ന്യൂഡൽഹി: സ്വന്തമായി വീടോ കാറോ ആസ്തികളോ ഇല്ലാത്ത ത്രിപുര മുൻ മുഖ്യമന്ത്രി മണി സർക്കാർ ഇനി താമസിക്കുക സിപിഎം ഓഫീസിൽ. കഴിഞ്ഞ ദിവസം അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. 20 വർഷം ത്രിപുര ഭരിച്ചിരുന്ന മാണിക് സർക്കാരിന് ഇതുവരെ സ്വന്തമായി വീടില്ല.

എംഎ‍ൽഎ ഹോസ്റ്റലിൽ താമസിക്കാൻ താല്പര്യം ഇല്ലെന്ന് അറിയിച്ചതോടെയാണ് പാർട്ടി ഓഫീസിന് മുകളിലുള്ള രണ്ട് മുറി താമസത്തിനായി തിരഞ്ഞെടുത്തത്. അവകാശമായി ലഭിച്ച സ്വത്തെല്ലാം മണിക്ക് സർക്കാർ സഹോദരിക്ക് ദാനം ചെയ്തിരുന്നു. മണിക് സർക്കാരിനൊപ്പം ഭാര്യ പാഞ്ചാലി ഭട്ടാചാർജിയുമുണ്ട്. വിരമിച്ച കേന്ദ്രസർക്കാർ ജീവനക്കാരിയാണ് പാഞ്ചാലി. ഇരവരും അഗർത്തലയിലെ പാർട്ടി ഓഫീസിലെ രണ്ടുമുറി ഫ്‌ളാറ്റിലാണ് താമസം.

പാർട്ടി ഓഫീസിൽ ചുരുങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്നും മണിക് സർക്കാർ അവിടെ താമസിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നും ത്രിപുര പാർട്ടി സെക്രട്ടറി ബിജൻ ധർ പറഞ്ഞു. തങ്ങളുടെ ഭൂരിപക്ഷം നേതാക്കളും ലളിത ജീവിതം നയിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

സഹോദരിക്ക് പൈതൃക സ്വത്ത് ദാനം ചെയ്ത മണിക് സർക്കാർ മുമ്പും പാർട്ടി ഓഫീസിൽ താമസിച്ചിട്ടുണ്ട്.സർക്കാരിന്റെ ഭാര്യയ്്ക്ക് നഗരത്തിൽ വസ്തുവുണ്ട്. ഈ വസ്തുവിൽ കെട്ടിടം പണിയാൻ ഒരു ബിൽഡറെ ഏൽപിച്ചത് സമീപകാലത്ത് വിവാദമായിരുന്നു. ഈ കെട്ടിടത്തിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയാട്ടില്ല.

അതേസമയം, മണിക് സർക്കാരിന് മുൻ മുഖ്യമന്ത്രിയെന്ന നിലയിൽ നല്ല സർക്കാർ താമസത്തിനും സൗകര്യങ്ങൾക്കും അവകാശമുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി ബിപ്ലബ് ദേബ് പ്രതികരിച്ചു.പ്രതിപക്ഷ നേതാവിന് ക്യാബിനറ്റ് മന്ത്രിപദവിയും മറ്റാനുകൂല്യങ്ങളും ലഭിക്കും. എംഎൽഎമാർക്ക് ഹോസ്റ്റലിലാണ് താമസസൗകര്യമുള്ളത്.തങ്ങളെ ജനങ്ങൾ അധികാരത്തിലേറ്റിയെങ്കിലും പുതിയ ത്രിപുരയുടെ വികസനത്തിൽ വലിയ പങ്കിവഹിക്കാനുണ്ടെന്നും ബിപ്ലബ് ദേബ് പറഞ്ഞു. ബിജെപി ഒരിക്കലും സർക്കാരിനെ പാർട്ടിയുമായി തുലനം ചെയ്ത് കാണാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർ്ത്തു.

