അഗർത്തല: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്നതിനിടെ, അരലക്ഷം രൂപയ്ക്ക് കണ്ണട വാങ്ങിയ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ നടപടിയാണ് കേരളത്തിലെ ഏറ്റവും പുതിയ വിവാദം. സംസ്ഥാന സെക്രട്ടറിയുടെ മകന്റെ വിദേശത്തെ പണമിടപാടുകളും ചർച്ചാവിഷയമായി നിൽക്കുന്നു. കേരളത്തിലെ സിപിഎം. നേതാക്കൾ ഭരണത്തിന്റെ ശീതളച്ഛായയിൽ അഭിരമിക്കുമ്പോൾ, അങ്ങകലെ ത്രിപുരയെന്നൊരു ദേശത്ത് എന്തായിരിക്കണം കമ്യൂണിസ്റ്റ് എന്ന് ജീവിതം കൊണ്ട് പഠിപ്പിക്കുന്ന ഒരു നേതാവും ഈ പാർട്ടിക്കുണ്ട്.

ഇരുപതുവർഷമായി ത്രിപുരയുടെ മുഖ്യമന്ത്രിയാണ് മണിക് സർക്കാർ. ഫെബ്രുവരി 18-ന് ത്രിപുര വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ സംസ്ഥാനത്തെ പാർട്ടി വിശ്വസിക്കുന്നത് മണിക് സർക്കാരിന്റെ നേതൃപാടവത്തിലാണ്. ദിവസവും ഓടിനടന്ന് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ അദ്ദേഹം പ്രസംഗിക്കുന്നു. പ്രവർത്തകരുമായി നേരിട്ട് സംസാരിക്കുന്നു. എത്ര ദൂരെയാണെങ്കിലും എന്നും വൈകിട്ട് അഗർത്തലയിലെ പാർട്ടി ആസ്ഥാനത്ത് തിരിച്ചെത്തി നേതാക്കളുമായി ചർച്ച നടത്തുന്നു. രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയാണ് മണിക് സർക്കാർ. ത്രിപുരയെ ഇക്കാലയളവിനിടെ വികസനപന്ഥാവിലേക്ക് നയിച്ചെങ്കിലും, മണിക് ഒരു രൂപപോലും വഴിവിട്ട് സമ്പാദിച്ചിട്ടില്ല. മണിക് സർക്കാരിനോ ഭാര്യയ്‌ക്കോ സ്വന്തമായി വസ്തുക്കളോ കാറോ ഇല്ല. മുഖ്യമന്ത്രിയെന്ന നിലയിൽ ലഭിക്കുന്ന മുഴുവൻ ശമ്പളവും പാർട്ടിക്ക് സംഭാവന ചെയ്യുന്ന മണിക്, ജീവിക്കുന്നത് പാർട്ടി മാസം തോറും നൽകുന്ന 9000 രൂപയുടെ സ്റ്റൈപ്പൻഡുപയോഗിച്ചാണ്.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്ത മുഖ്യമന്ത്രി ആരാണ് എന്നു ചോദിച്ചാൽ സംശയമില്ലാതെ പറയാവുന്നൊരാൾ; മണിക് സർക്കാർ. ത്രിപുര മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാരിന് ഇതുവരെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടി വന്നിട്ടില്ല. അതിനുമാത്രം വരുമാനമില്ലെന്നതാണു സത്യം. 'മടിയിൽ കനമില്ലാത്ത' അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. ഇക്കുറി ആറാമതും ജനവിധി തേടുമ്പോൾ മണിക് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് വെറും 1520 രൂപയാണ് അദ്ദേഹത്തിന്റെ കൈയിലുള്ളത്. ബാങ്ക് അക്കൗണ്ടിൽ 2410 രൂപയാണ് ശേഷിക്കുന്നത്.

ഇത്തരം ലളിത ജീവിതം വാർത്തയാക്കുന്നതിനോടും മണിക് സർക്കാരിന് യോജിപ്പില്ല. തന്റെ സ്വകാര്യ ജീവിതത്തേക്കുറിച്ച് ചോദിക്കേണ്ടതില്ലെന്നാണ് ഇതേക്കുറിച്ചന്വേഷിക്കുന്ന വാർത്താ ലേഖകർക്ക് അദ്ദേഹം നൽകുന്ന മറുപടി. ഇക്കുറി തിരഞ്ഞെടുപ്പിൽ ബിജെപിയാണ് പാർട്ടിയുടെ മുഖ്യശത്രുവെന്ന് മണിക് പറയുന്നു. ത്രിപുരയിലും കേരളത്തിലുമുള്ള കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അവർ പ്രഖ്യാപിച്ചിരിക്കുന്നു. ചെറിയ ചെറിയ പാർട്ടികളെ വിഴുങ്ങിയാണ് ബിജെപി വരുന്നത്. കോൺഗ്രസ്സിനെയും വിലകുറച്ചുകാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സും എതിരാളികൾതന്നെ. എങ്കിലും ബിജെപിയുടെ വളർച്ചയാണ് രാജ്യത്ത് ഇടതുപക്ഷത്തിന് ഒരു ഉത്തേജനമായി മാറിയതെന്ന് അദ്ദേഹം പറയുന്നു.

