ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തിനായി മണിപ്പൂർ ബിജെപിയിൽ പോര് മുറുകിയതോടെ സംസ്ഥാന അധ്യക്ഷയെ അടക്കം മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. കാവൽ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന് പുറമെ മുതിർന്ന നേതാവ് തോങം ബിശ്വജിത് സിങ് കൂടി മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ചതാണ് തർക്കത്തിലേക്ക് വഴിവെച്ചത്.

സർക്കാർ രൂപീകരണത്തിനായി ബിജെപി നേരത്തെ കേന്ദ്ര മന്ത്രിമാരായ നിർമലാ സീതാരാമനേയും കിരൺ റിജ്ജുവിനേയും മണിപ്പൂരിലെ നിരീക്ഷകരായി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അധികാര തർക്കം പരിഹരിക്കാനാകാതെ വന്നതോടെയാണ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.

ബിരേൺ സിങ്, ബിശ്വജിത് സിങ് എന്നിവർക്ക് പുറമെ ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദ ദേവിയേയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്കായി ബിരേൺ സിങ് തിങ്കളാഴ്ച വൈകുന്നേരം ചായ സത്കാരം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. മൂന്നിലൊന്ന് എംഎൽഎമാർ മാത്രമാണ് ബിരേൻ സിങിന്റെ ചായ സത്കാരത്തിൽ പങ്കെടുത്തതെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കൾ പറയുന്നത്. 25-ൽ കൂടുതൽ പേർ പങ്കെടുത്തുവെന്ന് ബിരേൻ സിങ് അനുഭാവികളും അവകാശപ്പെടുന്നു. മണിപ്പൂരിൽ ബിജെപിക്ക് ആകെ 32 എംഎൽഎമാരാണ് ഉള്ളത്

തൃണമൂൽ കോൺഗ്രസിൽ നിന്നാണ് ബിശ്വജിത് സിങ് ബിജെപിയിലേക്കെത്തിയത്. 2012-ൽ തൃണമൂൽ ടിക്കറ്റിൽ മത്സരിച്ച് ജയിച്ച അദ്ദേഹം ബിജെപിയിൽ ചേരുകയും 2015-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയിക്കുകയുമുണ്ടായി. 2017-ലും തൊങ്ജു മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ബിശ്വജിത് സിങ് ബിരേൻ സിങ് സർക്കാരിൽ പി.ഡബ്ല്യു.ഡി മന്ത്രിയായിരുന്നു. ബിരേൻ സിങിനെ തന്നെ ഇത്തവണയും മുഖ്യമന്ത്രിയാക്കാനായിരുന്നു ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

പഴയ ഫുട്‌ബോള് കളിക്കാരനും മാധ്യമപ്രവർത്തകനുമായ എൻ. ബീരേൻ സിങ് ഡമോക്രാറ്റിക് റവല്യൂഷണറി പീപ്പിൾസ് പാർട്ടിയിലൂടെ 2002ൽ ആണ് രാഷ്ട്രീയത്തിലെത്തിയത്. 2003ൽ ത്തന്നെ പാർട്ടി മാറി കോൺഗ്രസിലെത്തി, മന്ത്രിയായി. 2016 വരെ പല തവണ മന്ത്രിയായി കോൺഗ്രസിൽ തുടർന്നു.

2016 ഒക്ടോബറിൽ ബിജെപിയിൽ ചേർന്ന ബീരേൻ സിങ് സീറ്റുകളുടെ എണ്ണം കുറവാണെങ്കിലും ബിജെപിയെ 2017ൽ മണിപ്പൂരിൽ ഭരണത്തിലെത്തുന്നതിൽ സഹായിച്ചു. അറുപത് അംഗ നിയമസഭയിൽ, അന്ന് 28 സീറ്റ് നേടി കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറു പാർട്ടികളുടേയും സ്വതന്ത്രരുടേയും പിന്തുണ ഉറപ്പാക്കി ഭരണം പിടിച്ച ബിജെപി ബീരേൻ സിങിനെ മുഖ്യമന്ത്രിയാക്കി. കോൺഗ്രസിലെ പ്രധാന നേതാക്കളെയെല്ലാം അഞ്ച് വർഷത്തിനിടെ ബിജെപിയിലെത്തിച്ച ബീരേൻ സിങ് പുതിയ പാർട്ടിയോട് കൂറ് പുലർത്തി.

എന്നാൽ കോൺഗ്രസ് വിട്ട് എത്തിയ നിരവധി പേർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയതോടെ വലിയ പ്രതിഷേധമാണ് ബീരേൻ സിങ് നേരിട്ടത്. അന്ന് ബിജെപി കൊടികൾ പ്രവർത്തകർ തെരുവിൽ കത്തിച്ചു. പാർട്ടി ഓഫീസുകൾ അക്രമിച്ചു. എങ്കിലും 32 സീറ്റ് നേടി ബീരേൻ സിങ്ങിന്റെ നേതൃത്വത്തിൽ ബിജെപി തുടർ ഭരണം നേടി. ജെഡിയുവും സ്വതന്ത്ര അംഗവും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

വീണ്ടും മുഖ്യമന്ത്രിയാകാം എന്ന് ബീരേൻ സിങ് സ്വപ്നം കണ്ട് തുടങ്ങിയതിനിടെയാണ് തൊൻഗം ബിശ്വജിത്ത് സിങ് ചരടുവലി ശക്തമാക്കിയത്. 60 അംഗ മണിപ്പൂർ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടുണ്ട്.