കൊച്ചി: സിനിമയിലേക്കുള്ള രണ്ടാം വരവ് ഒരു സിനിമയിലൂടെ തന്നെ ഉജ്ജ്വലമാക്കിയ നടി മഞ്ജു വാര്യർ മനോരമ ന്യൂസിന്റെ വാർത്താതാരം ആകാനുള്ള ശ്രമത്തിലാണ്. ചാനലിൽ വാർത്താ താരമാകാൻ പ്രമുഖർക്കൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന താരവുമായി കഴിഞ്ഞദിവസം ചാനൽ അഭിമുഖം സംഘടിപ്പിച്ചു. സിനിമയിലേക്കുള്ള രണ്ടാം വരവിനെ കുറിച്ച് വിശദമായി സംസാരിച്ച മഞ്ജു ദിലീപുമായി ബന്ധം വേർപെടുത്തിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മൗനം പാലിച്ചു. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന സിനിമയിലോ പരസ്യത്തിലോ അഭിനയിക്കില്ലെന്ന് പറഞ്ഞ അവർ കേരളത്തിൽ അങ്ങോളമിങ്ങോളം അരങ്ങേറുന്ന ചുംബന സമരത്തിന്റെ ലക്ഷ്യമെന്തെന്ന് അറിയില്ലെന്നും അഭിമുഖത്തിൽ പറഞ്ഞു. സിനിമയിലേക്കുള്ള രണ്ടാം വരവിൽ ഒരു ചാനലിന് നൽകി സുദീർഘമായ അഭിമുഖമായിരുന്ന മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ പരിപാടിയിൽ മഞ്ജു നൽകിയത്.

'ഹൗ ഓൾഡ് ആർയുവിന് മുമ്പ് മോഹൻലാലിനൊപ്പമുള്ള ചിത്രമായിരുന്നു തിരിച്ചുവരാനായി തിരഞ്ഞെടുത്തതെന്ന് മഞ്ജു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ അതിന് സാധിക്കാതെ വന്നപ്പോഴാണ് ഹൗ ഓൾഡ് ആർയു തിരഞ്ഞെടുത്തത്. ഈ ചിത്രമാണ് തനിക്ക് തിരിച്ചുവരാൻ പറ്റിയ ഏറ്റവും മികച്ച സിനിമയിലെന്ന് പിന്നീല് പലരും പറഞ്ഞു. സിനിമയിൽ നിന്നും മാറി നിന്ന ശേഷം തിരികെ എത്തിയപ്പോൾ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചതായി തോന്നിയില്ല. മലയാള സിനിമ അന്നും ഇന്നും ഒരു കുടുംബം പോലെയാണ്. സിനിമയിൽ വന്ന മാറ്റങ്ങൾ പോലതന്നെ കാലത്തിന്റെ മാറ്റങ്ങൾ എന്നിലും സംഭവിച്ചിരുന്നു.

അറിയപ്പെടാത്ത ഒരുപാട് സത്രീകളുടെ കഥയാണ് ഹൗ ഓൾഡ് ആർ യുവിലൂടെ പ്രേക്ഷകരോട് പറഞ്ഞത്. സിനിമയിൽ നിന്നും വിട്ടു നിന്ന വേളയിൽ പുറത്തുപോകുമ്പോഴും മറ്റും കാണുന്നവരൊക്കെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. തിരിച്ചുവരുന്നില്ലേ എന്ന് പലരും ചോദിച്ചു. ഈ ചോദ്യങ്ങൾ പലപ്പോഴും താൻ ആസ്വദിക്കുകയും ഇതിൽ ആഹ്ലാദിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഹൗ ഓഡ് ആർയുവിന്റെ വിജയത്തോടെ തന്നിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നിരിക്കയാണ്. ആദ്യസിനിയുടെ വിജയംആത്മവിശ്വാസം നൽകുന്നതാണ്. ഇതോടൊപ്പം തന്നെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പ്രേക്ഷകരുടെ പ്രതീക്ഷക്കൊപ്പം ഉയരാൻ സാധിക്കുമോ എന്നതാണ് പ്രധാന ആശങ്ക.

