തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടു കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരായ നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ.

കശാപ്പു നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരായ നിലപാടെടുത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കുന്ന കാര്യം പരിഗണിക്കണമെന്ന് മാണിക് സർക്കാർ പിണറായിയോട് ആവശ്യപ്പെട്ടു.

കന്നുകാലി കശാപ്പ് നിയന്ത്രണം സംബന്ധിച്ച് പിണറായി വിജയൻ അയച്ച കത്തിനുള്ള മറുപടിയിലാണ് മണിക് സർക്കാർ ഇക്കാര്യം പറയുന്നത്. നിലവിൽ കേന്ദ്രസർക്കാർ നയത്തിനെതിരെ സമാന ചിന്താഗതിയും ആശങ്കകളുമുള്ള ഒരുപാട് സംസ്ഥാനങ്ങളുണ്ട്.

കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധവും ഫെഡറൽ വിരുദ്ധവുമായ നീക്കങ്ങൾ നേരിടുന്നതിനെക്കുറിച്ചു ചർച്ച ചെയ്ത് പൊതു അഭിപ്രായം രൂപീകരിക്കാനും മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത് നന്നായിരിക്കുമെന്നും കത്തിൽ മാണിക് സർക്കാർ വ്യക്തമാക്കുന്നുണ്ട്.