- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പട്ടി കടിച്ച് മുറിവുണ്ടായാൽ നൽകേണ്ടത് കാറ്റഗറി മൂന്ന് ചികിൽസ; ആന്റി റാബീസിനൊപ്പം ഇമ്മ്യൂണോ ഗ്ലോബുലിനും നൽകണമെന്നത് പ്രോട്ടോകോൾ; വളർത്തു നായയുടെ കടിയിൽ ഉണ്ടായ വലിയ മുറിവിന്റെ എല്ലാ വശങ്ങളിലും അതിവേഗം എത്തുന്ന പ്രതിരോധ ഇൻജക്ഷൻ നൽകാത്തത് അനാസ്ഥ; മങ്കരയിലെ ശ്രീലക്ഷ്മിയുടെ ജീവനെടുത്തത് ചികിൽസാ പിഴവു തന്നെ
പാലക്കാട്: നായ കടിച്ചതിന് ആരോഗ്യ വകുപ്പ് നിർദേശിച്ച നാലു വാക്സിനുകൾ സ്വീകരിച്ചിട്ടും കോളേജ് വിദ്യാർത്ഥിനി മരിച്ചതിന് പിന്നിൽ ഡോക്ടർമാരുടെ അനാസ്ഥയോ? ആരോഗ്യവകുപ്പിന് ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് സൂചന. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. ചികിൽസാ പിഴവ് ഇക്കാര്യത്തിൽ ഉണ്ടെയന്നതാണ് വസ്തുത.
ഒരു മാസം മുൻപാണ് അയൽ വീട്ടിലെ വളർത്തുനായ ശ്രീലക്ഷ്മിയെ കടിച്ചത്. അന്ന് തന്നെ പേ വിഷബാധയ്ക്കുള്ള വാക്സിൻ എടുക്കുകയും ചെയ്തു. എന്നാൽ കൃത്യം ഒരു മാസം ആയപ്പോൾ ശ്രീലക്ഷ്മി പേ വിഷബാധയേറ്റ് മരിക്കുക ആയിരുന്നു. പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിർദേശിച്ച നാല് വാക്സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ വേണ്ട വാക്സിൻ കൂടി ശ്രീലക്ഷ്മിക്ക് കൊടുത്തില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അങ്ങനെ സംഭവിച്ചെങ്കിൽ അത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ്. അതിനിടെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന വിചിത്ര ന്യായം ആരോഗ്യ വകുപ്പ് ഉയർത്തി കഴിഞ്ഞു.
രണ്ടു തരം വാക്സിനാണ് പട്ടികടിച്ചാൽ കൊടുക്കാനുള്ളത്. മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ആന്റിറാബീസ് വാക്സിൻ, ഇമ്മ്യൂണോഗ്ളോബുലിൻ എന്നിവയാണ് പ്രധാനമായി പേവിഷ പ്രതിരോധ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. പേവിഷ ബാധ സംശയിക്കുന്ന മൃഗങ്ങളെ തൊടുക, അവയ്ക്ക് ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ വൈറസ് ബാധയേൽക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ പ്രതിരോധകുത്തിവെപ്പുകൾ നൽകേണ്ടതില്ല. സ്പർശം ഉണ്ടായ ശരീരഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ സോപ്പുപയോഗിച്ചു പതിനഞ്ചു മിനിറ്റ് കഴുകിയാൽ മാത്രം മതിയാവും.
എന്നാൽ തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയെ കാറ്റഗറി 2 ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കേസുകളിൽ ചികിത്സയ്ക്ക് പ്രതിരോധ കുത്തിവെപ്പ് വേണം. രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, കാട്ടുപൂച്ച, കടുവ, കരടി, പുലി, ചെന്നായ, തുടങ്ങി വിവിധ വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ ഏറെ അപകട സാധ്യത ഉള്ളതായതിനാൽ കാറ്റഗറി 3 യിൽ ഉൾപ്പെടുത്തിയാണ് ചികിത്സ നൽകുന്നത്.
