കാസർഗോഡ്: കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത്്് നിലകൊള്ളുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിന് സവിശേഷതകളേറെ. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെടുന്ന മണ്ഡലം. സപ്തഭാഷാ സംഗമഭൂമിയെന്ന വിശേഷണം വേറെ. കന്നടയും മറാഠിയും കൊങ്കിണിയും തുളുവും ഹിന്ദിയും ഈ മണ്ഡലത്തിലെ ഓരോ ദേശത്തും ശ്രവിക്കാം. യക്ഷഗാന ബൈലാട്ട എന്ന, നമ്മുടെ കഥകളിക്കു സമാനമായ കലാരൂപം അരങ്ങു തകർക്കുന്ന സ്ഥലം. മഹാനായ ഗോവിന്ദപൈയുടെ ജന്മനാട്. എന്നിവയാണ് മഞ്ചേശ്വരത്തിന്റെ പ്രത്യേകത. തീർന്നില്ല 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാണ് ഇത്തവണ മണ്ഡലത്തിൽ അരങ്ങേറുന്നത്. കേരളത്തിലെ ഒരു മണ്ഡലത്തിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങിയ അതേ സ്ഥാനാർത്ഥികൾ മൂന്നു പേരും മത്സരിക്കുന്നില്ല.

മുസ്ലിം ലീഗിലെ സിറ്റിങ് എംഎ‍ൽഎ. യായ പി.ബി. അബ്ദുൾ റസാക്കാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. ബിജെപി.യിലെ കെ.സുരേന്ദ്രൻ വീണ്ടും ഇവിടെ ജനവിധി തേടുന്നു. മുൻ എംഎ‍ൽഎയായിരുന്ന സി.എച്ച് കുഞ്ഞമ്പുവാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി. കഴിഞ്ഞ തവണ ഈ മൂന്നു പേർ തന്നെയാണ് ഇവിടെ അങ്കത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥികളെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യവുമില്ല. സംസ്ഥാനത്ത് മറ്റൊരിടത്തും ഇത്തരമൊരു മത്സരവും അരങ്ങേറുന്നില്ല. ആദ്യം സ്ഥാനാർത്ഥിയായി രംഗത്തുവന്നത് സിറ്റിങ് എംഎ‍ൽഎ. യായ അബ്ദുൾ റസാക്കാണ്. അബ്ദുൾ റസാക്ക് ആദ്യ ഘട്ടം പ്രചാരണം ആരംഭിച്ച് ബഹുദൂരം പിന്നിട്ട ശേഷമാണ് ബിജെപി. സ്ഥാനാർത്ഥി കെ.സുരേന്ദ്രനും സിപിഐ.(എം). സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പുവും രംഗത്തെത്തിയത്.

ബിജെപി. അക്കൗണ്ടു തുറക്കുമെന്ന് പ്രഖ്യാപിച്ച മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണയെങ്കിലും മഞ്ചേശ്വരത്ത് താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. നേതൃത്വം. കഴിഞ്ഞ തവണ മുസ്ലിം ലീഗിലെ പി.ബി. അബ്ദുൾ റസാക്ക് 49,817 വോട്ട് നേടിയപ്പോൾ ബിജെപി.യിലെ കെ.സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തി 43,939 വോട്ടുകൾ നേടി.

5828 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സിപിഐ- എം. സ്ഥാനാർത്ഥിയായ സി.എച്ച് കുഞ്ഞമ്പുവിനു മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വന്നു. കഴിഞ്ഞ തവണത്തെ ന്യൂനതകൾ എന്തൊക്കെയാണെന്ന് പരിശോധിച്ചാണ് മൂന്നു പേരും രംഗത്തിറങ്ങിയിട്ടുള്ളത്. ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ അബ്ദുൾ റസാക്കും പിടിച്ചടക്കാൻ കെ.സുരേന്ദ്രനും സി.എച്ച് കുഞ്ഞമ്പുവും അരയും തലയും മുറുക്കി പോരാട്ടത്തിനിറങ്ങിയിരിക്കയാണ്.

ബിജെപി. അക്കൗണ്ട് തുറക്കുന്നതു ഭയന്ന് യു.ഡി.എഫും എൽ. ഡി. എഫും മഞ്ചേശ്വരത്ത് ചില അഡ്ജസ്റ്റ്‌മെന്റ് നടത്താറുണ്ടെന്ന് ബിജെപി.സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. അങ്ങനെ ചിലത് മുൻകാലങ്ങളിൽ സംഭവിച്ചിട്ടുണ്ടെന്ന് വോട്ടർമാരിൽ ചിലരെങ്കിലും വിശ്വസിക്കുന്നുമുണ്ട്. യു.ഡി.എഫ്.- ബിജെപി. ഇഞ്ചോടിഞ്ചു പോരാട്ടത്തിലേക്കാണ് മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എന്നാൽ യു.ഡി.എഫിന് ചില ഭീഷണികൾ ഇവിടെ നിലനിൽക്കുന്നു.

അബ്ദുൾ റസാക്ക് എംഎ‍ൽഎ.യുടെ സഹോദരൻ പി.ബി. അഹമ്മദ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കു വേണ്ടി രംഗത്തിറങ്ങിയിരിക്കയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഐ.എൻ.എൽ നേതാവായ അഹമ്മദ് സഹോദരനെ സഹായിക്കാൻ യു.ഡി.എഫിനൊപ്പമായിരുന്നു. അഹമ്മദിന്റെ നീക്കം യു.ഡി.എഫിനെ ഞെട്ടലുണ്ടാക്കിയിരിക്കയാണ്. വോട്ടർമാർക്ക് നിരന്തര പരിചയമുള്ള മൂന്നു പേരും അങ്കം വെട്ടുന്ന മഞ്ചേശ്വരത്ത് ഭാഷാ ന്യൂനപക്ഷങ്ങളുടെ വോട്ടാണ് ജയപരാജയങ്ങൾ നിർണ്ണയിക്കുക.