കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ ദിലീപിനെതിരെ അന്വേഷണ സംഘം സമർപ്പിച്ചത് പഴുതടച്ചുള്ള കുറ്റപത്രമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മഞ്ജു വാര്യരുമായുള്ള ദാമ്പത്യബന്ധം തകർത്ത നടിയോടുള്ള ദിലീപിന്റെ പകയാണ് ആക്രമണത്തിന് കാരണമെന്ന വാദത്തെ പിന്തുണച്ച് മഞ്ജുവാര്യർ മുഖ്യസാക്ഷിയായി എത്തുമ്പോൾ ദിലീപിന്റെ നില കൂടുതൽ പരുങ്ങലിലാവുമെന്നാണ് വിലയിരുത്തൽ. വിചാരണക്കാലത് ചർച്ചയാവുക ദിലീപ്-മഞ്ജു ദാമ്പത്യം തന്നെയാകും. ഇത് ദിലീപിന് കടുത്ത വെല്ലുവിളിയാവുകയും ചെയ്തു. ഇതിനെ തകർക്കാനാണ് പ്രതിഭാഗത്തിനായി തന്ത്രങ്ങൾ ഒരുങ്ങുന്നത്. രണ്ടാം പ്രതി മാർട്ടിന്റെ വെളിപ്പെടുത്തലും ഇതിന്റെ ഭാഗമായി വേണം കാണണമെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

മഞ്ജുവുമായുള്ള വിവാഹ ബന്ധം തകരാൻ കാരണം കാവ്യയുമായുള്ള ബന്ധമല്ലെന്നാണ് ദിലീപിന്റെ പക്ഷം. ഈ വാദം തെളിയിക്കാൻ പ്രതിഭാഗം സാക്ഷിയായി ദിലീപ്-മഞ്ജു ദമ്പതികളുടെ മകളായ മീനാക്ഷിയും എത്തുമെന്നാണ് സൂചന. വിചാരണയിൽ മീനാക്ഷിയെ സാക്ഷിയാക്കാൻ പ്രതിഭാഗം തയ്യാറാകുമെന്നാണ് സൂചന. ഇതിന്റെ സാധ്യതകൾ ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള തേടുന്നുണ്ട്. കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയില്ലെന്ന നിലപാടാണ് ദിലീപ് അന്വേഷണത്തിന്റെ തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. ദിലീപ് പല സ്ഥലങ്ങളിൽവച്ച് പൾസർ സുനിയെ കണ്ടകാര്യം കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളതിനാൽ വിചാരണവേളയിൽ ഓരോ തവണയും എന്തിനാണ് സുനിയെ കണ്ടതെന്ന ചോദ്യത്തിന് ദിലീപ് മറുപടി നൽകേണ്ടി വരും. പൾസർ സുനിയാണ് കൃത്യം ചെയ്തതെന്ന് വ്യക്തമാണെന്നിരിക്കെ ഇയാളും ദിലീപും തമ്മിലുള്ള ബന്ധം നിർണായകമാണ്. ഇയാളെ അറിയില്ലെന്ന ദിലീപിന്റെ വാദം പൊളിക്കാൻ കുറ്റപത്രത്തിൽ സാഹചര്യ തെളിവുകൾ ഏറെയുണ്ട്.

മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം തകരാൻ കാരണക്കാരിയായ യുവ നടിയോടുള്ള ദിലീപിന്റെ പകയാണ് ആക്രമണത്തിന് കാരണമെന്ന് കുറ്റപത്രം പറയുന്നുണ്ട്. ആ നിലയ്ക്ക് മഞ്ജു വാര്യരുടെ സാക്ഷിമൊഴി കേസിലെ മോട്ടീവ് (ഉദ്ദേശ്യം) തെളിയിക്കാൻ പര്യാപ്തമാകും. ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് എങ്ങനെയറിഞ്ഞുവെന്ന ചോദ്യം വിചാരണവേളയിൽ മഞ്ജുവാര്യർ നേരിടേണ്ടി വരും. ഇരയായ യുവനടി പറഞ്ഞാണെന്ന മൊഴി മഞ്ജു പറഞ്ഞാൽ ദിലീപിന് കുരുക്ക് മുറുകും. അത്തരത്തിലൊരു സംശയം ദിലീപിനുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയാലും കുരുക്കാകും. ഈ സാഹചര്യത്തിലാണ് ഇതായിരുന്നില്ല മഞ്ജുവുമായുള്ള കുടുംബ പ്രശ്നത്തിന് കാരണമെന്ന് വരുത്താനുള്ള ദിലീപിന്റെ നീക്കം. അമ്മയുടെ മൊഴി തകർക്കാൻ മകളെ കോടതിയിലെത്തിക്കാനാണ് നീക്കം.

രാമൻപിള്ളയാണ് ദിലീപിന്റെ വക്കീൽ. വിചാരണ സമയത്ത് പ്രോസിക്യൂഷൻ വാദങ്ങളെ തകർത്തെറിയുന്ന അഭിഭാഷകൻ. മകളുടെ മൊഴിയുണ്ടെങ്കിൽ മഞ്ജു പറയുന്നത് കള്ളമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ആക്രമത്തിനിരയായ നടിയാണ് കുടുംബം തകർത്തതെന്ന നിലപാട് ദിലീപിനില്ലെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം. ഇതിനൊപ്പം തനിക്കെതിരെയുള്ള ഗൂഢാലോചന തെളിയിക്കാനും മകളുടെ നിലപാട് വിശദീകരണത്തിലൂടെ ദിലീപിന് കഴിയും. അങ്ങനെ നടിയെ ആക്രമിക്കേണ്ട വൈരാഗ്യം തനിക്കില്ലെന്ന് വരുത്താനാകും ശ്രമിക്കുക. സിനിമയിലെ ചില്ലറ പ്രശ്നങ്ങൾ മാത്രമാണ് തനിക്ക് നടിയുമായുള്ളതെന്ന് വരുത്തുകയാണ് ദിലീപിന്റെ ലക്ഷ്യം. ഇതിനൊപ്പമാണ് മാർട്ടിന്റെ വെളിപ്പെടുത്തൽ എത്തുന്നത്. ഇതും പ്രതിഭാഗം ചർച്ചയാക്കും.

നടി ആക്രമിക്കപ്പെട്ടപ്പോൾ തന്നെ തന്റെ പേര് പലരും വലിച്ചിഴച്ചു. ഇത് മനസ്സിലാക്കിയ പൾസർ സുനി തന്നെ കുടുക്കുകയായിരുന്നുവെന്നാണ് ദിലീപ് പറയുന്നത്. ഇതിന് പിന്നിൽ ചില സിനിമാക്കാരും കൂടി. അതാണ് കേസിന് കാരണമെന്നാണ് ദിലീപിന്റെ പക്ഷം. പൾസർ സുനിയുമായി തനിക്ക് മുഖ പരിചയം പോലുമില്ലെന്ന് പറയുന്ന ദിലീപ് ഇപ്പോൾ നടക്കുന്നതെല്ലാം കെട്ടി ചമച്ച കഥകളാണെന്നാണ് പറയുന്നത്. പൾസർ സുനി സഹതടവുകാരൻ വിഷ്ണുവിന്റെ പേരിൽ നാദിർഷയേയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും വിളിച്ച ഫോൺ കോളിലാണ് ചില പ്രമുഖ സിനിമാ പ്രവർത്തകരുടെ പേര് പരാമർശിക്കുന്നത്. ഒന്നര കോടി രൂപ നൽകിയില്ലെങ്കിൽ ദിലീപിന്റെ പേര് പറയാൻ രണ്ടര കോടി രൂപ നൽകാൻ സിനിമാ രംഗത്ത് ആളുണ്ടെന്നായിരുന്നു ഭീഷണി. ജാമ്യാപേക്ഷയുമായി രണ്ടാം വട്ടവും കോടതിയിൽ എത്തിയപ്പോഴും ഗൂഡാനോചന നടന്നു എന്ന വാദത്തിൽ ദിലീപ് ഉറച്ച് നിന്നു.

നടൻ പൃഥ്വിരാജ്, നടി പൂർണ്ണിമ ഇന്ദ്രജിത്ത്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ പേരുകളാണ് പൾസർ സുനിയുടെ കോളിൽ പരാമർശിച്ചിരുന്നതെന്നും വെളിപ്പെടുത്തലെത്തി. ഈ ഫോൺ കോളിന്റെ റെക്കോർഡിങ് സഹിതമാണ് ദിലീപ് ഡിജിപിക്ക് പരാതി നൽകിയിരുന്നത്. കോളിൽ പരാമർശിക്കുന്ന ഇവരുടെ മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ലല്ലെന്നും ദിലീപ് ആരോപിച്ചിരുന്നു. ഇതെല്ലാം വിചാരണ സമയത്ത് വീണ്ടും ചർച്ചയാക്കും. ഇതിന് മാർട്ടിന്റെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകും. തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ദിലീപ് ആരോപിക്കുന്നു. നടി മഞ്ജുവാര്യർ, പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബർട്ടി ബഷീർ എന്നിവരും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളെയും ഗൂഢാലോചനക്കാരായി ദിലീപ് ജാമ്യഹർജിയിലും മറ്റും എടുത്തു കാട്ടിയിരുന്നു.

എഡിജിപി സന്ധ്യയും മഞ്ജുവും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യർക്കും ശ്രീകുമാർ മേനോനും രമ്യാ നമ്പീശനും ലാലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രണ്ടാംപ്രതി മാർട്ടിൻ നടത്തിയിരിക്കുന്നത്. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും ലാലും രമ്യാ നമ്പീശനും ചേർന്ന് ദിലീപിനെ കുടുക്കാനുണ്ടാനുണ്ടാക്കിയ കെണിയാണ് കേസെന്നാണ് മാർട്ടിൻ പറഞ്ഞത്.

താനുൾപ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യർക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും മാർട്ടൻ പറഞ്ഞു. കോടതിയിൽ പൂർണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാർട്ടിൻ പറഞ്ഞു. വിചാരണയുടെ ഭാഗമായി എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു മാർട്ടിന്റെ പ്രതികരണം.