സിനിമാ ലോകത്ത് തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് മണിയൻപിള്ള രാജു എഴുതിയ പുസ്തകമാണ് ചിരിച്ചും ചിരിപ്പിച്ചും. ഷൂട്ടിങ് വേളയിലും അല്ലാത്ത സമയങ്ങളിലും തന്നെ കുടുകുടെ ചിരിപ്പിച്ച സംഭവങ്ങളാണ് മണിയൻ പിള്ള രാജു ഈ പുസ്തകത്തിലൂടെ പങ്കു വെയ്ക്കുന്നത്. നേരത്തെ മുണ്ട് കടയുടെ ഉദ്ഘാടനത്തിന് പോയ ജയറാമിന്റെ മുണ്ട് ഉരിഞ്ഞു പോയ കഥയും മണിയൻ പിള്ള രാജു പങ്കുവെച്ചിരുന്നു.അക്കൂട്ടത്തിൽ ചെന്നൈയിലെ ഹോട്ടൽ മുറിയിൽ നടന്ന രസകരമായ സംഭവവും പുറത്തുവന്നിരിക്കുകയാണ്.

ചെന്നൈയിൽ വച്ചാണ് ആ രസകരമായ സംഭവം നടക്കുന്നത്. അതിനെ കുറിച്ച് മണിയൻ പിള്ള രാജുവിന്റെ വാക്കുകൾ ഇങ്ങനെ. ചെന്നൈയിൽ ചെന്നാൽ അവിടെയുള്ള പാംഗ്രോവ് ഹോട്ടലിലെ അഞ്ഞൂറ്റിനാലാം നമ്പർ മുറിയിലാണ് മണിയൻ പിള്ള രാജു സ്ഥിരമായി താമസിച്ചിരുന്നത്. ചെന്നൈയിൽ താമസമാക്കും മുമ്പ് സംവിധായകൻ പ്രിയദർശന്റെ താമസവും മണിയൻ പിള്ള രാജുവിന് ഒപ്പമായിരുന്നു. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞു വന്നു കിടന്ന ഞാൻ ഉറങ്ങി. ആ സമയം പ്രിയൻ എത്തിയിരുന്നില്ല. പ്രിയൻ വരുമ്പോൾ എന്റെ ഉറക്കം പോകേണ്ടെന്ന് കരുതി കതക് വെറുതെ ചാരിവെച്ചിരുന്നു. ഉറക്കത്തിനിടയ്ക്ക് പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളി.

ഞാൻ ഞെട്ടിയെഴുന്നേറ്റു നോക്കുമ്പോൾ ഒരു സ്ത്രീ സാരിയൊക്കെ അഴിച്ചു കയ്യിൽ പിടിച്ചു നിൽക്കുകയാണ്. അവർ നമ്പർ തെറ്റി ഈ മുറിയിൽ വന്നുകയറി സാരിയൊക്കെ അഴിച്ചു ലൈറ്റിട്ടപ്പോൾ ഞാൻ കിടന്ന് ഉറങ്ങുന്നു. പേടിച്ച് നിലവിളിച്ചതാണ്. ഞാൻ കണ്ണുതിരുമ്മി ഉണർന്നു വരുമ്പോൾ അവർ എന്നോട് ചൂടാകാൻ തുടങ്ങി. അവരുടെ മുറിയിൽ ഞാൻ ചെന്നുകയറിയെന്നു പറഞ്ഞാണു വഴക്ക്. ഞാൻ പറഞ്ഞു, ഇതെന്റെ മുറിയാണ്, നിങ്ങൾക്കാണ് മുറി മാറിയത്. ഒടുവിൽ അവർക്കാണ് തെറ്റിയതെന്നു മനസിലായപ്പോൾ സാരിയൊക്കെ വലിച്ചെടുത്തു സോറി പറഞ്ഞു കൊണ്ട് ഒരൊറ്റയോട്ടമായിരുന്നെന്നും മണിയൻ പിള്ള രാജു പറയുന്നു.