തൃശൂർ: ആത്മാർത്ഥ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മറ്റെല്ലാ തിരക്കും മാറ്റി വച്ചാണ് മഞ്ജു വാര്യർ ഇന്ന് തൃശൂരിലെത്തിയത്. പച്ച ബോർഡറുള്ള മഞ്ഞ പട്ടു സാരിയിൽ അതീവ സന്തോഷവതിയായാണ് മഞ്ജു എത്തിയത്. ഭാവന സ്വന്തം ചേച്ചിയുടെ സ്ഥാനത്ത് കാണുന്ന മഞ്ജു വിവാഹ ചടങ്ങിലും വൈകിട്ട് സിനിമക്കാർക്കായി ലുലു കൺവെൻഷൻ സെന്ററിൽ നടക്കുന്ന സൽക്കാര ചടങ്ങിലും നിറസാന്നധ്യമാകും.

മഞ്ജു വാര്യരും നവ്യാ നായരും ഒരുമിച്ചാണ് വിവാഹ വേദിയിലേക്ക് എത്തിയത്. രാവിലെ തിരുവമ്പാടി ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിലും മഞ്ജു പങ്കെടുത്തു. ഇപ്പോൾ ജവഹർലാൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിവാഹ ചടങ്ങിലും നിറ സാന്നിധ്യമായി മഞ്ജുവുണ്ട്. കഴിഞ്ഞ മാർച്ചിൽ നടന്ന നടിയുടെ വിവാഹ നിശ്ചയ ചടങ്ങിലും മഞ്ജു വാര്യർ നിറ സാന്നിധ്യമായിരുന്നു. ഇരുവരും തമ്മിൽ സൗഹൃദത്തിനപ്പുറം ചേച്ചി അനുജത്തി ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ മറ്റെല്ലാ തിരക്കുകളും മഞ്ജു ഭാവനയുടെ കല്ല്യാണത്തിന് വേണ്ടി മാറ്റി വെയ്ക്കുകയായിരുന്നു.

ഇരുവരും തങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും പരസ്പരം തണലായിരുന്നു. മഞ്ജു വാര്യർക്ക് പുരമേ നവ്യാ നായർ, ഷംനാ കാസിം, രമ്യാ നമ്പീശൻ, ലെന, കലാഭവൻ ഷാജു തുടങ്ങി നിരവധി താരങ്ങളും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്, വൈകിട്ടാണ് സിനിമാ താരങ്ങൾക്കായുള്ള വിരുന്ന് സത്ക്കാരം.

ഇപ്പോൾ നടക്കുന്ന വിവാഹ ചടങ്ങിൽ സിനിമാ മേഖലയിൽ നിന്നും അടുപ്പമുള്ള വളരെ കുറച്ച് പേർക്ക് മാത്രമാണ് ക്ഷണം. ഇന്നലെ ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര ഭാവനയ്ക്ക് വിവാഹ മംഗള ആശംസ നേർന്നിരുന്നു. വീഡിയോയിലൂടെയാണ് പ്രിയങ്ക ഭാവനയെ ആശംസിച്ചത്. ഞാൻ നിങ്ങളുടെ ആരാധികയാണെന്നും എല്ലാ ആശംസകളും നേരുന്നു എ്ന്നായിരുന്നു പ്രിയങ്കയുടെ ആശംസ.

വൈകിട്ട് ലുലു കൺവെൻഷൻ സെന്ററിലാണ് സിനിമാതാരങ്ങൾക്കും മറ്റ് സഹപ്രവർത്തകർക്കുമുള്ള വിരുന്ന് ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇരു ചടങ്ങുകളിലേക്കും മാധ്യമങ്ങൾക്ക് പ്രവേശനമില്ലെന്നാണ് വിവരം.

ഇന്നലെ രമ്യാ നമ്പീശന്റെ നേതൃത്വത്തിൽ സിനിമ മേഖലയിലെ അടുത്ത കൂട്ടുകാരികൾ എത്തിയിരുന്നു. ഇവരാണ് മൈലാഞ്ചിയിടൽ ചടങ്ങ് നടത്തിയത്. ആറ് വർഷമായി നവീനും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ വർഷം മാർച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നവീന്റെ അമ്മ മരിച്ച് ഒരു വർഷം തികയാൻ കാത്തിരുന്നതിനാലാണ് വിവാഹം അൽപ്പം നീട്ടിവെച്ചത്.

2012ൽ കന്നട ചിത്രമായ റോമിയോയുടെ ഷൂട്ടിങ്ങിനിടെയാണ് ഭാവന നവീനെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നു. 2014ൽ വിവാഹിതരാകാനായിരുന്നു പദ്ധതിയെങ്കിലും വളരെ മുൻപ് പല സിനിമകൾക്കും ഡേറ്റ് നൽകിയതിനാൽ തിരക്കുമൂലം കഴിഞ്ഞില്ല. 2015 സെപ്റ്റംബറിൽ ഭാവനയുടെ അച്ഛന്റെ ആകസ്മികമായ വിയോഗവും വിവാഹം നീണ്ടുപോകാൻ കാരണമായി. ഭാവനയുടെ കുടുംബാംഗങ്ങൾക്കെല്ലാം സുപരിചിതനായിരുന്നു നവീൻ. ഇടയ്ക്കിടെ തൃശൂരിൽ സന്ദർശനം നടത്താറുള്ള ഇദ്ദേഹവുമായി നല്ല ബന്ധമാണ് എല്ലാവർക്കുമുള്ളത്.