എന്റെ പഴയകാല സിനിമകൾ കണ്ടാണ് പലർക്കും എന്നോട് സ്‌നേഹം തോന്നിയത്. ഇത് മറ്റുള്ളവർ സൃഷ്ടിച്ച കഥാപാത്രങ്ങൾ ആയിരുന്നു. ഹൗ ഓൾഡ് ആർ യു വിഷം കലർന്ന പച്ചക്കറികൾ ഒഴിവാക്കണമെന്ന സന്ദേശമാണ് പൊതു സമൂഹത്തിന് നൽകിയത്. ജൈവകൃഷിയുടെ അംബാസിഡർ ആക്കിയത് ഈ സിനിമ കണ്ടാണ്. അതിൽ സെൽഫ് മാർക്കറ്റിങ് എന്നൊരു ആശയം ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായിരുന്നു സിനിമയെ സ്വീകരിച്ചതും. എന്നാൽ ഹൗ ഓൾഡ് ആർയുവിലെ പോലെ എല്ലാ സിനിമയിലൂടെയും വിപ്ലവം പ്രസംഗിക്കാൻ സാധിക്കില്ല. വ്യത്യസ്തമായ കഥാപാത്രം ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂ. അത് മനസിലാക്കാൻ ഇന്നത്തെ സമൂഹത്തിന് കഴിയും. കഥാപാത്രത്തെ വിലയിരുത്താൻ ഇപ്പോഴത്തെ പ്രേക്ഷകർ ശരിക്കും പഠിച്ചിട്ടുണ്ട്. എന്നാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ചിത്രം സ്വീകരിക്കില്ല. പരസ്യചിത്രങ്ങലുടെ കാര്യത്തിലും ഇങ്ങനെയാണ്.

അവനവൻ സന്തോഷമായിരുന്നാലേ കുടുംബത്തിലും സന്തോഷമുണ്ടാകുകയുള്ളൂ. എനിക്ക് സിനിമയിലേക്ക് തിരികേ വരാൻ സാധിച്ചതു പോലെ എല്ലാ സ്ത്രീകൾക്കും സാധിക്കണമെന്നില്ല. കുടുംബം ഒരു ചങ്ങലയല്ല. ഞാനും കുടുംബ ജീവിതവും സന്തോഷത്തോടെ സ്വീകരിച്ചിരുന്നു- മഞ്ജു വ്യക്തമാക്കി.

അമതാബ് ബച്ചനൊപ്പം പരസ്യത്തിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക ്തിരിച്ചുവരന്നത്. ഇത് വളരെ വലിയ എക്‌സ്പീരിയൻസായിരുന്നു. ഡൗൺ ടു എർത്തായ നടനാണ് അമിതാബ്. അദ്ദേഹം തന്നെ മകളെ പോലെയാണ് കണ്ടത്. ഐശ്വര്യറായിയും അങ്ങനെയാണ്. ഇവരെല്ലാം വളരെ സിംപിളായാണ് പെരുമാറിയത്. വ്യക്തി ജീവിതത്തിൽ സുഹൃത്തുക്കളുടെ പങ്ക് മറ്റൊരാളുടെ ജീവിതത്തിൽ സുഹൃത്തിന് എന്ത് പങ്ക് വഹിക്കാൻ സാധിക്കും? അതുപോലെ മാത്രമായിരുന്നു.

ഇന്നത്തെ മലയാള സിനിമയിൽ വിവാഹത്തോടെ നടിയുടെ ജീവിതം തീരുന്ന അവസ്ഥ നിലവിലില്ല. റിമ കല്ലിങ്കൽ അടക്കമുള്ളവർ ഇതിന് ഉദാഹരണമാണ്. മലയാള സിനിമയിൽ എഴുതപ്പെടാത്ത ആ നിയമം പൊളിച്ചെഴുതപ്പെട്ടു. സാമൂഹ്യ വിഷയങ്ങളിൽ ഇടപെടാനും താൻ തയ്യാറാണ്. എന്നാൽ പലകാര്യങ്ങളിലും എന്താണ് സംഭവിക്കുന്നതെന്ന് അറിയിരുന്നില്ല. ചുംബന സമരത്തിന്റെ ലക്ഷ്യമെന്താണെന്ന് പോലും അറിയില്ല.

