മലയാളിയുടെ പ്രിയ നടിയാണ് മമഞ്ജു വാര്യർ. അതുകൊണ്ട് തന്നെയാണ് പതിനാല് വർഷത്തിന് ശേഷമുള്ള മഞ്ജുവിന്റെ വെള്ളിത്തിരിയിലേക്കുള്ള മടങ്ങിമരവ് മലയാളി ആഘോഷമാക്കിയത്. ഹൗ ഓൾഡ് ആർ യുവിലെ നിരുപമാ രാജീവ് പറഞ്ഞതെല്ലാം കൈയടിയോടെ പ്രേക്ഷകർ ഏറ്റുവാങ്ങി. ഇപ്പോൾ രണ്ടാമത്തെ ചിത്രവുമായി മഞ്ജു തയ്യാറെടുക്കുന്നു. തിരിച്ചുവരവിനായൊരുക്കിയ ഹൗ ഓൾഡ് ആർ യുവിൽ മഞ്ജുവെന്ന ഒറ്റതാരമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ ചിത്രം അങ്ങനെയല്ല.

സത്യൻ അന്തിക്കാടിന്റെ എന്നും എപ്പോഴും മോഹൻലാലും മഞ്ജു വാര്യരും ഒരുമിക്കുന്ന ചിത്രമാണ്. ആറാംതമ്പുരാനിലും കന്മദത്തിലും തകർത്തഭിനയിച്ച് പ്രേക്ഷക കൈയടി വാങ്ങിയ കോമ്പിനേഷൻ. ഇവിടെ ആരാണ് മികച്ചത് എന്നതാകും പ്രധാന ചർച്ചാ വിഷയം. അതിനുള്ള സാധ്യത എന്നും ഏപ്പോഴിലെ നായികയായ മഞ്ജു തന്നെ ഇല്ലാതാക്കുകയാണ്. താൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ക്രെഡിറ്റ് ലാലേട്ടന്. ഫെയ്‌സ് ബുക്കിലാണ് ലാലെന്ന നടന വിസ്മയത്തെ ഉയർത്തിക്കാട്ടി മഞ്ചു പോസ്റ്റിട്ടത്.

'ലാലേട്ടൻ ഒരു മാന്ത്രികക്കണ്ണാടിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തനിക്കെതിരെ നിൽക്കുന്നവരിലേക്ക് തന്റെയുള്ളിലെ ദിവ്യമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന അഭിനേതാവ്'-ഇതാണ് മഞ്ജുവിന് ലാലേട്ടനെ കുറിച്ച് പറയാനുള്ളത്

മഞ്ജു വാര്യരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം

Today my note is about the legendary actor and persona who we have come to love and address Lalettan....He is a universtiy for his Co stars and god bless our combination has always been accepted by our dear viewers....This note is dedicated to the great actor and human that you are sir...
ലാലേട്ടൻ എന്ന വിസ്മയം
...............................................
ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട വാക്കാണ് വിസ്മയം എന്ന് കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ വിശേഷിപ്പിക്കാനും അതിനപ്പുറമൊരു വാക്കില്ല. എത്രയോവർഷങ്ങൾക്കുശേഷമാണ് ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. കന്മദത്തിലും ആറാംതമ്പുരാനിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് വീരപരിവേഷമുണ്ടായിരുന്നു. പക്ഷേ എന്നും എപ്പോഴും എന്ന ചിത്രത്തിൽ തീർത്തും സാധാരണക്കാരനായ പത്രപ്രവർത്തകനെയാണ് ലാലേട്ടൻ അവതരിപ്പിക്കുന്നത്. കളിയും ചിരിയും തമാശയുമൊക്കെയായി അദ്ദേഹത്തിന്റെ സ്വഭാവത്തിൽ തന്നെ രൂപപ്പെടുത്തിയ കഥാപാത്രം. ലാലേട്ടൻ ഒരു മാന്ത്രികക്കണ്ണാടിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തനിക്കെതിരെ നില്കുന്നവരിലേക്ക് തന്റെയുള്ളിലെ ദിവ്യമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന അഭിനേതാവ്. ഈ സിനിമയിൽ എനിക്ക് എന്തെങ്കിലും ചെയ്യാനായിട്ടുണ്ടെങ്കിൽ അത് ലാലേട്ടനിൽ നിന്ന് കിട്ടിയ ദൈവികമായ ഊർജത്താലാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ലാലേട്ടൻ പല സീനുകളും അഭിനയിക്കുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടുപോകും. എങ്ങനെ കഴിയുന്നു ഇത് എന്ന അവിശ്വസനീയതയിൽ നമ്മൾ അഭിനയിക്കാൻ മറന്നുനില്കും. ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ചില സംഭാഷണങ്ങൾ ഇതിലുണ്ട്. അത്രയും നേരം വെറും വെള്ളക്കടലാസിലെ അക്ഷരങ്ങൾ മാത്രമായിരുന്ന അവയ്ക്ക് ലാലേട്ടന്റെ ചുണ്ടിലൂടെ പുറത്തുവന്നതോടെ ജീവൻവയ്ക്കുകയായിരുന്നു. പ്യൂപ്പ ചിത്രശലഭമാകുന്നതുപോലൊരു വിസ്മയം. എന്നും എപ്പോഴും എനിക്ക് തന്ന ഏറ്റവും വലിയ വിസ്മയവും മോഹൻലാൽ എന്ന മഹാപ്രതിഭയുടെ പ്രകടനം വർഷങ്ങൾക്ക് ശേഷം അരികെ നിന്ന് കാണാനായി എന്നതാണ്