പത്തനംതിട്ട: മഞ്ഞനിക്കര തിരുനാളിന് ഇന്ന് തുടക്കമാകും. ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 86ാമത് ദുഃഖറോനോ പെരുന്നാൾ ഫെബ്രുവരി 10ന് അവസാനിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ മഞ്ഞനിക്കരയിലേക്ക് ഒഴുകി എത്തും. കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, ജർമനിയുടെ ആർച്ച് ബിഷപ് മോർ പീലക്‌സിനോസ് മത്തിയാസ് നയിസ്, െബൽജിയം, ഫ്രാൻസ്, ലക്‌സംബർഗ് ആർച്ച് ബിഷപ് മോർ ജോർജ് ഖൂറി തുടങ്ങിയവർ സംബന്ധിക്കും.

ദയറായിൽ ഇന്ന് രാവിലെ എട്ടിന് മുന്നിന്മേൽ കുർബാനക്കു ശേഷം ജോസഫ് മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ അത്തനാസിയോസ്, യൂഹാനോൻ മാർ മിലിത്തിയോസ് എന്നിവർ ചേർന്നു കൊടിയേറ്റും. വൈകിട്ട് ആറിന് ഓമല്ലൂർ കുരിശടിയിൽ മാത്യൂസ് മാർ തേവോദോസിയോസ് കൊടിയേറ്റും. ഒൻപതിനും പത്തിനുമാണ് പ്രധാന പെരുന്നാൾ.

പദയാത്രികരായി എത്തുന്ന തീർത്ഥാടകർക്ക് ഒൻപതിനു മൂന്നു മണിക്ക് ഓമല്ലൂർ കുരിശുംതൊട്ടിയിൽ സ്വീകരണം നൽകും. വൈകിട്ട് ആറിന് തീർത്ഥാടന സമാപനസമ്മേളനം ജർമനിയിലെ ആർച്ച് ബിഷപ് മോർ പീലക്‌സിനോസ് മത്യാസ് നയിസ് ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും.

അഞ്ചു മുതൽ ഏഴു വരെയാണ് കൺവൻഷൻ. അഞ്ചിനു വൈകിട്ട് ഏഴിന് യൂഹാനോൻ മാർ മിലിത്തിയോസ് ഉദ്ഘാടനം ചെയ്യും. ആറിനു രാവിലെ 9.30നു തുമ്പമൺ ഭദ്രാസന വനിതാ സമാജം ധ്യാനയോഗം ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ പ്രസംഗിക്കും. ഏഴിന് രാത്രി 7.30ന് ഫാ. ഡോ. ബിനോയി തോമസ് വള്ളിക്കാട്ടിൽ പ്രസംഗിക്കും.

പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായി ജർമനിയിലെ ആർച്ച് ബിഷപ് മോർ പീലക്‌സിനോസ് മത്യാസ് നയീസ്, ബൽജിയം, ഫ്രാൻസ്, ലക്‌സംബർഗ് ആർച്ച് ബിഷപ് മോർ ജോർജ് ഖുറിയും പെരുന്നാളിൽ പങ്കെടുക്കും.


ആറിന് 9.30ന് തുമ്പമൺ ഭദ്രാസന വനിതാ സമാജം ധ്യാനയോഗം യൂഹാനോൻ മാർ മിലിത്തിയോസ് ഉദ്ഘാടനം ചെയ്യും. ഗീവർഗീസ് മാർ കൂറിലോസ്, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ എന്നിവർ പ്രസംഗിക്കും.

അഖില മലങ്കരാടിസ്ഥാനത്തിൽ സൺഡേസ്‌കൂളുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്കുള്ള സെന്റ് ഏലിയാസ് തൃതീയൻ സുവർണ പുരസ്‌കാരം ജോസഫ് മാർ ഗ്രിഗോറിയോസും തീർത്ഥാടക സംഘാംഗങ്ങൾക്കുള്ള അവാർഡുകൾ കുര്യാക്കോസ് മാർ ദിയസ്‌കോറസും തുമ്പമൺ ഭദ്രാസനത്തിൽ നിന്നുള്ളവ യൂഹോനോൻ മാർ മിലിത്തിയോസും നിരണം ഭദ്രാസനത്തിൽ നിന്നുള്ള അവാർഡുകൾ ഗീവർഗീസ് മാർ കൂറിലോസും വിതരണം ചെയ്യും.

ഗ്രീൻ പ്രോട്ടോകോളിന്റ ഭാഗമായി മഞ്ഞനിക്കര ദയറായും പരിസരങ്ങളും പ്ലാസ്റ്റിക് രഹിത മേഖലയായിരിക്കുമെന്ന് യൂഹാനോൻ മാർ മിലിത്തിയോസ്, ജേക്കബ് തോമസ് കോറെപ്പിസ്‌കോപ്പ എന്നിവർ പറഞ്ഞു.

പെരുന്നാളിനോടനുബന്ധിച്ച് കെഎസ്ആർടിസി വിവിധ സ്ഥലങ്ങളിൽ നിന്ന് മഞ്ഞനിക്കരയിലേക്ക് പ്രത്യേക സർവീസ് നടത്തും. ദയറായ്ക്ക് സമീപമുള്ള ആരോഗ്യപരിപാലന കേന്ദ്രത്തിൽ ദിവസവും ഡോക്ടർമാരുടെ സേവനവും ആംബുലൻസ് സർവീസും ഏർപ്പെടുത്തും. ശുദ്ധജല വിതരണത്തിനുള്ള നടപടികൾ ജലഅഥോറിറ്റി സ്വീകരിക്കും.

പെരുന്നാളിനോടനുബന്ധിച്ച് ദയറായ്ക്കു സമീപം മൂന്നു കിലോമീറ്ററിനുള്ളിൽ യാചക നിരോധന മേഖലയായിരിക്കും. തീർത്ഥാടകർക്ക് ഓമല്ലൂർ സെന്റ് പീറ്റേഴ്‌സ് വലിയ പള്ളിയുടെയും മഞ്ഞിനിക്കര മാർ സ്‌തേഫാനോസ് കത്തീഡ്രലിന്റെയും നേതൃത്വത്തിൽ സൗജന്യമായി ഭക്ഷണവും ക്രമീകരിക്കും. 17ന് ഏലിയാസ് മാർ യൂലിയോസ് ബാവായുടെ 56ാം ഓർമപ്പെരുന്നാളോടു കൂടി പെരുന്നാൾ സമാപിക്കും.