പെരിന്തൽമണ്ണ: സംസ്ഥാനത്തെ മന്ത്രിമാരിൽ അതിസമ്പന്മാരുടെ പട്ടികയിലാണ് മഞ്ഞളാകുഴി അലി. പണത്തിന്റെ പ്രതാപത്തിൽ തന്നെയാണ് അലി രാഷ്ട്രീയത്തിൽ ഇറങ്ങിയതും ഇടതിന് വേണ്ടി ആദ്യം വിജയിച്ചു കയറുകയും പിന്നീട് കളം മാറി യുഡിഎഫിന് വേണ്ടി വിജയിച്ചു കയറിയതും. വാഹനങ്ങളുടെ കാര്യത്തിലും മന്ത്രി ഇപ്പോഴും മുമ്പന്തിയിൽ തന്നെയാണെന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാകുന്നത്. അലിക്കും ഭാര്യയ്ക്കുമായി 20 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ അരിയിച്ചത്.

അലിക്ക് മാത്രമായി 16,77,79,452 രൂപയുടെ ആസ്തിയാണുള്ളത്. ഭാര്യ എപിഎം റസിയയ്ക്ക് 3,48,55,280 രൂപയുടെ ആസ്തിയുമുള്ളതായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു. അലിക്ക് 5,60,000 രൂപയുടെ വ്യക്തിഗതവായ്പയുണ്ട്. കാറുൾപ്പെടെ 59,20,106 രൂപയും 16,18,59,346 രൂപയുടെ ഭൂമി-കെട്ടിടം തുടങ്ങിയ സ്ഥാവര-ജംഗമ വസ്തുക്കളുമുണ്ട്. ഭാര്യയ്ക്ക് കാറുൾപ്പെടെ 25,92,780 രൂപയും 3,22,62,500 രൂപയുടെ സ്ഥാവര-ജംഗമ വസ്തുക്കളുമുണ്ട്. അലിയുടെ കൈവശം 98,450 രൂപയും ഭാര്യയുടെ പക്കൽ 6720 രൂപയും പണമായുണ്ട്.

40,10,000 രൂപ വിലയുള്ള 2014 മോഡൽ ലാന്റോവർ കാറും ഭാര്യയ്ക്ക് 82 മോഡൽ ബെൻസ് കാറുമുണ്ട്. ഭാര്യയ്ക്ക് 15 ലക്ഷം രൂപ വിലമതിക്കുന്ന 75 പവൻ സ്വർണ്ണാഭരണങ്ങളുണ്ട്. അലിക്ക് നാലു ബാങ്കുകളിലും ട്രഷറിയിലുമായി 5,41,656 രൂപയും ഭാര്യയ്ക്ക് 4 ബാങ്കുകളിലായി 8,95,659 രൂപയും നിക്ഷേപമുണ്ട്. കൈരളി ടിവിയിൽ 5 ലക്ഷവും പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ 10,000 രൂപയും രാമപുരം ജെംസ് സഹകരണ കോളേജിൽ 2 ലക്ഷവും ഷെയറുണ്ട്. പുഴക്കാട്ടിരി, ആലിപ്പറമ്പ് വില്ലേജുകളിലെ 15 ആധാരങ്ങളിലായി 11.80 ഏക്കർ കൃഷി ഭൂമിയുണ്ട്. ഇതിന് 4,59,96,846 രൂപ വിപണി വിലയുണ്ട്.

പെരിന്തൽമണ്ണ, പുഴക്കാട്ടിരി വില്ലേജുകളിലായി കാർഷികേതര ഭൂമിയുണ്ട്. ഇതിന് 25,856,250 രൂപ വിപണിവില വരും. ഭാര്യയ്ക്ക് പുഴക്കാട്ടിരി വില്ലേജിൽ 21 ലക്ഷം രൂപ വിലയുള്ള 42 സെന്റ് ഭൂമിയും പെരിന്തൽമണ്ണ വില്ലേജിൽ 28,762,500 രൂപ വില വരുന്ന 88.5 സെന്റ് ഭൂമിയുമുണ്ട്. അലിക്ക് പെരിന്തൽമണ്ണയിൽ 65,000 ചതുരശ്രയടിയും പുഴക്കാട്ടിരിയിൽ 6,000 ചതുരശ്രയടിയും വിസ്തീർണ്ണമുള്ള വാണിജ്യാവശ്യ കെട്ടിടമുണ്ട്. ഇതിന് യഥാക്രം 8.50 കോടിയും 16 ലക്ഷം രൂപയും വില വരും.

പുഴക്കാട്ടിരിയിൽ ഭാര്യയുടെ പേരിൽ 4800 ചതുരശ്രയടി വിസ്തീർണ്ണമുള്ള സ്‌ക്കൂൾ കെട്ടിടത്തിന് 14 ലക്ഷം രൂപ വിപണി വില വരും. താമസിക്കുന്ന 586 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വീടിന് 16 ലക്ഷം രൂപ വിപണിവില കണക്കാക്കിയിട്ടുണ്ട്. പുതിയ ഫ്ളാറ്റ് വാങ്ങാൻ 18,06,250 രൂപ അഡ്വാൻസ് നൽകിയിട്ടുണ്ട്.