ത്രപ്രവർത്തനത്തിലൂടെ പൊതുസേവനം തുടങ്ങി പിന്നീട് വിവരാവകാശ, അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ഡൽഹി സർക്കാരിലെ രണ്ടാം സ്ഥാനത്തു വരെ എത്തിയ മനീഷ് സിസോദിയ ഡൽഹിയുടെ രാഷ്ടീയ ചിത്രത്തിലേക്ക് കടന്നു വന്നത് വളരെ ദൂരം സഞ്ചരിച്ചാണ്. എല്ലാ ഘട്ടങ്ങളിലും കെജ്‌രിവാളിനൊപ്പം പാറപോലെ ഉറച്ചു നിന്നാണ് മൃദുഭാഷിയും എഎപി പ്രവർത്തകർക്കിടയിൽ പ്രിയങ്കരുമായ സിസോദിയ ഡൽഹിയുടെ പ്രഥമ ഉപമുഖ്യന്ത്രി പദം വരെ എത്തിയത്.

എഴുത്തുകാരനായും റേഡിയോ അവതാരകനായും ചാനലിൽ പ്രൊഡ്യൂസറായും പിന്നീട് ആക്ടിവിസ്റ്റായും വിവിധ വേഷങ്ങൾ കൈകാര്യം ചെയ്ത സിസോദിയ വിദ്യാഭ്യാസം, നഗര വികസനം, പൊതുമരാമത്ത് തുടങ്ങി ഡൽഹിയെ സംബന്ധിച്ചിടത്തോളം സുപ്രധാന വകുപ്പുകളാണ് കൈകാര്യം ചെയ്യുക. 49 ദിവസങ്ങൾ മത്രം നീണ്ട മുൻ എഎപി സർക്കാരിലും ഈ വകുപ്പുകൾ തന്നെയായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്. ഭരണ സംവിധാനങ്ങളിൽ അടിമുടി മാറ്റം കൊണ്ടു വരാനുള്ള ശ്രമങ്ങളിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഡൽഹിയിലെ എഎപി സർക്കാരിനെ ശരിക്കും നയിക്കുക സിസോദിയ ആയിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

'മുഖ്യമന്ത്രിയുടെ ജോലി വകുപ്പുകൾ നോക്കി നടത്തുക മാത്രമയിരിക്കില്ല. ഭരണത്തിൽ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരാനായിരിക്കും അദ്ദേഹം പ്രവർത്തിക്കുക,' ഉപമുഖ്യമന്ത്രിയായി ചുമലയേറ്റ ശേഷം സിസോദിയ പറഞ്ഞതാണിത്. അതു കൊണ്ടായിരിക്കാം ഡൽഹി സർക്കാരിലെ സുപ്രധാന വകുപ്പുകൾ സിസോദിക്കു ലഭിച്ചിരിക്കുക. ഉത്തരപ്രദേശിലെ ഹപൂർ ജില്ലയിൽ ഒരു അദ്ധ്യാപകന്റെ മകനായി ജനിച്ച ഈ 43-കാരൻ ധനകാര്യം, ആസൂത്രണം, റെവന്യൂ എന്നിവ കൂടാതെ മറ്റാരും വഹിക്കാത്ത ബാക്കിയുള്ള എല്ലാ വകുപ്പുകളുടെ ചുമതലയും കൂടി വഹിക്കുന്നുണ്ട്. എഎപിയുടെ വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ നടപ്പിലാക്കേണ്ട ഉത്തരവാദിത്തവും ഇപ്പോൾ സിസോദിയയുടെ ചുമലിലാണ്.

