റാന്നി: ഒരിക്കലും നടക്കില്ലെന്ന് മനസിൽ ഉറപ്പിക്കുകയും. പക്ഷേ എന്നെങ്കിലും നടക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്ത സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിഞ്ഞതിന്റെ സന്തേഷത്തിലാണ് വടശ്ശേരിക്കര സ്വദേശി വിദ്യ. അതിൽ വിദ്യയെക്കാലും സന്തോഷിക്കുന്ന ഒരാളായിരിക്കും മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. കാരണം മറ്റൊന്നുമല്ല ഈ വീട് വിദ്യയ്ക്കായി സമ്മാനിക്കുന്നത് മഞ്ജു തന്നെയാണ്. 

2015-ൽ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നൃത്തത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് മഞ്ജു വാര്യർ പ്രഖ്യാപിച്ചതാണ് വീട്.ഇന്ന് വിദ്യയുടെ സ്വപ്‌നവും മഞ്ജുവിന്റെ വാക്കും യാഥാർത്ഥ്യമാകുന്ന ദിവസമാണ്. ഇന്ന് ഉച്ചയ്ക്ക് 12.20നാണ് പാലു കാച്ചൽ ചടങ്ങി. ഈ സന്തോഷത്തിൽ പങ്കാളിയാവാൻ മഞ്ജു വാര്യരും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിന്റെ സന്തോഷത്തിലും കാത്തിരിപ്പിലുമാണ് വിദ്യ. 

മഞ്ജു വാര്യർ സമ്മാനിച്ച സ്‌നേഹത്തിന്റെ വലിയൊരു മുദ്രയാണഅ വടശ്ശേരിക്കര കടമാൻകുന്ന് ക്ഷേത്രത്തിനടുത്ത് പണിത മനോഹരമായ കൊച്ചുവീട്. മാറിമാറി താമസിച്ചുവന്ന വാടകവീടുകളിൽനിന്നു മോചനമാണ് വിദ്യക്കും അമ്മയ്ക്കും ചേച്ചിമാർക്കും. മനസ്സമാധാനത്തോടെ സുരക്ഷിതമായി ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. ആരും ഇറക്കി വിടാനോ ഉപദ്രവിക്കാനോ എത്തില്ലെന്ന പേടി മറക്കാം.

കലോത്സവത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിക്കുന്ന ചടങ്ങിലായിരുന്നു 12 കുട്ടികൾക്കു സഹായപ്രഖ്യാപനം നടത്തിയത്. കുട്ടികളിൽ പലരുടെയും സ്ഥിതി ചോദിച്ചറിഞ്ഞ മഞ്ജു, നാലുപേർക്ക് വീടു നിർമ്മിച്ചുനൽകുമെന്നും അറിയിച്ചു. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത വിദ്യയും ഇതിൽ ഉൾപ്പെട്ടു.

റാന്നി വടശ്ശേരിക്കര ചരിവുകാലായിൽ ചന്ദ്രികാദേവിയുടെ മൂന്നു പെൺമക്കളിൽ ഇളയവളാണ് വിദ്യ. അച്ഛൻ ചെറുപ്പത്തിലേ കുടംബത്തെ ഉപേക്ഷിച്ചുപോയിരുന്നു. വടശ്ശേരിക്കര ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനു സമീപം പുറമ്പോക്കു സ്ഥലത്തു ചായക്കട നടത്തിയാണ് ചന്ദ്രികാദേവി കുടുംബം പോറ്റിയിരുന്നത്. നിരവധിപേരുടെ സഹായത്തോടെയാണ് കലോത്സവങ്ങളിൽ പങ്കെടുത്തിരുന്നത്. രോഗിയായ ചന്ദ്രികാദേവിക്കു ചികിത്സച്ചെലവും കണ്ടെത്തേണ്ടിവന്നു. ഇവരുടെ സ്ഥിതി മനസ്സിലാക്കിയാണ്, നൃത്തയിനങ്ങളിൽ കഴിവുതെളിയിച്ചിരുന്ന വിദ്യക്ക് വീടു നിർമ്മിച്ചുനൽകാനും ചികിത്സാസഹായം നൽകാനും മഞ്ജു വാര്യർ തയ്യാറായത്.

വിദ്യയുടെ നഴ്‌സായ ചേച്ചി സമ്പാദിച്ച പണം ചേർത്ത് അഞ്ചുസെന്റ് സ്ഥലം വാങ്ങുകയായിരുന്നുവെന്ന് ചന്ദ്രികാദേവി പറഞ്ഞു. പത്തുമാസം മുമ്പാണ് സ്ഥലം ലഭിച്ചത്. പിന്നീടു വേഗത്തിൽ വീട് പൂർത്തിയാക്കിത്തന്നു. ചെന്നൈ എം.ജെ.ജാനകി കോളേജിലെ ബി.എ. ഭരതനാട്യം വിദ്യാർത്ഥിനിയാണിപ്പോൾ വിദ്യ. നൃത്തപഠനച്ചെലവും അമ്മയ്ക്കു മരുന്നു വാങ്ങാനുള്ള പണവും, കണ്ടനാൾമുതൽ മഞ്ജു വാര്യർ നൽകിവരുന്നതായി വിദ്യ പറഞ്ഞു. പാലുകാച്ചിന് മഞ്ജുച്ചേച്ചി എത്തുന്നതും കാത്തിരിക്കുകയാണ് വിദ്യയും കുടുംബാംഗങ്ങളും.