അഞ്ചുതവണ ത്രിപുരയിലെ മുഖ്യമന്ത്രിയായ മണിക് സർക്കാർ തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുമ്പോൾ അദ്ദഹത്തിന്റെ കൈവശമുണ്ടായിരുന്നത് ആകെ 1520 രൂപ മാത്രമാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കെവെ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്ക് ബാലൻസായി ഉള്ളതാവട്ടെ വെറും 2410 രൂപ അറുപത് പൈസയും്. 2013ലെ തെരഞ്ഞടുപ്പിൽ ജനവിധി തേടുമ്പോൾ ഉണ്ടായിരുന്നതിനെക്കാൾ കുറവാണ് നിലവിലെ ബാങ്ക് ബാലൻസ്. അന്ന് 9,720 രൂപ 38 പൈസയായിരുന്നു ബാങ്ക് ബാലൻസായി ഉണ്ടായിരുന്നത്.

അറുപത്തിയൊൻപതുകാരനായ മണിക് സർക്കാർ മുഖ്യമന്ത്രി എന്ന നിലയിലും ശമ്പളം കൈപ്പറ്റിയിരുന്നില്ല.പാർട്ടി മാസം തോറും നൽകുന്ന പതിനായിരം രൂപയാണ് ജീവിത ചെലവായി സ്വീകരിച്ചിരുന്നത്.

നാമനിർദ്ദേശക പട്ടികയിൽ ഭാര്യയുടെ സ്വത്ത് വിവരവും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഭാര്യ പാഞ്ചാലി ഭട്ടാചാര്യയുടെ ചെലവിലാണ് മണിക് സർക്കാർ ജീവിക്കുന്നതെന്ന് പറഞ്ഞാൽ അതിലും തെറ്റില്ല. കേന്ദ്രഗവൺമെന്റ് ജീവനക്കാരിയായിരുന്ന പാഞ്ചാലിയുടെ പക്കൽ 20, 140 രൂപയാണ് കാശായി ഉള്ളത്. കൂടാതെ 1,24,101 രൂപയുടെയും 86,473 രൂപയുടെയും രണ്ട് ബാക്ക് അക്കൗണ്ടുകളുമുണ്ട്. ഇത് കൂടാതെ മൂന്ന് ഫിക്സഡ് ഡിപ്പോസിറ്റുകളും മുഖ്യമന്ത്രിയുടെ ഭാര്യക്കുണ്ട്. രണ്ട് ലക്ഷം, 5 ലക്ഷം, 2.25 ലക്ഷം എന്നിങ്ങനെയാണ് ഫിക്സഡ് ഡിപ്പോസിറ്റുകളിലെ തുക. ഇത് കൂടാതെ 20 ഗ്രാം സ്വർണവും ത്രിപുര മുഖ്യമന്ത്രിയുടെ ഭാര്യക്കുണ്ട്.

മണിക് സർക്കാറിന് സ്വന്തമായുള്ളത് 432 സ്‌ക്വയർഫീറ്റ് ടിൻ ഷീറ്റ് അടിച്ച വീടാണ്. അതിന്റെ ഇപ്പോഴത്തെ മാർക്കറ്റ് വില 2,20,000 രൂപയേ വരികയുള്ളൂ. അമ്മ അഞ്ജലി സർക്കാരിൽ നിന്ന് ലഭിച്ചതാണത്. പാർട്ടി പ്രതിമാസം 5000 രൂപ അലവൻസ് നൽകും. അതും ഭാര്യയുടെ പെൻഷനും കൊണ്ടാണ് കുടുംബം കഴിയുന്നത്. ഒന്നര പതിറ്റാണ്ട് മുഖ്യമന്ത്രി പദത്തിലിരുന്നിട്ടും അഴിമതി എന്ന വാക്ക് മണിക് സർക്കാരിന്റെ പേരിനൊപ്പം ചേർത്തു പറയാൻ പ്രതിപക്ഷത്തെ ഒരു പാർട്ടിക്കും കഴിഞ്ഞിരുന്നില്ല.