ആൾക്കൂട്ട രാഷ്ട്രീയമെന്ന് എഎപിയെ വിമർശകർ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും സിസോദിയയുടെ രാഷ്ട്രീയം ആൾക്കൂട്ടത്തിന്റെ വികാരങ്ങളിൽ നിന്നു പൊട്ടിമുളച്ചതല്ല. ഗാന്ധിയൻ തത്വങ്ങൾ പിന്തുടരുന്ന സാമൂഹിക ക്ഷേമ രാഷ്ട്രീയമാണ് സിസോദിയയുടേത്. 'ഞാൻ രാഷ്ട്രീയക്കാരനോ എഴുത്തുകാരനോ ആക്ടിവിസ്റ്റോ, പത്രപ്രവർത്തകനോ ആരാണെന്ന് എനിക്കുറപ്പില്ല. പക്ഷേ ഞാൻ ഇന്ത്യക്കാരനാണ്. ഞാൻ ഗാന്ധിയെ ഇഷ്ടപ്പെടുന്നു. കാരണം അദ്ദേഹം തന്റെ സ്വത്വത്തിനും അപ്പുറം വളർന്നയാളാണ്,' സിസോദിയ തന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു.

പാർട്ടിയുടെ എല്ലാ നീക്കങ്ങളിലും തീരുമാനങ്ങളിലും കെജ്‌രിവാളിന്റെ വലംകയ്യും വിശ്വസ്ഥനുമായ സിസോദിയയുടെ സൂക്ഷ്മ കാര്യ നിർവഹണ ശേഷിയുടെ കയ്യൊപ്പുണ്ട്. ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമ നേടിയ സിസോദിയ മികച്ച ഒരു ഡോക്യുമെന്ററി ഫിലിം മേക്കർ കൂടിയാണ്. 1997 മുതൽ 2005 വരെ ന്യൂസ് പ്രൊഡ്യൂസറായും വാർത്താ അവതാരകനായും അദ്ദേഹം പ്രവർത്തിച്ചു. കെജ്‌രിവാളിനൊപ്പം കബിർ, പരിവർത്തൻ എന്നീ എൻ ജി ഒകൾ സ്ഥാപിക്കുന്നതിലും സിസോദിയ പങ്കാളിയായിരുന്നു. പിന്നീട് ജേണലിസം വിട്ട് വിവരാവകാശ നിയമത്തിനു വേണ്ടിയുള്ള പേരാട്ടത്തിനായി രംഗത്തിറങ്ങുകയായിരുന്നു. കെജ്‌രിവാളിനെ പോലെ തന്നെ വിവരാവകാശ നിയമം കൊണ്ടുവരുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളിൽ അദ്ദേഹവും പങ്കാളിയായി. പിന്നീട് ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ എന്ന അഴിമതി വിരുദ്ധ കൂട്ടായ്മയിലൂടെയാണ് കൂടുതൽ പൊതുജന ശ്രദ്ധ നേടിയത്.

ജന ലോക്പാൽ സമരത്തിന്റെ നേതൃനിരയിലും കരട് ലോക്പാൽ നിയമം ഉണ്ടാക്കുന്നതിലും സിസോദിയ നല്ല പങ്കുവഹിച്ചു. അണ്ണ ഹാസാരെ സമരകാലത്ത് അറസ്റ്റിലായ സിസോദിയ ഹസാരെയോടൊപ്പം ജയിലിലും കിടന്നിട്ടുണ്ട്. ഒടുവിൽ കെജ്‌രിവാൾ ആം ആദ്മി പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചപ്പോഴും സിസോദിയ പൂർണ പിന്തുണയുമായി അദ്ദേഹത്തോടൊപ്പം നിന്നു. പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ സിസോദിയ പാർട്ടി നയരൂപീകരണ സമിതിയായ പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി അംഗവും കൂടിയാണ്. രണ്ടാം തവണയും നിയമസഭയിലെത്തിയ സിസോദിയ പ്രതാപ്ഗഞ്ച് മണ്ഡലത്തിൽ ബിജെപിയിലേക്കു കൂടുമാറിയ മുൻ എഎപി എം എൽ എ വിനോദ് കുമാർ ബിന്നയെയാണ് ഇത്തവണ തോൽപ്പിച്ചത്.