പത്തനംതിട്ട: പ്രതിഷേധങ്ങളെ തുടർന്ന് ശബരിമലയിൽ ദർശനം നടത്താൻ ആവാതെ മടങ്ങിയ മനിതി സംഘത്തിന് നേരെ ആക്രമണം. തേനി-മധുര ദേശീയ പാതയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകർന്നു. തമിഴ്‌നാട് പൊലീസിന്റെ സംരക്ഷണയിലാണ് സംഘം മടങ്ങിയത്.

അതേസമയം ശബരിമല ദർശനത്തിനായി എത്തിയ മനിതി സംഘത്തിലെ മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചു. ഞായറാഴ്‌ച്ച രാവിലെ പമ്പയിൽ എത്തിയ മനിതി സംഘത്തിനൊപ്പം ചേരാനെത്തിയവരെയാണ് പത്തനംതിട്ട പൊലീസ് മടക്കി അയച്ചത്. മുത്തുലക്ഷമി, യാത്ര, വസുമതി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇന്നലെ ചെന്നൈയിൽ നിന്നും ബസ് മാർഗ്ഗം പുറപ്പെട്ട ഇവർ ഞായറാഴ്‌ച്ച ഉച്ചയോടെ കോട്ടയത്ത് എത്തി. അവിടെ നിന്നും പാമ്പാടി സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ യുവതികളെ പത്തനംതിട്ട വനിതാ പൊലീസ് സെല്ലിൽ എത്തിച്ചു. ശബരിമലയിലെ സ്ഥിതിഗതികൾ പൊലീസ് ഇവരെ ധരിപ്പിക്കുകയും സെൽവി മടങ്ങിയ വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് തങ്ങളും നാട്ടിലേക്ക് മടങ്ങുകയാണെന്ന് യുവതികൾ പൊലീസിനെ അറിയിച്ചു. പത്തനംതിട്ടയിൽ വാർത്താ സമ്മേളനം നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടങ്കിലും പൊലീസ് അനുവദിച്ചില്ല. പത്തനംതിട്ട സിഐയുടെ നേതൃത്വത്തിൽ പൊലീസ് ഇവരെ നാട്ടിലേക്ക് തിരികെ അയച്ചു. യുവതികൾ തിരുവനന്തപുരം വഴി നാട്ടിലേക്ക് മടങ്ങി പോകും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇവർ മടങ്ങും വഴി മുഖ്യമന്ത്രിയെ സന്ദർശിച്ച് പരാതി നൽകിയേക്കും എന്ന സൂചനയും ഉണ്ട്.

ശബരിമല ദർശനത്തിന് ശ്രമിച്ചത് പ്രതിഷേധക്കാർ തടഞ്ഞതോടെ മലകയറാനാകാതെ മനിതി സംഘം മടങ്ങുകയായിരുന്നു. മലകയറാൻ ശ്രമിക്കുന്നതിനിടെ ഇവർക്ക് നേരെ നൂറുകണക്കിന് പ്രതിഷേധക്കാർ ഇരച്ചെത്തിയതിനെ തുടർന്ന് സംഘം തിരിച്ചോടുകയായിരുന്നു. പമ്പയിൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പമ്പയിൽ ആറുമണിക്കൂർ കാത്തിരുന്ന ശേഷമാണ് സംഘം മടങ്ങിയത്കാനനപാതയിലൂടെ മുന്നോട്ടുപോയ സംഘത്തിന് നേരെ നൂറുകണക്കിന് പ്രതിഷേധക്കാർ ഓടിയടുക്കുകയായിരുന്നു.  പ്രതിഷേധക്കാർ യുവതികളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ പൊലീസ് ഇവരെയും കൊണ്ട് തിരിച്ചോടി. 100 മീറ്ററോളം തിരികെ ഓടിയ പൊലീസ് ഇവരെ ഗാർഡ് റൂമിലെത്തിച്ചു.

എന്നാൽ പ്രതിഷേധക്കാർ ഇവരെ പിന്തുടർന്ന് ഗാർഡ് റൂമിനു മുന്നിൽ കൂട്ടം കൂടിനിന്നു. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷം രൂക്ഷമായതിനെ തുടർന്ന് മനിതി സംഘത്തെ പൊലീസ് വാഹനത്തിൽ കയറ്റി പമ്പ സ്‌റ്റേഷനിലേക്ക് മാറ്റി. അവിടെ സ്‌പെഷ്യൽ പൊലീസ് ഓഫീസർ കാർത്തികേയൻ ഗോകുലചന്ദ്രനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംഘവുമായി ചർച്ച നടത്തി. തുടർന്ന് ഇവർ സ്വമേധയാ തിരിച്ചുപോവുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. തിരിച്ചു പോകുമ്പോൾ സംരക്ഷണം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ പൊലീസ് നിർബന്ധിച്ചതിനെ തുടർന്നാണ് തിരിച്ചു പോകുന്നതെന്ന് മനിതി സംഘം നേതാവ് സെൽവി പറഞ്ഞു. സംരക്ഷണം നൽകാനാവില്ലെന്ന് പൊലീസ് അറിയിച്ചു. അതുകൊണ്ട് തിരിച്ചു പോകുന്നു. വീണ്ടും വരുമെന്നും സെൽവി വ്യക്തമാക്കി. നേരത്തെ, മനിതി സംഘത്തെ തടഞ്ഞ പ്രതിഷേധക്കാരെ പമ്പയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനായിരുന്നു അറസ്റ്റ്.

മനിതി സംഘം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവരെ മടക്കി അയച്ചതെന്ന് എസ്‌പി കാർത്തികേയൻ ഗോകുലചന്ദ്രൻ പറഞ്ഞു. മടങ്ങിയ സംഘത്തിനു പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും എസ്‌പി കൂട്ടിച്ചേർത്തു. അതേസമയം പൊലീസ് ബലം പ്രയോഗിച്ച് തങ്ങളെ മടക്കി അയക്കുകയാണെന്ന് മനിതി സംഘം നേതാവ് സെൽവി പറഞ്ഞു. ശബരിമല ദർശനത്തിനായി മടങ്ങി വരുമെന്നും സെൽവി കൂട്ടിച്ചേർത്തു.