച്ചന് ഇപ്പോൾ ചെറിയൊരു ഫ്രൂട്ട്സ് കടയുണ്ട്.

20 വർഷത്തിലധികമായി ജയിലിൽ കഴിയുന്നവരെ വിട്ടയക്കാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മണിച്ചനെയും വിട്ടയക്കാൻ തീരുമാനിച്ചത്. ജയിൽ മോചിതനായ ശേഷം നാല് വർഷം മറ്റൊരു കേസിലും പ്രതിയാകരുത് എന്നാണ് നിബന്ധന. പ്രതിയായാൽ വിട്ടയക്കൽ ഉത്തരവ് റദ്ദാക്കും. 31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ.

2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു.