- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ.സുരേന്ദ്രനല്ലാതെ ആരു മത്സരിക്കാൻ ഇറങ്ങിയാലും കാലുവാരുന്ന പതിവ് മട്ട് മാറുമോ? സുരേന്ദ്രൻ വന്നാൽ കാത്തിരിക്കുന്നത് യുഡിഎഫിന്റെ എ കെ എം അഷ്റഫ്; ഫാഷൻ ഗോൾഡ് തട്ടിപ്പ് വിവാദം വിനയാകുമോ എന്ന് ലീഗിന് സംശയം; പൊതുസ്വതന്ത്ര സ്ഥാനാർത്ഥിയായി ജീൻ ലെവിനെ ഇറക്കിയാൽ മംഗളൂരു രൂപത എൽഡിഎഫിനെ തുണയ്ക്കുമോ? മഞ്ചേശ്വരത്തെ കണക്കുകൂട്ടലുകൾ ഇങ്ങനെ
മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന കേരളത്തിന്റെ വടക്കേ അറ്റത്തെ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയത്തിലും പ്രവചനാതീതമായ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് സൂചനകൾ പുറത്തുവന്നു. ബിജെപി യും യു ഡി എഫും ഒപ്പത്തിനൊപ്പം നിൽക്കുന്ന മണ്ഡലത്തിൽ ഇടതുമുന്നണി വിജയസാധ്യതയുള്ള ഒരു പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയെ തേടുന്ന വിവരങ്ങളാണ് ഏറ്റവും ഒടുവിൽ വന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ ബിജെപി ആദ്യം അക്കൗണ്ട് തുറക്കും എന്ന് കരുതിയ മണ്ഡലമാണ് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലം. 1987 മുതൽ ബിജെപിയാണ് ഇവിടെ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം കൈവരിക്കുന്നത്. 1960 മുതൽ 1982 വരെ ഏഴു തവണ സിപിഐ വിജയിച്ചു വന്ന മണ്ഡലത്തിൽ 1987ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് മത്സരിച്ച ചെർക്കളം അബ്ദുള്ള 6746 ഭൂരിപക്ഷത്തിൽ 33853 വോട്ടുകളുടെ അട്ടിമറി വിജയം നേടിയപ്പോൾ ബിജെപി രണ്ടാംസ്ഥാനത്തേക്കും ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
രണ്ടായിരത്തി ഒന്നിൽ യുഡിഎഫിനെ പ്രതിനിധീകരിച്ചു ചെർക്കുളം അബ്ദുള്ള നാലാം തവണ മത്സരിച്ചപ്പോൾ ഭൂരിപക്ഷം 13188 നേടിയത് ഒഴിച്ചാൽ 1987 തൊട്ട് ഉള്ള മറ്റെല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചവരുടെ ഭൂരിപക്ഷം അയ്യായിരത്തിനും ആറായിരത്തിനും ഇടയിലായിരുന്നു 2006 സി എച്ച് കുഞ്ഞമ്പുവിന്റെ വിജയം മാറ്റിനിർത്തിയാൽ യുഡിഎഫ് തന്നെ വിജയിച്ചു വരുന്ന മണ്ഡലമാണ് മഞ്ചേശ്വരം.
കെ സുരേന്ദ്രൻ ഇവിടെ മത്സരിക്കാൻ ഇറങ്ങിയാൽ നേരിടേണ്ടത് മുസ്ലിം ലീഗിന്റെ എ കെ എം അഷ്റഫിനെയാണ്. മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥി എന്ന നിലയിലും പൊതു സ്വീകാര്യതയിലും ഏറെ മുന്നിട്ടു നിൽക്കുന്ന എ കെ എം അഷ്റഫിനെ വിജയിപ്പിക്കാൻ മറ്റു സാമുദായിക സംഘടനകളും തയ്യാറാവുമെന്നുള്ളതുകൊണ്ട് കെ സുരേന്ദ്രന് അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങൾ. അതേസമയം മുൻകാലങ്ങളിലെ പോലെ അവസാന നിമിഷം മുസ്ലിം ലീഗിന്റെ ഇറക്കുമതി സ്ഥാനാർത്ഥികൾ ഉണ്ടായാൽ മറ്റു സാമുദായിക സംഘടനകൾ പിൻവാങ്ങുകയും കെ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് എളുപ്പമാക്കുകയും ചെയ്യും.
അതേസമയം കെ സുരേന്ദ്രൻ ഒഴികെ ബിജെപി ജില്ലാ കമ്മിറ്റിയിൽ നിന്നും മറ്റാരെങ്കിലും മത്സരിച്ചാൽ കാലുവാരൽ സംഭവിക്കുമെന്നാണ് പൊതുവിലയിരുത്താൽ . നേരത്തെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച രതീഷ് തന്ത്രി കുണ്ടാറും തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിഭാഗീയതക്ക് ഇരയാക്കുകയായിരുന്നു. മണ്ഡലത്തിലെ നാലായിരത്തോളം പുതിയ വോട്ടുകളും വിജയത്തിന് നിർണായകമാണ്. പി.ബി. അബ്ദുൾ റസാഖിന്റെ മരണശേഷം 2019 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി. ഖമറുദീൻ 7923 വോട്ടിനു വിജയിച്ചെങ്കിലും ഫാഷൻ ഗോൾഡ് തട്ടിപ്പിൽ കുടുങ്ങി ജയിലായത് മണ്ഡലത്തിലെ ജനങ്ങൾ എങ്ങനെ വിലയിരുത്തമെന്നുള്ളതും പ്രധാനമാണ്.
