തിരുവനന്തപുരം: നവോത്ഥാന മതിൽ സ്ത്രീ പുരുഷ സമത്വത്തിനാണെന്ന് വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കാൻ മനിതിയുടെ പ്രവർത്തകർ കേരളത്തിലേക്ക് തിരിച്ചുവെന്നാണ് സൂചന. ചെന്നൈയിൽ നിന്ന് തീവണ്ടി മാർഗ്ഗം ഇവരെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മധുര വഴി റോഡുമാർഗം മനിതിയുടെ പ്രവർത്തകർ ശബരിമലയിലേക്ക് തിരിച്ചുവെന്നാണ് സൂചന. ഇതോടെ ഇവരുടെ വരവിൽ സംസ്ഥാന സർക്കാരിന് സർവ്വത്ര ആശയക്കുഴപ്പമായി. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള അതിർത്തിയിലെല്ലാം ശബരിമല കർമ്മ സമിതി നിരീക്ഷണം നടത്തുന്നുണ്ട്. യുവതികളെത്തിയാൽ തടയാനാണ് അവരുടെ തീരുമാനം. തിരുവനന്തപുരത്തും പാലക്കാടും ഭക്തരുടെ നേതൃത്വത്തിൽ നിരീക്ഷണമുണ്ട്. കോട്ടയത്തും ചെങ്ങന്നൂരും പരിവാറുകാരും നിരീക്ഷണം ശക്തമാക്കി. ഇതോടെ മനിതി പ്രവർത്തകരെത്തിയാൽ എന്ത് സംഭവിക്കുമെന്ന് അറിയാതെ ആശങ്കയിലാവുകയാണ് കേരളാ പൊലീസ്.

മധുര വഴിയാണ് ഇവർ യാത്ര പുറപ്പെട്ടത്. മാട്ടുത്താവണി എന്ന സ്ഥലത്ത് എത്തിയപ്പോൾ തന്നെ എട്ട് പേരെടങ്ങുന്ന സംഘത്തെ ഹിന്ദു മുന്നണി പ്രവർത്തകർ തടഞ്ഞു. ഇത് വലിയ സംഘർഷമുണ്ടാക്കി. പൊലീസ് എത്തിയാണ് എട്ടു പേരെയും രക്ഷിച്ചത്. അതിന് ശേഷം അവർ രഹസ്യ കേന്ദ്രത്തിലേക്ക് പോയി. മനിതി പ്രവർത്തകരുടെ മൊബൈലും സ്വിച്ച് ഓഫാണ്. ചെന്നൈ സ്റ്റേഷനിൽ നിന്ന് തീവണ്ടിയിൽ കോട്ടയത്ത് എത്തുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ് ഇവർ യാത്ര സ്വകാര്യ വാഹനത്തിൽ ആക്കിയെന്നാണ് സൂചന. മധുരിയിൽ നിന്ന് നാഗർകോവിലിലെത്തി പത്തനംതിട്ട വഴി നിലയ്ക്കലിൽ എത്താനാണ് പദ്ധതി. ചെങ്ങന്നൂരും കോട്ടയത്തും പാലക്കാടും ശബരിമല കർമ്മസമിതിക്കാർ പ്രതിഷേധിക്കാൻ തയ്യാറായി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇത് പിണറായി സർക്കാരിനേയും വെട്ടിലാക്കും.

മനിതി സംഘടനയക്ക് ദർശനത്തിന് എല്ലാ വിധ സംരക്ഷണവും ഒരുക്കാമെന്നാണ് പൊലീസ് അവരെ അറിയിച്ചിട്ടുള്ളത്. കേരളത്തിലെ ചില സംഘനടകളുടെ പിന്തുണയും അവർക്കുണ്ട്. ഇടത് ആശയങ്ങളുടെ സംരക്ഷകരായ ഈ സംഘടനകൾ ശബരിമലയിലെ പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ പോരടിക്കുന്നവരാണ്. അതുകൊണ്ട് തന്നെ മനിതി പ്രവർത്തകർ ഒരു കാരണവശാലും ശബരിമല ദർശന ആവശ്യത്തിൽ നിന്ന് പിന്മറാൻ ഇടയില്ല. ഇത് പൊലീസിന് തീരാതലവേദനയാകും. അതീവ രഹസ്യമായി നിലയ്ക്കലിൽ ഇവരെത്തിയാൽ ഇവരെ മലചവിട്ടാൻ അനുവദിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറും. ഇത് സന്നിധാനത്തെ വീണ്ടും സംഘർഷഭൂമിയാക്കും. യുവതികളെ തടയാൻ സന്നിധാനത്ത് ഭക്തർ തമ്പടിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