ആന്റിറാബീസ് കുത്തിവെപ്പിനോടൊപ്പം, ഹ്യൂമൻ റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി ഇത്തരം കേസുകളിൽ നൽകണം. രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകുന്നത്. ഇവിടെ ശ്രീലക്ഷ്മിക്ക് നൽകേണ്ടിയിരുന്നത് ഈ ചികിൽസയാണ്. എന്നാൽ കാറ്റഗറി രണ്ടിലെ ചികിൽസ മാത്രമേ നൽകിയുള്ളൂ എന്നാണ് സൂചന. ഇതാണ് പേവിഷം ശ്രീലക്ഷ്മിയുടെ ശരീരത്തിൽ പ്രശ്നങ്ങളുണ്ടാക്കിയത്. ഇമ്മ്യൂണോഗ്ളോബുലിൻ എന്ന വാക്സിൻ കൂടി എടുത്തിരുന്നുവെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് വിലയിരുത്തൽ.
മുറിവിന്റെ എല്ലാ വശങ്ങളിലും എത്തുന്ന വിധത്തിൽ എടുക്കുന്ന റെഡിമെയ്ഡ് പ്രതിരോധ ഘടകങ്ങൾ അടങ്ങിയ ആന്റി റാബീസ് സിറമായ ഇമ്മ്യൂണോഗ്ലോബിനുകൾ വളരെ വേഗത്തിൽ പ്രതിരോധം പ്രദാനം ചെയ്യുന്നവയാണ്. മുറിവിന് ചുറ്റും നൽകുന്നതിനൊപ്പം മാംസപേശിയിൽ ആഴത്തിലും ഇമ്മ്യൂണോ ഗ്ലോബുലിൻ നൽകാറുണ്ട്. ആന്റിറാബീസ് വാക്സിൻ ശരീരത്തിൽ പ്രവർത്തിച്ച് പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കി വരാനെടുക്കുന്ന രണ്ടാഴ്ച വരെയുള്ള കാലയളവിൽ വൈറസിൽ നിന്നും സുരക്ഷ ഉറപ്പാക്കും.
മൃഗങ്ങളുടെ കടിയേറ്റുണ്ടാവുന്ന മുറിവുകൾ പരമാവധി തുന്നാറില്ല. തുന്നുമ്പോൾ മുറിവിന് ചുറ്റുമുള്ള നാഡികളിലൂടെ വൈറസ് മസ്തിഷ്കത്തിലെത്താനുള്ള സാധ്യത കൂടിയേക്കാം എന്നതുകൊണ്ടാണിത്. എന്നാൽ തുന്നിടേണ്ടി വരുന്ന അടിയന്തിര സാഹചര്യങ്ങളിൽ, ഇമ്മ്യൂണോഗ്ലോബുലിൻ നൽകിയാണ് തുന്നിടാറുള്ളത്. എന്നാൽ പല ആശുപത്രികളിലും ഇമ്മ്യൂണോഗ്ലോബുലിൻ എന്ന മരുന്നില്ല. അതുകൊണ്ട് തന്നെ സാധാരണ വാക്സിൻ നൽകി പട്ടി കടിച്ചവരെ അയയ്ക്കും.
മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. മകൾക്ക് കൃത്യമായ ഇടവേളകളിൽ വാക്സീൻ എടുത്തിരുന്നതായി പേ വിഷബാധയേറ്റ് മരിച്ച ശ്രീ ലക്ഷ്മിയുടെ അച്ഛൻ സുഗുണൻ പറയുന്നു. മെയ് 30, ജൂൺ 2, ജൂൺ 6, ജൂൺ 27 തിയതികളിൽ വാക്സീൻ എടുത്തിരുന്നെന്നാണ് പറയുന്നത്. ജൂൺ 28 ന് കോളേജിൽ പരീക്ഷയ്ക്ക് പോയി വരുമ്പോൾ പനി അനുഭവപ്പെട്ടു. തുടർന്ന് മരുന്ന് വാങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വെള്ളം കുടിച്ചപ്പോളാണ് ലക്ഷണം കാണിച്ചത്. ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
അവിടെ നിന്നാണ് പേ വിഷബാധ സ്ഥിരീകരിച്ചതെന്നും പിതാവ് പറഞ്ഞു. ഉടനെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. പക്ഷേ ചികിൽസ ഫലിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസമാണ് പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി മരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