തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദനെതിരെ മലമ്പുഴയിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ജി. മഞ്ചുക്കുട്ടന് കോൺഗ്രസ് സീറ്റ് നൽകാൻ സാധ്യത. ഉമ്മൻ ചാണ്ടിക്കെതിരേ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിനെ മത്സരിപ്പിക്കുന്ന തന്ത്രത്തിനു തിരിച്ചടിയായിട്ടാണ് കൊല്ലം സ്വദേശിയും ആദിവാസിവിഭാഗക്കാരനുമായ മഞ്ചുക്കുട്ടനു സീറ്റ് നൽകുന്നത്.

ആദിവാസികളേറെയുള്ള മലമ്പുഴയിൽ മഞ്ചുക്കുട്ടൻ മത്സരിച്ചാൽ മറ്റാരെക്കാളും സാധ്യതയുണ്ടെന്നതു കണക്കിലെടുത്താണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിൻതുണയോടെ കോൺഗ്രസ് ഈ നീക്കം നടത്തുന്നത്. കേരളം മുഴുവൻ കെ.എസ്.യുവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മഞ്ചുക്കുട്ടൻ മലമ്പുഴയിൽ എത്തുന്നതോടെ ആദിവാസികളെയും മറ്റു ദളിതവിഭാഗങ്ങളെയും സ്വാധീനിക്കാൻ കഴിയുമെന്നും നിലവിൽ വി.എസിന് ചെറുതെങ്കിലും വെല്ലുവിളി ഉയർത്താൻ സാധിക്കുമെന്നും ഉമ്മൻ ചാണ്ടി കണക്കുകൂട്ടുന്നു.

ദരിദ്രകുടുംബത്തിൽനിന്നുള്ള മഞ്ചുക്കുട്ടൻ കഴിഞ്ഞ ഓണദിവസം തന്റെ അമ്മയ്‌ക്കൊപ്പം ഓണസദ്യ കഴിക്കുന്ന ഹൃദയസ്പർശിയായചിത്രം സോഷ്യൽമീഡിയയിൽ ആയിടയ്ക്കു വൈറലായിരുന്നു. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഈ പോസ്റ്റ് കണ്ട് മഞ്ചുക്കുട്ടനെ നേരിട്ടു ഫോണിൽ വിളിക്കുകയും ഇത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയാകുകയും ചെയ്തതിനെ തുടർന്ന് കോൺഗ്രസ് വൃത്തങ്ങൾക്കിടയിൽ സുപരിചിതനാണ് മഞ്ചുക്കുട്ടൻ. ഞായറാഴ്ച വൈകുന്നേരം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുമായി സ്ഥാനാർത്ഥിത്വം സംബന്ധിച്ചു മഞ്ചുക്കുട്ടൻ ചർച്ച നടത്തി എന്നറിയുന്നു.

മലമ്പുഴയിലെ സീറ്റിൽ മഞ്ചുക്കുട്ടനെ നിർത്തണമെന്ന തന്റെ അഭിപ്രായം ഉമ്മൻ ചാണ്ടി തിങ്കളാഴ്ച തന്നെ സുധീരനെയും കെപിസിസിയെയും ധരിപ്പിക്കും. കൊല്ലം ഡി.സി.സി പ്രസിഡന്റായി ചുമതല ഏറ്റ കൊടുക്കുന്നിൽ സുരേഷ് എംപി യുടെ ബുദ്ധിയും പിൻതുണയുമാണ് ഈ തീരുമാനത്തിലെക്ക് എത്താൻ വഴിയായതെന്ന് കോൺഗ്രസുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മലമ്പുഴയിൽ വി എസ് ആദ്യം അങ്കത്തിനെത്തുമ്പോൾ സതീശൻ പാച്ചേനിയെയാണ് കോൺഗ്രസ് നിയോഗിച്ചത്. വിയർപ്പൊഴുക്കിയാണ് പാച്ചേനിയെ അന്ന് വി എസ് തോൽപ്പിച്ചത്.

അതിനും അപ്പുറത്തേള്ള പോരാട്ടം മഞ്ചുക്കുട്ടൻ കാഴ്ച വയ്ക്കുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ. സിപിഎമ്മിലെ വലിയൊരു വിഭാഗം വിഎസിന് എതിരാണ്. മലമ്പുഴയിൽ ഇതും മഞ്ചുക്കുട്ടന് വോട്ടായി മാറും. തൊണ്ണൂറ്റി മൂന്നിന്റെ നിറവിലാണ് വി എസ്. അതുകൊണ്ട് തന്നെ പ്രായക്കൂടുതൽ ഉള്ള വിഎസും രാഷ്ട്രീയത്തിൽ തുടക്കക്കാരനായ മഞ്ചുകുട്ടനും തമ്മിലെ മത്സരത്തിന് ദേശീയ ശ്രദ്ധയും കിട്ടും. ഇതിലെല്ലാം ഉപരി പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ നേരിടാൻ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിനെയാണ് സിപിഐ(എം) നിയോഗിച്ചത്.

ഈ സാഹചര്യത്തിൽ കൂടിയാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവിനെ നേരിടാൻ കെ എസ് യുക്കാരനെ കോൺഗ്രസും നിയോഗിക്കുന്നത്. സുധീരനും രമേശ് ചെന്നിത്തലയും ഈ നീക്കത്തെ അനുകൂലിക്കാനാണ് സാധ്യത.