തിരുവനന്തപുരം: മുസ്ലിം ലീഗ് എംഎൽഎ പി ബി അബ്ദുൾ റസാഖിന്റെ നിര്യാണത്തെ തുടർന്ന് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന ആശങ്ക ശക്തമാകുന്നു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ നൽകിയ കേസിൽ നടപടികൾ പൂർത്തിയാകാത്തതും വിധി വരാത്തതുമാണ് ഇവിടെ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയെ സംശയത്തിലാക്കുന്നത്.

ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളിൽ നടക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പി ബി അബ്ദുൾ റസാഖിന്റെ വിജയം കള്ളവോട്ട് നേടിയാണെന്നും അത് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ഹർജി. ഈ ഹർജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത്തരം ഒരു ഹർജി നിലനിൽക്കുമ്പോൾ ഇലക്ഷൻ കമ്മീഷന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന് നിയമരംഗത്തെ പ്രമുഖർ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് തന്നെ കെ സുരേന്ദ്രൻ ഹർജി പിൻവലിക്കണെന്ന ആവശ്യമാണ് ഉയരുന്നത്.

ഒന്നുകിൽ ബിജെപി നേതാവ് ഹർജി പിൻവലിക്കുക അല്ലെങ്കിൽ കോടതി തീർപ്പ് കൽപ്പിക്കണം എന്നതാണ് നിലവിലെ അവസ്ഥ. എന്നാൽ, താൻ തൽക്കാലം ഹർജി പിൻവലിക്കില്ലെന്നും പെട്ടെന്നു തീർപ്പാക്കണമെന്നു കോടതിയോട് അഭ്യർത്ഥിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇനിയൊരു ഉപതിരഞ്ഞെടുപ്പ് എന്നതിനേക്കാൾ ബിജെപി പ്രതീക്ഷ വെക്കുന്നത് ഹൈക്കോടതിയിലാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഹൈക്കോടതി അന്ന് വിജയിച്ചത് ബിജെപിയാണെന്ന് പറയണം. അതിലേക്ക് ഇനി കുറച്ചു നടപടികൾ മാത്രമേയുള്ളൂവെന്നാണ് സുരേന്ദ്രൻ വ്യക്തമാക്കുന്നത്.

അതിനിടെ സുരേന്ദ്രൻ ധൈര്യമുണ്ടെങ്കിൽ ഹൈക്കോടതിയിലെ ഹർജി പിൻവലിക്കണമെന്ന ആവശ്യവുമായി സിപിഎം രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. നിലവിൽ ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ സുരേന്ദ്രന്റെ വാദങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. 26 പേരുടെ യാത്രാവിവരം പരിശോധിച്ചപ്പോൾ 20 പേരും വോട്ടിങ് ദിനത്തിൽ വിദേശത്തായിരുന്നുവെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വിശദീകരണം നൽകിയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് അബ്ദുർറസാഖ് വിജയിച്ചത്. വിദേശത്തുള്ളവരുടെയും മരിച്ചുപോയവരുടെയും പേരുകളിൽ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ആരോപിച്ചാണ് എതിർസ്ഥാനാർത്ഥിയായ സുരേന്ദ്രൻ ഹരജി നൽകിയത്. തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 281 പേർ കള്ള വോട്ട് ചെയ്തുവെന്നും 89 വോട്ടിന് താൻ പരാജയപ്പെട്ടത് അതിനാലാണെന്നും അതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പി.ബി. അബ്ദുൾ റസാഖ് വിജയിച്ചത് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കമെന്നാണ് ബിജെപി. സ്ഥാനാർത്ഥിയായിരുന്ന കെ.സുരേന്ദ്രൻ നൽകിയ പരാതി.

സ്ഥലത്തില്ലാത്തവരുടെയോ മരിച്ചുപോയവരുടെയോ വോട്ട് ചെയ്യപ്പെട്ടെന്ന് തെളിയിച്ചാൽമാത്രമേ കള്ളവോട്ടെന്ന് ഉറപ്പാക്കാനാകൂ. ഭൂരിപക്ഷത്തെ സ്വാധീനിക്കത്തക്ക എണ്ണം കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തണം. എങ്കിൽ ക്രമനമ്പറും മറ്റുംനോക്കി ആ വോട്ടുകൾ ഡീകോഡ് ചെയ്യാൻ കോടതി ഉത്തരവിടും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ മത്സരിക്കാൻ ഇരിക്കയാണ്. ഈ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പു വന്നാൽ ആ സാധ്യതയ്ക്കും മങ്ങലേൽക്കുമെന്ന വിലയിരുത്തലുണ്ട്. അതേസമയം ശബരിമല വിഷയം ആളിക്കത്തി നിൽക്കുന്ന സാഹചര്യത്തിൽ ബിജെപിക്ക് വലിയ സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്.

കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അന്തിമവാദം പൂർത്തിയാകാനിരിക്കെയാണ് പി.ബി. അബ്ദുൾ റസാഖിന്റെ ആകസ്മിക വിയോഗം. നേമത്തിനൊപ്പം കേരളം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു രണ്ടുവർഷം മുമ്പ് മഞ്ചേശ്വരത്ത് നടന്നത്. നേമത്ത് വിജയിച്ചു കയറിയ ഒ. രാജഗോപാൽ സംസ്ഥാനത്ത് ബിജെപിക്ക് അക്കൗണ്ട് തുറന്നു. മഞ്ചേശ്വരത്തെ ഫോട്ടോ ഫിനിഷിൽ മുസ്ലിംലീഗിലെ അബ്ദുൾ റസാഖ് 89 വോട്ടുകൾക്ക് വിജയിച്ചു. 56,870 വോട്ട് അബ്ദുൾ റസാഖിന് ലഭിച്ചപ്പോൾ സുരേന്ദ്രന് 56781 വോട്ടു കിട്ടി. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സി.പിഎമ്മിലെ സി.എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടാണ് ലഭിച്ചത്. 2011ൽ 5828 വോട്ടിനാണ് കെ. സുരേന്ദ്രനെ അബ്ദുൾ റസാഖ് പരാജയപ്പെടുത്തിയത്.

1987 മുതൽ തുടർച്ചയായി നാലു തവണ ചെർക്കളം അബ്ദുള്ള വിജയിച്ച മണ്ഡലം 2006 ൽ സി. എച്ച്. കുഞ്ഞമ്പുവിലൂടെ സിപിഎം തിരിച്ചുപിടിച്ചിരുന്നു. കുഞ്ഞമ്പു 4829 വോട്ടിന് ബിജെപിയിലെ നാരായണ ഭട്ടിനെ തോൽപ്പിച്ചപ്പോൾ ചെർക്കളം മൂന്നാം സ്ഥാനത്തേക്ക് പോയി. ആ സീറ്റ് വീണ്ടെടുക്കുകയായിരുന്നു അബ്ദുൾ റസാഖ്. നിലവിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ യുഡിഎഫിന് ഈ സീറ്റ് ജയിക്കേണ്ടത് അനിവാര്യതയാണ്. സിപിഎമ്മിനും ഭരണത്തിലുള്ള സമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തണം. ബിജെപിക്ക് നിയമസഭയിൽ അക്കൗണ്ട് രണ്ടായി ഉയർത്താനുള്ള സുവർണ്ണാവസരവും.