പ്രേക്ഷക പ്രീതി പിടിച്ചു പറ്റിക്കൊണ്ട് മുന്നേറുകയാണ് ഹോം എന്ന സിനിമ. സിനിമ കാണുന്ന ഓരോരുത്തരിലൂം കുട്ടിയമ്മയെന്ന മഞ്ജു പിള്ള അവതരിപ്പിച്ച കഥാപാത്രം ചിലത്തുന്ന സ്വാധീനം ചില്ലറയല്ല. ഒലിവർ ട്വിസ്റ്റിനൊപ്പം ചേർന്നു നിൽക്കുന്ന കുട്ടിയമ്മ വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരുടേയും മനസ്സിൽ ഇടം നേടി. എന്നാൽ ഈ കുട്ടിയമ്മ ഒരു സിനിമാ കഥാപാത്രം മാത്രമല്ല. യഥാർത്ഥ ജീവിതത്തിലെ കുട്ടിയമ്മയെ സിനിമയിലേക്ക് പറിച്ചു നടുകയാണ് സംവിധായകൻ റോജിൻ തോമസ് ചെയ്തത്.,

ഹോം എന്ന സിനിമയുടെ സംവിധായകനായ റോജിൻ തോമസിന്റെ അമ്മ റോസമ്മയാണ് വാസ്തവത്തിൽ മഞ്ജു പിള്ള അവതരിപ്പിച്ച കുട്ടിയമ്മയെന്ന കഥാപാത്രമായി മാറിയത്. ജീവിതത്തിൽ നിന്നും സ്‌ക്രീനിലേക്കു പറിച്ചുനട്ട കുട്ടിയമ്മയെയാണ് 'ഹോം' എന്ന സിനിമയിൽ കണ്ടത്. സ്വന്തം പരിഭവങ്ങൾ ഇടയ്ക്കിടെ പിറുപിറുത്ത് തന്റെ ചുമതലകൾ കൃത്യമായി നിറവേറ്റുന്ന കുട്ടിയമ്മയെ മഞ്ജു പിള്ള മനോഹരമാക്കി.

സിനിമയുടെ ചിത്രീകരണത്തിനിടെ റോസമ്മ വന്നിരുന്നെങ്കിലും മഞ്ജുവിന് പരിചയപ്പെടാൻ സാധിച്ചില്ലായിരുന്നു. മാത്രമല്ല ആ സമയത്ത് തന്റെ കഥാപാത്രത്തിന് പ്രചോദനം സംവിധായകന്റെ അമ്മയാണെന്നത് അറിയുകയുമില്ലായിരുന്നു. സിനിമ ഇറങ്ങിയതിനു ശേഷം അമ്മയെ പരിചയപ്പെടാൻ എത്തിയതായിരുന്നു മഞ്ജു പിള്ള.