കൊച്ചി: മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതതയില്ല. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങൾ പൊലീസ് പുറത്തുവിടാത്തത്.

അതേസമയം തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസിൽ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുത്തത് ഒരു സംവിധായകന് എതിരെയാണെന്ന് മാധ്യമ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മനോരമ അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടി വാർത്ത ചെ്തിട്ടുണ്ട്. മനോരമയുടെ വാർത്ത ഇങ്ങനെ:

മഞ്ജു വാരിയരുടെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് ഒരു സംവിധായകൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിൽ കൂടിയാണ് സംവിധായകന്റെ പരാതിയും ചർച്ചയാകുന്നത്. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നതായും സൂചിപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകളും പുറത്തുവന്നിരുന്നു.

അതേസമയം ഇതിനു മുമ്പും മഞ്ജു വാരിയർ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് മഞ്ജുവിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച ചില കാര്യങ്ങളാണ് നടിയെ പ്രകോപിപ്പിച്ചതെന്നായിരുന്നു സനൽ പറഞ്ഞത്. ഈ വിഷയത്തിൽ അന്നു സനൽകുമാർ നടത്തിയ വിശദീകരണം ചുവടെ:

''കാര്യങ്ങൾ മാറിനിന്ന് നോക്കിക്കാണുമ്പോൾ എനിക്ക് ഇരിക്കപ്പൊറുതി കിട്ടാത്തതുകൊണ്ട് ഞാൻ ഒരു ചെറിയ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. എനിക്ക് അവരോട് 'മറാശൃമശേീി' ഉണ്ട് എന്നാണ് അതിൽ പ്രധാനമായും പറഞ്ഞത്. വിചിത്രമെന്ന് പറയട്ടെ, പിറ്റേ ദിവസം രാവിലെ അരൂർ സ്റ്റേഷനിലെ സിഐ ആണെന്ന് പറഞ്ഞ് എന്നെ ഒരാൾ വിളിച്ചു. എന്റെ പോസ്റ്റിനെക്കുറിച്ച് മഞ്ജുവാരിയർ അയാളോട് പരാതിപ്പെട്ടു എന്നാണ് അയാൾ പറഞ്ഞത് അത്. എനിക്കത് അവിശ്വസനീയമായി തോന്നി. ഒരു ജൂറിസ്ഡിക്ഷനും ഇല്ലാതെ അയാളോട് എന്തിന് മഞ്ജുവാരിയർ പരാതിപ്പെടണം എന്ന് ഞാൻ ചോദിച്ചു. സൗമ്യമായി തുടങ്ങിയ സംസാരം പിന്നീട് ഭീഷണിയിലേക്ക് മാറിയതോടെ അയാളോട് നിയമപരമായി നീങ്ങാൻ പറഞ്ഞപ്പോൾ അയാൾ ഫോൺ കട്ട് ചെയ്തു.

പിന്നീട് മഞ്ജുവാരിയർ തന്നെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതുകൊണ്ട് ഞാൻ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു. ഞാനവരോട് പ്രണയം പറഞ്ഞിട്ടുണ്ട്. പക്ഷേ പ്രണയാതുരനായി പിന്നാലെ നടക്കുകയാണ് എന്ന് ധരിക്കരുത്. അവരുടെ ജീവൻ അപകടത്തിലാണെന്ന തോന്നൽ എനിക്ക് വളരെ ശക്തമായി ഉണ്ട്. വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് രായ്ക്ക് രാമാനം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ആ കേസ് കേവലം ഒന്നോ രണ്ടോ വ്യക്തികളിൽ ഒതുങ്ങിനിൽക്കുന്നതല്ല എന്ന് തുടക്കം മുതൽ തോന്നിയിരുന്നു. അന്വേഷണം അതിന്റെ കാതലായ ഭാഗത്തേക്ക് കടന്നതോടെ അന്വേഷണം സർക്കാർ തന്നെ ലജ്ജയില്ലാതെ അട്ടിമറിക്കുന്നു. അതിനി മുന്നോട്ട് പോകുമെന്ന് എനിക്ക് വിശ്വാസമില്ല. പക്ഷെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജുവാര്യർ ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണ് എന്ന് ഞാൻ ബലമായി സംശയിക്കുന്നു. ''

മഞ്ജു വാരിയരെ നായികയാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് 'കയറ്റം'. മഞ്ജു വാരിയർ തന്നെ നിർമ്മിച്ച ചിത്രം പൂർണമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ ക്യാമറ മികവിന് ചന്ദ്രു സെൽവരാജിന് മികച്ച ഛായാഗ്രഹണത്തിലുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.