ജീവിതത്തിൽ ഇനിയെന്ത് എന്ന ലക്ഷ്യമോ സ്വപ്‌നമോ ഇല്ലെന്നും മഞ്ജു അഭിമുഖത്തിൽ പറഞ്ഞു. എപ്പോഴും അപ്രതീക്ഷിമായി ട്വിസ്റ്റും ടേണും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അടുത്ത കാര്യം എന്താകുമെന്ന് നോക്കിയിരിക്കാം. നടൻ ദിലീപുമായി പിരിഞ്ഞത് എന്തിനാണെന്ന് അവതാരകൻ പ്രമോദ് രാമന്റെ ചോദ്യത്തിനും മഞ്ജു മറുപടി നൽകിയില്ല. ഇത് തികച്ചും വ്യക്തിപരമാണ്. അതുകൊണ്ട് സ്വകാര്യതയെ മാനിച്ചുകൊണ്ട് അതിനെ കുറിച്ച് പറയുന്നില്ല. ദിലീപിന്റെ ചിത്രങ്ങൾ ഇപ്പോവും കാണാറും ആസ്വദിക്കാറും ചെയ്യാറുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു.

മന്ത്രി എം കെ മുനീർ, സംവിധായകൻ വേണു, തിരക്കഥാകൃത്തും സംവിധാകനുമായ ശങ്കർ രാമകൃഷ്ണൻ, റിമ കല്ലിങ്കൽ, രേഖമേനോൻ തുടങ്ങിയവരും ന്യൂസ് മേക്കർ സംവാദത്തിൽ പങ്കെടുത്തു. മഞ്ജുവിനെ കേരളത്തിലെ ജനങ്ങൾ മനസിൽ കൊണ്ടുനടന്നതാണ്. ആ ഇഷ്ടം മൂർധന്യാവസഥയിൽ നിൽക്കുമ്പോഴാണ് അവർ സിനിമ വിട്ടതെന്നും മഞ്ജു മാറി നിന്നത് സിനിമക്കേറ്റ ആഘാതമായി പലരും കണ്ടിട്ടുണ്ടെന്നും മുനീർ സംവാദത്തിൽ പറഞ്ഞു. മഞ്ജുവിനേക്കാൾ കൂടുതൽ സമൂഹം കാത്തിരുന്നു. നൃത്തമാണ് അവർ തിരിച്ചുവരവിന് മുന്നോടിയായി തിരഞ്ഞെുത്തത്. അത് ഏവർക്കുമൊരു ആശ്വാസമായി. ആ പ്രതീക്ഷ പൂവണിഞ്ഞു. മഞ്ജുവിന്റെ അഭിനയത്തിന് കോട്ടം സംഭവിച്ചിട്ടില്ലെന്നും മുനീർ അഭിപ്രായപ്പെട്ടു.

മഞ്ജുവിന് വേണ്ടി കഥയുണ്ടാക്കിയ വേളയിലാണ മഞ്ജു സിനിമയിൽ നിന്നും മാറി നിന്നതെന്നാണ് സംവിധായകൻ വേണു അഭിപ്രായപ്പെട്ടത്. എന്നാൽ ടിവികളിലൂടെ മഞ്ജുവിന്റെ ചിത്രങ്ങൾ കണ്ട് മഞ്ജുവിനെ കുടുംബാംഗത്തെ പോലെ ജനങ്ങൾ കണ്ടു. തിരിച്ചുവരാൻ ആഗ്രഹിച്ചതിന്റെ ഫലമായി ഒടുവിൽ വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മഞ്ജുവിന് റോൾ ഉണ്ടാക്കുക എന്ന സിനിമാ പ്രവർത്തകരുടെ ബാധ്യതയായെന്നും വേണു പറഞ്ഞു. മഞ്ജു വാര്യരെ ഒരു ചുണക്കുട്ടിയായാണ് നോക്കിക്കണ്ടതെന്നായിരുന്നു റിമ കല്ലിങ്കലിന്റെ അഭിപ്രായം.