അഗർത്തല: ത്രിപുരയിൽ ഇടതുമുന്നണി തോറ്റതോടെ രാജിവെക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി മണിക്ക് സർക്കാരിനോട് കേരളത്തിലേക്കോ ബംഗ്ലാദേശിലേക്കോ പോയി അഭയം തേടൂ എന്ന പരിഹാസവുമായി ബിജെപി നേതാവ് ഹിമന്ത് ബിശ്വ ശർമ്മ രംഗത്ത്.

'മണിക്ക് സർക്കാരിന് ഇനി വെറും മൂന്ന് വഴികൾ മാത്രമേയുള്ളൂ. ഒന്നുകിൽ ചെറിയ രീതിയിലെങ്കിലും സിപിഎമ്മിന് സാന്നിധ്യമുള്ള പശ്ചിമ ബംഗാളിലേക്ക് പോവാം. കേരളത്തിൽ സിപിഎം ഇപ്പോഴും ഭരണത്തിലുണ്ട്. ഇനി മൂന്ന് വർഷം കൂടിയേ ആ ഭരണമുണ്ടാവൂ അതിനാൽ വേണമെങ്കിൽ കേരളത്തിലേക്ക് പോവാം. ഇതൊന്നുമല്ലെങ്കിൽ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പോവം', -ഇതാണ് കളിയാക്കൽ.

ത്രിപുരയിൽ ബിജെപിക്ക് വേണ്ടി പ്രധാനമായും കരുക്കൾ നീക്കയത് ഹിമന്ത് ബിശ്വ ശർമ്മയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ത്രിപുര മുഖ്യന്ത്രിയെ ബംഗ്ലാദേശിലേക്കയക്കും എന്ന് പരസ്യമായി ഹിമന്ത് ബിശ്വ ശർമ്മ പ്രസംഗിച്ചത് വലിയ വിവാദമായിരുന്നു. 1998 മുതൽ മണിക്ക് സർക്കാർ ആണ് ത്രിപുരയുടെ മുഖ്യമന്ത്രി. 20 വർഷമാണ് അദ്ദേഹം ത്രിപുര തുടർച്ചയായി ഭരിച്ചത്. ഇതിനാണ് ഇപ്പോൾ അന്ത്യമാകുന്നത്.