ന്യൂഡൽഹി: കോട്ടയം സ്വദേശിയും വ്യോമസേനയിൽ എയർ വൈസ് മാർഷലുമായ ബി. മണികണ്ഠന് എയർ മാർഷലായി സ്ഥാനക്കയറ്റം കിട്ടുമ്പോൾ ആഹ്ലാദത്തിലാകുന്നത് ഈ അമ്മ. നിലവിൽ ന്യൂഡൽഹിയിലെ ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ്(എസിഐഡിഎസ്) ആയി പ്രവർത്തിക്കുകയായിരുന്നു എയർ വൈസ് മാർഷൽ മണികണ്ഠൻ. എയർമാർഷലാകുന്ന മൂന്നാമത്തെ മലയാളിയാണ് മണികണ്ഠൻ. വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രിയങ്കരനായ 'കുട്ട'ന്റെ ഉയരങ്ങളിലേക്കുള്ള കുതിപ്പിൽ അഭിമാനിക്കുകയാണ് കോട്ടയത്തെ തിരുവാർപ്പ് എന്ന ഗ്രാമവും.

''അമ്മേ എനിക്ക് പ്രൊമോഷനായി'' വ്യോമസേനയിൽ എയർ മാർഷലായി നിയമിതനാകുന്ന വിവരം തിരുവാർപ്പിലെ വീട്ടിലേക്ക് വിളിച്ച് അമ്മ ലക്ഷ്മിക്കുട്ടിയമ്മയോട് പറഞ്ഞത് മകൻ തന്നെയായിരുന്നു. ''സൈനികസ്‌കൂളിൽ പ്രവേശനം കിട്ടി അവൻ പോകുമ്പോഴത്തെ മുഖമായിരുന്നു അപ്പോൾ എന്റെ മനസ്സിൽ; അന്ന് വലിയ വിഷമമായിരുന്നു. ഇപ്പോൾ അവൻ രാജ്യത്തിന്റെ മകനായി''- ലക്ഷ്മിക്കുട്ടിയമ്മ മകനെ ഓർത്ത് അഭിമാനിക്കുകയാണ്.

'' രാത്രിയാണ് കുട്ടൻ വിളിച്ചു പറഞ്ഞത്. കണ്ണു നിറഞ്ഞു.'' അമ്മയുടെ വാക്കുകളിൽ സന്തോഷം. പത്രപരസ്യം കണ്ടാണ് പത്തു വയസുകാരൻ മണികണ്ഠനെ കഴക്കൂട്ടം സൈനിക സ്‌കൂളിൽ ചേർത്തത്. പൂണെ നാഷണൽ ഡിഫൻസ് അക്കാഡമിയിലായിരുന്നു തുടർപഠനം.19-ാം വയസിൽ വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റായി. കരയ്ക്കുള്ള ജോലി പോരെ കുട്ടാ എന്ന ചോദ്യത്തിന് റോഡിലൂടെ പോയാലും മരിക്കില്ലേ എന്ന മറുപടിക്ക് മുന്നിൽ അമ്മ മറുത്തൊന്നും പറഞ്ഞില്ല. തിരുവാർപ്പ് ക്ഷേത്രോത്സവത്തിന് വരുമെന്ന് ഉറപ്പ് തന്നിട്ടുണ്ടെന്ന് ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു.

മലപ്പുറം അരീക്കോട് എസ്.ഒ.എച്ച്.എസ്. റിട്ട. അദ്ധ്യാപകൻ തിരുവാർപ്പ് രേവതിയിൽ ബാലകൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് ബി. മണികണ്ഠൻ. വ്യോമസേനാ മേധാവിയുടെ തൊട്ടുതാഴെയുള്ള പദവിയാണിത്. നിലവിൽ എയർ വൈസ്മാർഷലാണ് 55 കാരനായ മണികണ്ഠൻ. ജൂലായ് പത്തിനാണ് നാട്ടിൽ വന്നുമടങ്ങിയത്.

അഞ്ചാംക്ലാസുവരെ തിരുവാർപ്പ് ഗവ. യു.പി. സ്‌കൂളിലായിരുന്നു പഠനം. പിന്നീട് കഴക്കൂട്ടം സൈനിക സ്‌കൂളിൽ. പുണെ നാഷണൽ ഡിഫൻസ് അക്കാദമിയിലും പഠിച്ചു. തുടർന്ന് എയർഫോഴ്സ് അക്കാദമിയിൽ പരിശീലനം. ഹെലികോപ്ടർ പൈലറ്റായി ജോലി തുടങ്ങി. 36 വർഷത്തെ സേവനത്തിനിടെ 5400 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ എൽ.ടി.ടി.ഇ.ക്കെതിരായ സൈനിക നടപടിയിലും, സിയാച്ചിനിലെ ഓപ്പറേഷൻ മേഘ്ദൂതിലും പങ്കെടുത്തിട്ടുണ്ട്. 2006-ൽ വായുസേനാമെഡലും 2017-ൽ അതിവിശിഷ്ടസേവാ മെഡലും ലഭിച്ചു. ഭാര്യ: നിർമല ടുടക്നെ വ്യോമസേനയിൽ ഡോക്ടറായിരുന്നു. മക്കൾ: അസ്തൃത്, അഭിശ്രീ. സഹോദരൻ അജിത്ബാബു സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥൻ.

പഠനം പൂർത്തിയാക്കി 1986 ജൂണിലാണ് വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റായി കമ്മിഷൻ ചെയ്തത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് കോംഗോയിൽ യുഎൻ ദൗത്യസേനയിലും അംഗമായിരുന്നു. ബംറോളിയിലേ വ്യോമസേനാ സ്റ്റേഷനുകളുടെ കമാൻഡറായും വ്യോമസേനാ ആസ്ഥാനത്തും നാഗ്പൂരിലെ മെയ്ന്റനൻസ് കമാൻഡിലും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.