ലണ്ടൻ: നാൽപതു വർഷം മുൻപ് ഇതുപോലെ ഒരു ക്രിസ്മസ് നാളിൽ പുറത്തുവന്ന മലയാളത്തെ ആദ്യ സൂപ്പർ ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയ്‌ക്കൊപ്പം മലയാള സിനിമക്ക് മൂന്നു സൂപ്പർ താരങ്ങളെ കൂടിയാണ് സമ്മാനിച്ചത്.

മലയാള സിനിമയിലെ സൂപ്പർ റൊമാന്റിക് ഹീറോ ആയി ഒന്നര പതിറ്റാണ്ട് നിറഞ്ഞാടിയ നടൻ ശങ്കർ, നാല് പതിറ്റാണ്ടായിട്ടും ഇനിയും മറ്റൊരാൾ പകരക്കാരനായി വരാനില്ലെന്നോർമ്മിപ്പിച്ചു ഓരോ സിനിമയെയും ഓരോ സംഭവമാക്കി മലയാള സിനിമ ചരിത്രത്തിനു താലോലിക്കാൻ നൽകിക്കൊണ്ടിരിക്കുന്ന സാക്ഷാൽ താര സിംഹാസനത്തിന്റെ ചക്രവർത്തി എന്ന് വിശേഷിപ്പിക്കാവുന്ന മോഹൻലാൽ, മലയാള സിനിമ രംഗത്ത് വഴിത്തിരിവുകൾ മാത്രം സമ്മാനിച്ച സൂപ്പർ ഹിറ്റ് സംവിധായകൻ ഫാസിൽ എന്നീ മൂന്നു സൂപ്പർ താരങ്ങളാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമ പ്രേമികളുടെ മനസിലും വിരിഞ്ഞത്.

മൂന്നു പേരുടെയും ആദ്യ ചിത്രം എന്ന നിലയിലും ഈ സിനിമ എക്കാലവും ഓർമ്മിപ്പിക്കപ്പെടുകയാണ്. ഇന്ന് ഈ സിനിമയുടെ നാല്പതാം വാർഷികം ആഘോഷിക്കപ്പെടുമ്പോൾ ചിത്രത്തിലെ നായകൻ ശങ്കർ യുകെ മലയാളി ആയി മാറിക്കഴിഞ്ഞു എന്നതാണ് ഈ സിനിമയെ മറ്റാരേക്കാളും ഇപ്പോൾ യുകെ മലയാളികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്.

എന്താണ് നാല്പതാണ്ട് പിന്നിലേക്ക് നോക്കിയാൽ കാണുന്നത്?

ഈ ഒരൊറ്റ ചോദ്യം മാത്രമാണ് ഇപ്പോൾ അന്നത്തെ നായകനോട് ചോദിക്കാൻ ഉണ്ടായിരുന്നത്. എന്നാൽ ഓർമ്മകളുടെ പൂക്കാലത്തിലൂടെ സഞ്ചരിച്ച നടൻ ശങ്കറിന് ആ സിനിമ തന്റെ ജീവിതം കൂടി ആയിരുന്നതിനാൽ ഒട്ടേറെ കാര്യങ്ങളാണ് മലയാളികളോട് പങ്കിടാനുള്ളത്.

മലയാളത്തിലെ മാധ്യമങ്ങൾ ഈ ചരിത്ര മുഹൂർത്തം കാര്യമായി ആഘോഷിച്ചില്ലെങ്കിലും കൃത്യമായി ഓർത്തിരുന്നു വായനക്കാർക്ക് വേണ്ടി സിനിമ വിശേഷം പങ്കിടാൻ തയാറായതിൽ പ്രത്യേകം നന്ദിയും അറിയിച്ചാണ് ശങ്കർ വിശേഷങ്ങൾ പങ്കിട്ടത്. തമിഴിൽ സൂപ്പർ ഹിറ്റായി ഓടിയ ഒരു തലൈ രാഗം റിലീസ് ചെയ്ത ഉടനെയാണ് നവോദയയുടെ പരസ്യം കണ്ടു മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കാൻ ഉള്ള ഓഡിഷന് വേണ്ടി ശങ്കർ എത്തുന്നത്.

മോഹൻലാലിന് വേണ്ടി സുഹൃത്തുക്കൾ ഓഡിഷന് വേണ്ടി അപേക്ഷ അയച്ച കാര്യം അദ്ദേഹം പലവട്ടം ഈ സിനിമയുമായുള്ള ഓർമ്മകളിൽ പങ്കുവച്ചിട്ടുണ്ടെങ്കിലും തമിഴ് സിനിമയിലെ വൻഹിറ്റ് സ്വന്തം പേരിലാക്കിയ ശേഷമാണു ശങ്കർ മലയാളത്തിലെ ആദ്യ സിനിമക്കായി എത്തുന്നത് എന്നത് പലർക്കും പുതിയ അറിവ് കൂടിയാണ്.

ഡ്രൈവിങ് അറിയാത്ത ശങ്കർ ആദ്യ സീൻ മുതൽ അവതരിപ്പിക്കേണ്ടത് ജീപ്പ് ഓടിക്കുന്ന രംഗങ്ങൾ

ഓഡിഷന് ചെന്നപ്പോൾ നവോദയ അപ്പച്ചന്റെ മക്കളിൽ ഒരാളായ ജിജോ കാർ ഒക്കെ ഓടിക്കുമല്ലോ അല്ലെ എന്ന് ചോദിച്ചതു ലോഹ്യം പറഞ്ഞത് ആയിരിക്കും എന്നാണ് ശങ്കർ കരുതിയത്. ഒരു ഭംഗിക്കിരിക്കട്ടെ എന്ന് കരുതി ഓ കുഴപ്പമില്ല എന്ന് പറയുകയും ചെയ്തു. എന്നാൽ ഓഡിഷൻ കഴിഞു കൊടൈക്കനാലിൽ ഷൂട്ടിങ്ങിനു എത്തി ആദ്യ റിഹേഴ്സ്സൽ ഒക്കെ നടത്തിയ ശേഷമാണു ശങ്കർ ആ ഞെട്ടിക്കുന്ന രഹസ്യം അറിയുന്നത്. പിറ്റേന്നത്തെ ആദ്യ സീനിൽ തന്നെ താൻ ജീപ്പ് ഓടിച്ചാണ് നായികയുടെ മുന്നിൽ എത്തുന്നത്.

മാത്രമല്ല ആ ജീപ്പ് സിനിമയിലെ ഒരു താരത്തെ പോലെയാണ്. നായകന്റെ കറക്കം മുഴുവൻ ആ ജീപ്പിലാണ്. നായികയുമായുള്ള പ്രേമം പങ്കിടുന്ന പാട്ട് സീനിലൊക്കെ ജീപ്പിനും റോളുണ്ട്. ഡ്രൈവിങ് അറിയാത്ത താനെങ്ങനെ ഇത് തുറന്നു പറയും, കയ്യിൽ കിട്ടിയ അവസരം നഷ്ടമായല്ലോ എന്ന് മാത്രമാണ് ആ നിമിഷത്തിൽ ഓർത്തതെന്നും ശങ്കർ പറയുന്നു.

നിരാശനായി തിരികെ മടങ്ങാൻ റൂമിലേക്ക്, രക്ഷകനായത് ആലുമൂടൻ

സത്യം തുറന്നു പറഞ്ഞു നിരാശനായി പെട്ടിയുമെടുത്തു നാട്ടിലേക്കു മടങ്ങാൻ ഉള്ള തീരുമാനവുമായാണ് ശങ്കർ തിരികെ ഹോട്ടൽ മുറിയിൽ എത്തുന്നത്. ആകെ നിരാശനായി എത്തിയ ശങ്കറിനോട് എന്ത് പറ്റിയെന്നു റൂമിൽ കൂടെയുണ്ടായിരുന്ന ഹാസ്യ നടൻ ആലുമൂടന് ചോദിച്ചപ്പോൾ വളരെ സങ്കടത്തോടെയാണ് തന്റെ പ്രശനം ശങ്കർ അവതരിപ്പിച്ചത്. ഫാസിലിനോട് പറയാൻ പോലും ധൈര്യം ഇല്ലാതെ നാട്ടിലേക്കു മടങ്ങാനാണ് തീരുമാനം എന്നും പറഞ്ഞു. എന്നാൽ ഏതാനും ദിവസം ഒന്നിച്ചു താമസിച്ചതിലൂടെ പറയാനാവാത്ത വിധം മാനസിക അടുപ്പം ഉണ്ടായതിലൂടെ ഞാൻ ഒന്ന് സംസാരിക്കട്ടെ എന്നുപറഞ്ഞു ആലുമൂടാനാണ് സമാധാനിപ്പിച്ചത്. അദ്ദേഹം കഴുത്തിൽ ഒരു ഷാൾ ഒക്കെ അണിഞ്ഞു ഫാസിലിനോട് കാര്യം പറയാൻ പോയ നിമിഷങ്ങൾ ഇന്നും ശങ്കർ ഇന്നലെയെന്ന പോലെ ഓർക്കുന്നു. കാര്യം കേട്ടപ്പോൾ ഫാഷനിലിനും പ്രയാസമായി. നേരം വെളുത്തു നടക്കേണ്ട ഷൂട്ടിനിങ്ങിനു എല്ലാ ഒരുക്കവും നടത്തിയതാണ്.

എന്നാൽ ആ സീനുകൾ പിന്നീട് എടുക്കാമെന്നും അപ്പോഴേക്കും ഡ്രൈവിങ് ശരിയാകാമെന്നും ആലുമൂഢന്റെ പ്രായോഗിക നിർദ്ദേശംഫാസിലും സമ്മതിച്ചതോടെ മലയാള സിനിമക്ക് ആദ്യ റൊമാന്റിക് ഹീറോയെ ലഭിക്കുക ആയിരുന്നു. തണുപ്പ് മൂലം വൈകുനേരം തന്നെ ഇരുട്ട് മൂടി തുടങ്ങിയ കൊടൈക്കനാലിൽ ആ വൈകുനേരം തന്നെ നവോദയയിലെ ഡ്രൈവർ സലാം ശങ്കറിന്റെ ഗുരുവായി മാറി. ബ്രെക്കും ക്ലച്ചും എല്ലാം പറഞ്ഞു കൊടുത്തു ഏതാനും ദിവസം കൊണ്ട് ജീപ്പ് മെല്ലെ ഉരുട്ടുന്ന പരുവത്തിലായി ശങ്കർ/ ഷൂട്ടിങ് കഴിയുമ്പോഴേക്കും ഏതു വാഹനം കയ്യിൽ കിട്ടിയാലും ഓടിക്കാം എന്ന അവസ്ഥയിൽ എത്തിയ കാര്യം ഇപ്പോൾ അത്ഭുതം പോലെയാണ് അദ്ദേഹത്തിന് തോന്നുന്നത്.

