കൊച്ചി: വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട ശബ്ദരേഖകളിൽ നടൻ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യർ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖകളും ഇതിൽപ്പെടും. ഇന്നലെയാണ് മഞ്ജുവിന്റെ മൊഴി എടുത്തത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചായിരുന്നു മൊഴി എടുക്കൽ. ഇപ്പോൾ പുറത്തു വരുന്ന ശബ്ദരേഖയിലെ കാര്യങ്ങൾ മഞ്ജുവിനോട് പൊലീസ് ചോദിച്ചറിഞ്ഞിരുന്നു.

നാളെ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചെന്നൈയിൽ നിന്ന് നാളെ കൊച്ചിയിൽ കാവ്യ എത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ ആദ്യ ഭാര്യയെ ക്രൈംബ്രഞ്ച് ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഘട്ടത്തിൽ കൂറുമാറാത്ത ചുരുക്കം സാക്ഷികളിൽ ഒരാളാണ് മഞ്ജു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് മഞ്ജു അന്നും ഇന്നും. അതിനിടെ കാവ്യയെ കുടുക്കാൻ പഴയ കൂട്ടുകാരികൾ നടത്തിയ ഗൂഢാലോചനയാണ് പൾസർ സുനി നടപ്പാക്കിയതെന്ന വാദവും ശക്തമാണ്. ഈ സാഹചര്യത്തിൽ മഞ്ജുവിന്റെ മൊഴി എടുക്കൽ നിർണ്ണായകമാണ്.

മഞ്ജു വാര്യയർ മീനാക്ഷിയെ പ്രസവിച്ച് രണ്ട് മാസം തികയും മുമ്പ് തന്നെ കാവ്യയും ദിലീപും ബന്ധമുണ്ടായിരുന്നതായി ലിബർട്ടി ബഷീർ. ഇക്കാര്യം മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞതായി കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി ബഷീർ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ലിബർട്ടി ബഷീർ നടത്തുന്നത്. കാവ്യാമാധവന്റെ പ്രേരണ കൊണ്ടാണ് ദിലീപ് എല്ലാം ചെയ്തത്. ദിലീപ് ഒറ്റയ്ക്ക് തീരുമാനിച്ചല്ല കുറ്റകൃത്യം നടത്തിയത്. പൾസർ സുനിയും ദിലീപും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. മുമ്പ് കാവ്യാമാധവനെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടമായപ്പോൾ ഭരണത്തിൽ സ്വാധീനമുള്ള കാസർഗോഡ് ജില്ലയിലെ ഒരു എംപി. ഇടപെട്ട് തടഞ്ഞുവെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ഇതെല്ലാം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ടെന്നാണ് മറുനാടന് ലഭിച്ച സൂചന. പൊലീസിനേയും ലിബർട്ടി ബഷീർ പ്രതിക്കൂട്ടിൽ നിർത്തുന്നു. ഇക്കാര്യത്തിലും മഞ്ജുവിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴി എടുത്തിരുന്നു.

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം പുറത്തു വന്ന ശബ്ദരേഖകളിൽ ചിലത് തന്റേതാണെന്ന് നേരത്തെ ദിലീപ് സമ്മതിച്ചിരുന്നു. പക്ഷേ, സുപ്രധാനമായവ മിമിക്രിയാണെന്നായിരുന്നു വാദം. ടാബിൽ റെക്കാഡ് ചെയ്ത ശബ്ദം യഥാർത്ഥമാണെന്നും കൃത്രിമം കാട്ടിയിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിൽ ആവർത്തിച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് ദിലീപ്, സഹോദരീ ഭർത്താവ് സുരാജ്, സഹോദരൻ അനൂപ് എന്നിവരെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിച്ച് ശബ്ദസാമ്പിളുകൾ ശേഖരിച്ചത്. ഇതിന്റെ ഫലം അടുത്തയാഴ്ചയേ അന്വേഷണസംഘത്തിന് ലഭിക്കൂ. ഈ സാഹചര്യത്തിലാണ് മഞ്ജുവിൽ നിന്ന് കാര്യങ്ങൾ ചോദിച്ച് അറിയുന്നത്. ഇവരെ എല്ലാം മഞ്ജുവിന് അടുത്തറിയാം.

ഈ സാഹചര്യത്തിലാണ് മഞ്ജുവിനെ ശബ്ദരേഖകൾ കേൾപ്പിച്ച് ആധികാരികത ഉറപ്പിച്ചത്. വർഷങ്ങളോളം പരിചയവും അടപ്പവുമുള്ളവർ ശബ്ദവും കൈയക്ഷവരും തിരിച്ചറിയുന്നത് കേസിന് ബലം നൽകുമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം. ശബ്ദരേഖകളുൾപ്പെടെ വഴിത്തിരിവായ നിർണായക തെളിവുകൾ നൽകിയത് മുംബയിലെ സ്വകാര്യ ലാബിലെ 'മിറർ ഇമേജ്' റിപ്പോർട്ടാണ്. വധഗൂഢാലോചന കേസിൽ തെളിവുകൾ മറയ്ക്കാൻ ദിലീപ് മുംബയിലെ ലാബ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിലെത്തിച്ച നാല് ഫോണുകളുടെ വിവരങ്ങളാണ് ഇവിടത്തെ ഹാർഡ് ഡിസ്‌കിൽ നിന്ന് വീണ്ടെടുത്ത്.

തിരുവനന്തപുരത്തെ ലാബിൽ എത്തിച്ചാണ് ഇതിന്റെ മിറർ ഇമേജെടുത്തത്. 12,000 വോയ്‌സ് കാളുകൾ വീണ്ടെടുക്കാനായി. ഇതിൽ ഏതാനും ചിലത് മാത്രമേ പുറത്തുവന്നിട്ടുള്ളൂ. വീണ്ടെടുത്തവയിൽ ഏറെയും സിനിമയുടെ ആവശ്യങ്ങൾക്കായി വിളിച്ചതാണ്. വിശദമായ പരിശോധന നടന്നുവരികയാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.