പാവങ്ങൾക്കു നേട്ടമുണ്ടാക്കുന്ന വികസന പദ്ധതികളുടെ പേരിലാണ് ജനങ്ങൾക്കിടയിൽ മണിക് സർക്കാർ താരമാകുന്നത്. തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചാണ് ബിജെപി ത്രിപുരയിൽ മൽസരിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു. ത്രിപുര സ്വദേശീയ ജനമുന്നണി (ഐപിഎഫ്ടി) എന്ന തീവ്രസംഘടനയുമായി ചേർന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മൽസരിക്കാനൊരുങ്ങുന്നത്. ഗോത്രവിഭാഗങ്ങൾക്കു വേണ്ടി പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുന്നയിക്കുന്ന സംഘടനയാണ് ഐപിഎഫ്ടി. 60 മണ്ഡലങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ 51 ഇടങ്ങളിൽ മൽസരിക്കുക ബിജെപി സ്ഥാനാർത്ഥികളാണ്. ഒൻപതു സീറ്റുകളിൽ ഐപിഎഫ്ടിയും ജനവിധി തേടുന്നുണ്ട്. 51 എംഎൽഎമാരാണു ത്രിപുര നിയമസഭയിൽ ഇടതുമുന്നണിക്കു നിലവിലുള്ളത്. ബിജെപിക്ക് ഏഴും കോൺഗ്രസിന് രണ്ടും അംഗങ്ങളുണ്ട്. ഫെബ്രുവരി 18നാണ് ത്രിപുരയിൽ വോട്ടെടുപ്പ്. മാർച്ച് മൂന്നിനാണ് വോട്ടെണ്ണൽ.

1998 മാർച്ച് 11 മുതൽ ത്രിപുരയുടെ മുഖ്യമന്ത്രിയാണ് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മണിക് സർക്കാർ. ദക്ഷിണ ത്രിപുരയിലെ രാധാകിഷോർപൂരിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനനം. പിതാവ് അമുല്യ സർക്കാർ ഒരു തയ്യൽക്കാരനും മാതാവ് അഞ്ജലി സർക്കാർ സംസ്ഥാന ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥയുമായിരുന്നു. വിദ്യാഭ്യാസകാലത്ത് തന്നെ മാണിക് സർക്കാർ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. ത്രിപുരയിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായ എം.ബി.ബി കോളേജിൽ, എസ്.എഫ്.ഐ പ്രതിനിധിയായി ജനറൽ സെക്രട്ടറി പദത്തിലെത്തിയ അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ എസ്.എഫ്.ഐ-യുടെ സംസ്ഥാന കമ്മറ്റി സെക്രട്ടറിയായും തുടർന്ന് അഖിലേന്ത്യാ കമ്മറ്റി വൈസ്-പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. കൊൽക്കത്ത സർവ്വകലാശാലയിൽ നിന്നും കൊമേഴ്സിൽ ബിരുദം നേടിയ അദ്ദേഹം 1972-ൽ സിപിഐ (എം) സംസ്ഥാന കമ്മറ്റി അംഗമായും 1978-ൽ സംസ്ഥാന സെക്രട്ടിയേറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ പാർട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗമായി. 1993-ൽ മൂന്നാം വട്ടം ഇടതുപക്ഷം സംസ്ഥാനഭരണത്തിലെത്തിയ കാലയളവിൽ മാണിക് സർക്കാർ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായും ഇടതുപക്ഷ മുന്നണിയുടെ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു.

1980ലെ ഉപതെരഞ്ഞെടുപ്പിൽ അഗർത്തല നഗരം നിയമസഭാ മണ്ഡലത്തിലെ മത്സരവിജയത്തോടു കൂടിയാണ് അദ്ദേഹത്തിന്റെ നിയമസഭാ ജീവിതം ആരംഭിക്കുന്നത്.പ 1998ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ത്രിപുരയിലെ ധൻബാദ് നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി നാമനിർദ്ദേശം ചെയ്തു. മുന്മുഖ്യമന്ത്രിയായിരുന്ന ദശരഥ് ദേബ് അനാരോഗ്യം കാരണം മത്സരിക്കാതിരുന്നതും മറ്റൊരു നേതാവും മുൻ സഹമുഖ്യമന്ത്രിയുമായിരുന്ന ബൈദ്യനാഥ് മജൂംദാർ അനാരോഗ്യ കാരണത്താൽ തന്നെ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുവാൻ വിസമ്മതിച്ചതുമായ സാഹചര്യത്തിലാണ് നാല്പത്തൊൻപത് വയസ്സുകാരനായിരുന്ന മാണിക് സർക്കാർ സംസ്ഥാനഭരണത്തിന് നേതൃത്വം നൽകുവാൻ നിയോഗിതനായത്. 1998 മാർച്ച് 11-ന് സംസ്ഥാനത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തപ്പോൾ അതു വരെയുള്ളതിൽ വെച്ചേറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.

ഒന്നിലേറെ തവണ അധികാരത്തിലിരുന്ന മാണിക് സർക്കാരിന്റെ കുറഞ്ഞ സാമ്പത്തിക സ്ഥിതി വാർത്താ പ്രാധാന്യം നേടിയിരുന്നു. 2008-ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധമായി സ്വത്തു വിവരം ബോധിപ്പിച്ചു കൊണ്ട് സമർപ്പിച്ച സത്യവാങ്മൂലപ്രകാരം വസ്തുവോ ഭവനമോ വാഹനമോ സ്വന്തമായില്ലാത്ത അദ്ദേഹത്തിന് 13,920 രൂപ മാത്രമാണ് ബാങ്ക് നിക്ഷേപമായുണ്ടായിരുന്നത്. 2018ലും ഇതിൽ വലിയ മാറ്റമില്ല.