- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പൂരിൽ 60 സീറ്റിലും ബിജെപി മത്സരിക്കും; സ്ഥാനാർത്ഥി പട്ടികയിൽ 10 മുൻ കോൺഗ്രസ് നേതാക്കൾ; മൂന്ന് വനിതകളും ഒരു മുസ്‌ലിം സ്ഥാനാർത്ഥിയും; മുഖ്യമന്ത്രി ബിരെൻ സിങ് ജനവിധി തേടുക ഹെനിങ്ഗാങ് മണ്ഡലത്തിൽ
ഇംഫാൽ: മണിപ്പൂരിൽ 60 നിയമസഭാ സീറ്റിലും മത്സരിക്കുമെന്ന് ബിജെപി. മുഴുവൻ സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എൻ ബിരെൻ സിങ് ഇത്തവണയും ഹെനിങ്ഗാങ് മണ്ഡലത്തിൽ നിന്നും ജനവിധി തേടും.
മുൻ ഫുട്ബോൾ താരവും ചർച്ചിൽ ബ്രദേഴ്സ് ക്യാപ്റ്റനുമായിരുന്ന സോമതായ് ഷായ്സ ഉഖ്റുവിൽ മത്സരിക്കും. മുഖ്യമന്ത്രിയുടെ വിശ്വസ്തരിൽ മിക്കവർക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. അതേസമയം ആകെ മൂന്നു സ്ത്രീകൾ മാത്രമാണ് പട്ടികയിൽ ഇടം നേടിയത്.
ഞായറാഴ്ചയാണ് മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപി ഭരണം നിലനിർത്താൻ ഒരുങ്ങുന്നത്. അതേസമയം, ബിജെപി പട്ടികയിലെ 10 പേർ ഈയിടെ കോൺഗ്രസിൽനിന്ന് രാജിവെച്ച് എത്തിയ നേതാക്കളാണ്. 16 എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നിട്ടുള്ളത്.
ബിജെപി പട്ടികയിൽ മൂന്ന് വനിതകളും ഒരു മുസ്‌ലിം സ്ഥാനാർത്ഥിയും ഇടംപിടിച്ചിട്ടുണ്ട്. ബിജെപിയിൽ ചേർന്ന മുൻ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദാസ് കോന്തൗജത്തിനും മത്സരിക്കാൻ സീറ്റ് ലഭിച്ചു.
കഴിഞ്ഞയാഴ്ച കോൺഗ്രസ് 40 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ തർക്കങ്ങളാണ് പാർട്ടിയിൽ രൂപപ്പെട്ടിട്ടുള്ളത്. സീറ്റ് കിട്ടാത്ത പലരും നേതൃസ്ഥാനങ്ങളിൽനിന്ന് രാജിവെച്ചിട്ടുണ്ട്. മന്ത്രിയും പ്രധാന ബിജെപി നേതാവുമായ ബിശ്വജിത് സിങ് തോങ്ജുവിൽനിന്ന് മത്സരിക്കും. .
'60 സീറ്റുകളിലും ബിജെപി മത്സരിക്കുകയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുകയും ചെയ്യും. മണിപ്പൂരിന് സുസ്ഥിരമായ ഒരു സർക്കാർ ലഭിക്കുമെന്ന് മോദി സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. പ്രദേശത്തിന്റെ വികസനവും സമാധാനവും ഉറപ്പാക്കുന്നത് തുടരും' -ബിജെപിയുടെ മണിപ്പൂർ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഭൂപേന്ദ്ര യാദവ് പറഞ്ഞു.
മണിപ്പൂരിൽ നിലവിൽ ബിജെപി നേതൃത്വത്തിലുള്ള എൻ.ഡി.എ ആണ് ഭരിക്കുന്നത്. ബിജെപിക്ക് 30, നാഷണൽ പീപ്പിൾസ് പാർട്ടിക്ക് മൂന്ന്, നാഗാ പീപ്പിൾസ് ഫ്രണ്ട് നാല് എന്നിങ്ങനെയാണ് സീറ്റ് നില. മൂന്ന് സ്വതന്ത്രരും സർക്കാറിനൊപ്പമുണ്ട്.
മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ഇക്കുറി കോൺഗ്രസിന്റെ പോരാട്ടം. സിപിഐ, സിപിഎം, ജനതാദൾ, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുമായാണ് കോൺഗ്രസ് സഖ്യമുണ്ടാക്കിയത്. തെരഞ്ഞെടുപ്പിന് ശേഷം മതേതര സർക്കാർ രൂപീകരിക്കാനുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചുവെന്ന് മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
മണിപ്പൂരിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 27നാണ് ആദ്യഘട്ടം. മാർച്ച് മൂന്നിന് രണ്ടാം ഘട്ടവും നടക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ.