സിനിമ ഹിറ്റ് ആണെന്നറിയുന്നത് ഒരു മാസം ഓടിയ ശേഷം ചെന്നൈ വിമാനത്താവളത്തിൽ വച്ച്

അക്കാലത്തു സ്മാർട്ട് ഫോണോ സോഷ്യൽ മീഡിയയോ ഇല്ലാത്തതിനാൽ വിശേഷങ്ങൾ ഒക്കെ ആരെങ്കിലും പറഞ്ഞു അറിയുകയേ വഴിയുള്ളൂ. സ്വന്തം സിനിമ വൻഹിറ്റായ കാര്യം നായക നടൻ പോലും അറിഞ്ഞില്ല എന്ന് കേൾക്കുമ്പോൾ ഊഹിക്കാം വിനിമയ രംഗത്തെ അക്കാലത്തെ പ്രയാസങ്ങൾ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങിയ സമയത്തു തന്നെ സഹോദരിയുടെ വിവാഹവും നടന്നതിനാൽ സിനിമയുടെ വിശേഷം അധികമൊന്നും ശങ്കർ അറിഞ്ഞിരുന്നില്ല. തിരക്കൊഴിഞ്ഞപ്പോൾ സഹോദരനടക്കം ഉള്ളവരോടൊപ്പം പടം കാണാൻ എത്തിയത് തൃശൂർ രാഗത്തിൽ. നായകനെ തിരിച്ചറിഞ്ഞ തിയറ്റർ നടത്തിപ്പുകാർ ഓഫിസിൽ വിളിച്ചിരുത്തി നല്ല പടം ആണെന്നും ആളുകൾക്ക് ഇഷ്ടമായെന്നും പറഞ്ഞു. എന്നാൽ പടം കാണാൻ തിരക്കില്ല. അതേസമയം തൊട്ടപ്പുറത്തെ തിയറ്ററിൽ അശ്വരഥം എന്ന ചിത്രം വലിയ ആവേശത്തോടെയാണ് കാണികളെ സ്വീകരിക്കുന്നത്. രാഗത്തിലുള്ളവർ പറഞ്ഞപ്പോൾ അത് നേരിൽ കാണാൻ പോകുകയും ചെയ്തു.

അതോടെ വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ചെന്നൈയിലേക്ക് മറ്റൊരു പടത്തിന്റെ ഓഫർ കിട്ടിയപ്പോൾ മടങ്ങി. ബാംഗ്ലൂർ അടുത്തുള്ള ഒരു കുഗ്രാമത്തിൽ രണ്ടാഴ്ചയോളം ഷൂട്ടിങ്. മടങ്ങി ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ ഒരു മലയാളി കുടുംബം പരിചയപ്പെടാൻ എത്തി. അവർ മഞ്ഞിൽ വിരിഞ്ഞ പൂക്കളെ കുറിച്ച് വാ തോരാതെ സംസാരിച്ചു, പാട്ടൊക്കെ പാട . പടം ഓടുന്നുണ്ടോ എന്ന് അവരോടു ചോദിച്ചപ്പോഴാണ് അറിയുന്നത് വൻ ഹിറ്റായി മാറിയിരിക്കുകയാണെന്ന്. പിന്നീടുണ്ടായതൊക്കെ നിങ്ങൾക്കെല്ലാം അറിയുന്ന കാര്യങ്ങൾ. ഒന്നര പതിറ്റാണ്ട് മലയാള സിനിമയെ തന്നോടൊപ്പം നടത്തിയ ഓർമ്മകൾ ഏറെ ആവേശത്തോടെയാണ് നടൻ ഇപ്പോൾ പങ്കിടുന്നത്.

കഴിഞ്ഞ ഏതാനും വർഷമായി യുകെ മലയാളികളിൽ ഒരാൾ കൂടിയാണ് മലയാള സിനിമയിലെ ആദ്യകാല റൊമാന്റിക് ഹീറോ. ഇപ്പോൾ ജീവിതത്തിലെ റൊമാന്റിക് ഹീറോയായി യുകെ മലയാളികളുടെ പ്രിയ നർത്തകിയും നൃത്ത അദ്ധ്യാപികയുമായ ചിത്ര ലക്ഷ്മിയുടെ ജീവിതത്തിന്റെ ക്യാൻവാസിൽ ഭർത്താവും സുഹൃത്തും പങ്കാളിയും ഒക്കെ വിവിധങ്ങളായ വേഷമാണ് ശങ്കറിന്. 

ഇടയ്ക്കു ദുബായ് കേന്ദ്രീകരിച്ചു പുതിയൊരു ചിത്രം സംവിധാനം ചെയ്യുന്ന ഇടവേളയിൽ നിന്നാണ് അദ്ദേഹം ഇപ്പോൾ മഞ്ഞിന്റെ നാട്ടിലെ പൂന്തോട്ട നഗരത്തിൽ എത്തിയിരിക്കുന്നത്. യുകെയിൽ മഞ്ഞിൻ പൂക്കൾ വിരിയുന്നത് നായകഭാവം ഇല്ലാതെ കണ്ടാസ്വദിക്കുകയാണ് ശങ്കർ.