യുവതികളുൾപ്പെടെ നാൽപ്പതോളം പേരാണ് അയ്യപ്പ ദർശനത്തിനെത്തുന്നത്. ചിലർ അഞ്ച് ദിവസം മുമ്പ് മാലയിട്ടു. മറ്റു ചിലർ പമ്പയിൽ നിന്നു മാലയിടും. പക്ഷേ എല്ലാവരും വ്രതത്തിലാണ്. പൊലീസ് സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് മനിതി ഭാരവാഹികൾക്ക് നേരത്തെ ഉറപ്പു നൽകിയിട്ടുണ്ട്. യാത്രാവിവരങ്ങൾ രഹസ്യമാണ്. ശബരിമലയിലേക്ക് സ്ത്രീകളെ എത്തിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മനിതി വനിത കൂട്ടായ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തിൽ നാൽപ്പതോളം സ്ത്രീകളാണ് ശബരിമയിലെത്തുന്നത്.

പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം ലഭിക്കുന്നത് വരെ ശ്രമം തുടരും. സുരക്ഷ ഒരുക്കാമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെന്ന് മനിതി കോർഡിനേറ്റർ സെൽവി പറഞ്ഞിരുന്നു. ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് പതിനാലു വയസുള്ള പെൺകുട്ടിയടക്കം പതിനഞ്ചുപേർ. ഒഡിഷ,കർണാടക,മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിൽ നിന്നും ഇരുപത്തിയഞ്ചോളം പേരാണ് എത്തുക. വയനാട്ടിൽ നിന്നടക്കം ഇരുപത്തിയഞ്ചോളം യുവതികൾ ഞയറാഴ്‌ച്ച രാവിലെ എട്ട് മണിയോടെ കോട്ടയത്ത് എത്തിചേരുമെന്നും മനിതി സംഘടനാ കോർഡിനേറ്റർ പറഞ്ഞു.

സീസണിൽ ഏറ്റവും കൂടുതൽ പേർ മല ചവിട്ടിയത് ഇന്നലെയാണ്. അവധി ദിനങ്ങൾ വരുന്നതിനാൽ മലയാളി തീർത്ഥാടകരുടെ എണ്ണവും കൂടിയിട്ടുണ്ട്. ' നവോത്ഥാനകേരളം ശബരിമലയിലേക്ക് ' എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെയാണ് യുവതികൾ ഉൾപ്പെടുന്ന ആക്ടിവിസ്റ്റുകളെ സംഘടിപ്പിച്ചതെന്നാണ് പരിവാറുകാർ ആരോപിക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതികൾ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് സംഘടിത ശ്രമവുമായി ചിലർ രംഗത്ത് എത്തിയത്. ഒറ്റപ്പെട്ട യുവതി പ്രവേശനം പോലും സംഘർഷാന്തരീക്ഷം സൃഷ്ടിച്ച സാഹചര്യത്തിൽ ഇതുവരെ കണ്ടതിനേക്കാൾ വലിയ ഒരു പ്രശ്‌നമാണ് ശബരിമല കാണാനിരിക്കുന്നതെന്ന് പരിവാറുകാരും പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമലയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ കേരളത്തിൽ ഒരിടത്ത് ഒത്തു ചേർന്ന ശേഷം അവിടെ നിന്നും പമ്പയിലെത്തി മാലയിട്ട് മലയിലേക്ക് പോകാനാണ് തീരുമാനം. കേരളത്തിൽ നിന്ന് ഒരുസംഘം പുരുഷന്മാരും പിന്തുണ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി പുറത്തു വന്നെങ്കിലും ഭക്തരുടെയും ഹിന്ദു സംഘടനകളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് മണ്ഡലകാലം തുടങ്ങിയിട്ട് ഇതുവരെ യുവതീപ്രവേശനം ശബരിമലയിൽ സാധ്യമായിട്ടില്ല. ഇത്തരം ശ്രമങ്ങളുമായി തൃപ്തിദേശായി ഉൾപ്പെടെ ഒട്ടേറെ യുവതികൾ എത്തിയെങ്കിലും ശക്തമായ എതിർപ്പിനെ തുടർന്ന് സന്നിധാനത്തേക്ക് എത്താൻ കഴിയാതെ മടങ്ങുകയായിരുന്നു.

സംഘർഷ സമാനമായ സാഹചര്യം ഉടലെടുത്ത സാഹചര്യത്തിൽ പിന്നീട് ഇത്തരം ശ്രമം നടത്തി എത്തിയവരെ പൊലീസ് തന്നെ ബോധവൽക്കരിച്ചു മടക്കുകയും ചെയ്തിരുന്നു.