- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനമേറിയ കല്ല് കൊണ്ട് നിരവധി തവണ തലയ്ക്കടിച്ചു; കൊലപാതകത്തിന് ഉപയോഗിച്ച കല്ല് രക്തം പുരണ്ട നിലയിൽ കണ്ടെടുത്തു; മഞ്ചേരി നഗരസഭാ കൗൺസിലറെ കൊലപ്പെടുത്തിയത് അതിക്രൂരമായി
മലപ്പുറം: ഞ്ചേരി നഗരസഭാ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ എന്ന കുഞ്ഞാൻ (56)നെ കൊലപ്പെടുത്തുന്നതിനായി കനമേറിയ കല്ല് കൊണ്ട് ഒന്നിലധികം തവണ തലയ്ക്കടിച്ചതായി പ്രതി ഷുഹൈബ്. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രതിയെ സംഭവ സ്ഥലത്തുകൊണ്ടു പോയി നടത്തിയ തെളിവെടുപ്പിൽ കൊലപാതകത്തിന് ഉപയോഗിച്ച കല്ല് പൊലീസ് കണ്ടെടുത്തു. രക്തം പുരണ്ട നിലയിലായിരുന്നു കണ്ടെടുത്ത കല്ല്. കൊല്ലപ്പെട്ട അബ്ദുൽ ജലീലും സുഹൃത്തുക്കളും പാലക്കാട് നിന്നും മഞ്ചേരിയിലേക്ക് വരുന്ന സമയത്തായിരുന്നു സംഭവം. പ്രതികളുമായുണ്ടായ തർക്കവും ചെറിയ കയ്യാങ്കളിയും കഴിഞ്ഞ് ഇവർ മഞ്ചേരി ഭാഗത്തേക്ക് നാനൂറ് മീറ്ററോളം വന്നിരുന്നു. രണ്ടു ബൈക്കുകളിലായി പിന്തുടർന്നെത്തിയാണ് പ്രതികൾ കൊല നടത്തിയത്.
അബ്ദുൽ ജലീൽ സഞ്ചരിച്ച ഇന്നോവ കാർ കോഴിക്കോട് രജിസ്‌ട്രേഷനിലുള്ളതായിരുന്നു. തൊട്ടടുത്ത ജില്ലയിലുള്ളവരാണ് തങ്ങളുമായി പ്രശ്‌നമുണ്ടാക്കിയതെന്ന് കരുതിയാണ് പ്രതികൾ അക്രമത്തിന് മുതിർന്നത്. കൃത്യത്തിനു ശേഷം ഷൂഹൈബ് വീട്ടിൽ പോയിട്ടില്ല. കോഴിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് കറങ്ങി നടക്കുകയായിരുന്ന പ്രതി പൊലീസ് കണ്ടെത്താനിടയുണ്ടെന്ന് മനസ്സിലാക്കി ഷൊർണ്ണൂരിലേക്ക് കള്ളവണ്ടി കയറുകയായിരുന്നു.
ഷൊർണ്ണൂരിൽ നിന്ന് ടിക്കറ്റെടുത്തായിരുന്നു ചെന്നൈയിലേക്കുള്ള യാത്ര. പ്രതിക്ക് ഗോവയിലും ബംഗലുരുവിലും ചെന്നൈയിലും സുഹൃത്തുക്കളുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് ചെന്നൈയിലെ സുഹൃത്തുക്കളുടെ അടുത്ത് പോയതായും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ചെന്നൈ റെയിൽവെ സ്റ്റേഷനിൽ വെച്ച് പ്രതി പിടിയിലാകുന്നത്.
നഗരസഭാ കൗൺസിലർ തലാപ്പിൽ ജലീലിനെ കല്ലുകൊണ്ട് തലക്കടിച്ചു കൊന്ന കേസിൽ മുഖ്യ പ്രതിയെ മഞ്ചേരി സി ഐ സി അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. നെല്ലിക്കുത്ത് ഞാറ്റുപോയിൽ ഷുഹൈബ് എന്ന കൊച്ചു (28) നെയാണ് മഞ്ചേരി പൊലീസ് ചൈന്നൈയിൽ വെച്ച് പിടികൂടിയത്. സംഭവത്തിന് ശേഷം ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇയാൾ സംസ്ഥനം വിട്ടതായുള്ള സൂചനയെ തുടർന്ന് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് കൗൺസിലർക്ക് നേരെ ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകീട്ട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കൗൺസിലർ മരിച്ചു. രണ്ടും മൂന്നും പ്രതികളായ നെല്ലിക്കുത്ത് ഒലിപ്രാക്കാട് പതിയന്തൊടികയിൽ അബ്ദുൽ മാജിദ് (26), പാണ്ടിക്കാട് വള്ളുവങ്ങാട് കറുത്തേടത്ത് ഷംസീർ(32) എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതോടെ കുറ്റകൃത്യത്തിൽ പങ്കെടുത്ത എല്ലാവരും പിടിയിലായി.