അതെ സമയം സിപിഎം വിജയ പ്രതീക്ഷയിൽ തന്നെയാണ് മത്സരിക്കാൻ ഇറങ്ങുന്നത്. ബിജെപി യും യു ഡി എഫും ഒപ്പത്തിനൊപ്പം നിൽക്കുന്ന മണ്ഡലത്തിൽ ഇടതുമുന്നണി വിജയസാധ്യതയുള്ള ഒരു പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയെ തേടുന്ന വിവരങ്ങളാണ് ഏറ്റവും ഒടുവിൽ വന്നുകൊണ്ടിരിക്കുന്നത്. 2006 ൽ സിപിഎം നേതാവ് സി.എച്ച്് കുഞ്ഞമ്പു വിജയിച്ചതിന് ശേഷം ഈ നിയോജകമണ്ഡലത്തിൽ നടന്ന രണ്ട് പൊതുതിരഞ്ഞെടുപ്പിലും ഒരു ഉപതിരഞ്ഞെടുപ്പിലും എൽ ഡി എഫ് തുടർച്ചയായി മൂന്നാം സ്ഥാനത്തേക്ക് ദയനീയമായി തള്ളപ്പെട്ട സാഹചര്യത്തിലാണ് മഞ്ചേശ്വരത്ത് ഒരു പൊതു സ്വതന്ത്ര സ്ഥാനാർത്ഥി ഉചിതമായിരിക്കുമെന്ന ആലോചനയിലേക്ക് എൽ ഡി എഫിനെയും സിപിഎമ്മിനെയും കൊണ്ടുചെന്നെത്തിച്ചത്.
ഈ ആലോചനകൾക്കിടയിലാണ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടി മുസ്ലിം ലീഗിനെ എതിർക്കുന്ന മുഴുവൻ അംഗങ്ങളുടെയും പിന്തുണയോടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മഞ്ചേശ്വരം പഞ്ചായത്തിന്റെ വനിതാ പ്രസിഡണ്ട് ജീൻ ലെവിൻ മൊന്തേരോയിലേക്ക് അന്വേഷണം ചെന്നെത്തിയത്. ജീനിനെ സ്ഥാനാർത്ഥിയാക്കിയാൽ ഇടതുമുന്നണിയുടെ നില മെച്ചപ്പെടുത്താമെന്നും ലീഗ്, ബിജെപി കോട്ടകളിലെ വോട്ടുകൾ ഭിന്നിപ്പിച്ച് എൽ ഡി എഫിന്റെ പെട്ടിയിൽ ആക്കാമെന്നും വിലയിരുത്തലുണ്ട്.
ഇതിനുപുറമെ പരമ്പരാഗതമായി യു ഡി എഫിനും ബിജെപിക്കും മറിയുന്ന കൊങ്ങിണി ഭാഷ സംസാരിക്കുന്ന ക്രൈസ്തവരുടെ വോട്ടുകൾ ജീൻ ലെവിൻ സ്ഥാനാർത്ഥിയായാൽ തങ്ങൾക്ക് അനുകൂലമാക്കാമെന്നും എൽ ഡി എഫ് കരുതുന്നു. മംഗളൂരു രൂപതയ്ക്ക് കീഴിലാണ് മഞ്ചേശ്വരം മണ്ഡലത്തിലെ റോമൻ കത്തോലിക്കാ വിഭാഗത്തിൽ പെടുന്ന ക്രൈസ്തവ ഇടവകകൾ നിലകൊള്ളുന്നത്.
ചുരുങ്ങിയത് ഏഴായിരത്തിൽ പരം വോട്ടുകൾ ഈ ക്രിസ്ത്യൻ വിഭാഗത്തിൽ സ്ഥിര നിക്ഷേപമായുണ്ട്. ഈ വിഭാഗത്തിൽപ്പെട്ട ജീൻ ലെവിൻ സ്ഥാനാർത്ഥിയായി വന്നാൽ ക്രൈസ്തവ വോട്ടുകൾ സ്വാഭാവികമായും എൽ ഡി എഫിൽ എത്തുമെന്നും ഇതിലൂടെ എതിരാളികളിൽ കനത്ത വെല്ലുവിളി സൃഷ്ടിക്കാനാകുമെന്നുമാണ് വിലയിരുത്തൽ.
ബിരുദാനന്തര ബിരുദധാരിയായ ജീൻ മഞ്ചേശ്വരത്തെ മഹിളകൾക്കിടയിലും പൊതുസമൂഹത്തിലും സുപരിചിതയാണ്. കലാകാരിയും ആക്ടിവിസ്റ്റുമാണ്. കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽപ്പെടുന്ന മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എന്മകജെ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം.