കൊച്ചി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ ഇന്നസെന്റ് മത്സരിക്കില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഇന്നസെന്റ് മത്സരത്തിൽ നിന്ന് പിന്മാറുമെന്നാണ് സൂചന. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗ്ലാമർ മുഖമാകാൻ മറ്റൊരു താരത്തെ തേടുകയാണ് സിപിഎം. എറണാകുളത്തോ ചാലക്കുടിയിലോ ഈ സിനിമാ താരത്തെ മത്സരിപ്പിക്കാനാണ് നീക്കം. സൂപ്പർതാരം മമ്മൂട്ടിക്കാകും താരത്തെ കണ്ടെത്താനുള്ള ചുമതല സിപിഎം നേതൃത്വം നൽകിയിരിക്കുന്നത്. മഞ്ജു വാര്യരാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. മഞ്ജു ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മഞ്ജു സമ്മതം മൂളിയാൽ ആവശ്യപ്പെടുന്ന ഏത് സീറ്റിലും ലേഡി സൂപ്പർസ്റ്റാറിനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ജുവിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ മഞ്ജു സമ്മതിച്ചില്ല. അതിന് ശേഷം കോഴിക്കോട് നടന്ന ബിജെപിയുടെ ദേശീയ എക്‌സ്യിക്യൂട്ടീവിൽ മഞ്ജു എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിൽ നൃത്തം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് നടിയെ ആക്രമിച്ച കേസും ദിലീപിന്റെ അറസ്റ്റും ഉണ്ടായത്. ഈ കേസിൽ ദിലീപിന് അനുകൂലമായി ചില ബിജെപി നേതാക്കൾ നിന്നുവെന്ന വിമർശനമെത്തി. കേസ് സിബിഐയ്ക്ക് വിട്ട് ദിലീപിനെ രക്ഷിക്കാനും നീക്കമുണ്ട്. ഇതോടെ ബിജെപി ക്യാമ്പുമായി മഞ്ജു അകന്നു. എന്നാൽ മഞ്ജുവിന്റെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. ഈ സാഹചര്യത്തിലാണ് മഞ്ജുവിനെ സിപിഎമ്മിലേക്ക് അടുപ്പിക്കാൻ നീക്കം നടക്കുന്നത്.

സാമൂഹിക വിഷയങ്ങളിൽ ഉറച്ച നിലപാടെടുക്കുന്നതും മഞ്ജു ജനപ്രീതി ഉയർത്തിയിട്ടുണ്ട്. മഞ്ജുവിനെ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ നടിയെ എറണാകുളത്തു നിന്നും മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഇതിനുള്ള ചർച്ചകൾ പാർട്ടിയിൽ തുടങ്ങിക്കഴിഞ്ഞു. വർഷങ്ങളായി എറണാകുളം മണ്ഡലം കോൺഗ്രസിന്റെ പിടിയിലാണ്. കെ.വി. തോമസാണ് ഇപ്പോൾ തുടർച്ചയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. മികച്ച സ്ഥാനാർത്ഥികളെ ഇറക്കിയെങ്കിലും ഇവിടെ തോമസിന്റെ ഭൂരിപക്ഷം വർധിക്കുകയല്ലാതെ സിപിഎമ്മിന് കാര്യമായൊന്നും ചെയ്യാനായില്ല. ഇതിനിടെയാണ് മഞ്ജുവിനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം തുടങ്ങിയത്. ജില്ലാ സെക്രട്ടറി പി. രാജീവാണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

അല്ലെങ്കിൽ രാജീവിന് ഇവിടെ മത്സരിക്കേണ്ടി വരും. അത് ഒഴിവാക്കാൻ കൂടിയാണ് നീക്കം. മമ്മൂട്ടിയുടെ സഹായത്തോടെ മഞ്ജുവിനെ സമ്മതിപ്പിക്കാനാണ് നീക്കം. സ്ത്രീ വോട്ടർമാർക്കിടയിൽ നല്ല സ്വാധീനമുണ്ടാക്കാൻ ഈ നീക്കം വഴിതെളിക്കുമെന്നാണ് സിപിഎമ്മിന്റെ വിശ്വാസം, അടുത്തിടെ ഓഖി ചുഴലിക്കാറ്റ് വീശിയടിച്ച കേന്ദ്രങ്ങളിൽ മഞ്ജു സന്ദർശനം നടത്തുകയും പ്രദേശവാസികളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. സമാനമായ പല ഇടപെടലും ലേഡി സൂപ്പർസ്റ്റാർ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നീക്കം. എന്നാൽ മഞ്ജു ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പുണ്ണിത്തുറയിൽ ശ്രീനിവാസനെ മത്സരിപ്പിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ ശ്രീനിവാസൻ സമ്മതം മൂളിയില്ല. ഈ സാഹചര്യത്തിൽ മഞ്ജുവുമായുള്ള ചർച്ചകൾ കരുതലോടെ മാത്രമേ നടത്തൂ.

എറണാകുളം കേന്ദ്രീകരിച്ച് അടുത്തിടെ നടി പല പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. സിനിമയിലെ വിവാദങ്ങളിൽ നിന്നും നിരന്തരം വിട്ടുനിൽക്കുന്നതും ഇതിന്റെ ഭാഗമായാണ്. സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവിൽ നിന്ന് നടി ഒഴിവായതിനു പിന്നിലെ കാരണവും ഇതുതന്നെ. നടി പാർവതിയുടെ പ്രസ്താവനകളിൽ മമ്മൂട്ടിക്കെതിരേ മഞ്ജു ഒരു വാക്കുപോലും പറഞ്ഞില്ല. ഡബ്ല്യുസിസിയിൽ ഇനിയില്ലെന്ന് നടി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ അപമാനിച്ചത് മോശമായെന്ന് മഞ്ജു വിലയിരുത്തുന്നു.

കഴിഞ്ഞ ദിവസം മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി മഞ്ജു വാര്യർ പങ്കെടുത്തു. മമ്മൂട്ടി ഫാൻസ് തിരുവനന്തപുരം ജില്ലാ കമ്മറ്റി പുറത്തിറക്കുന്ന കലണ്ടറിന്റെ പ്രകാശനം മഞ്ജു വാര്യർ നിർവഹിച്ചു. വിമൺ കളക്ടീവിലെ ഭിന്നതയാണ് സൂചിപ്പിക്കുന്നത്. സംഘടന പിളർപ്പിലേക്ക് നീങ്ങുന്നതിന്റെ സൂചനയായും മഞ്ജുവിന്റെ നടപടി വിലയിരുത്തപ്പെടുന്നു. സംഘടനയേയും അതിലെ അംഗങ്ങളേയും അസഭ്യം പറഞ്ഞവരുടെ പരിപാടിയിൽ പങ്കെടുക്കുന്നതിന് എന്തിന് മഞ്ജു പോയെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ഇതിലെല്ലാം രാഷ്ട്രീയ കണ്ണുണ്ടെന്നാണ് വിലയിരുത്തൽ.