തിരുവനന്തപുരം : മന്ത്രി വാഴില്ലെന്ന് പഴിയുള്ള മന്മോഹൻ ബംഗ്ലാവ് തോമസ് ഐസക്ക് താമസത്തിനായി തിരഞ്ഞെടുത്തത് അന്ധവിശ്വാസത്തെ തകർത്തെറിഞ്ഞ് വിപ്ലവം ഉണ്ടാക്കാനായിരുന്നു. പിണറായി ഭരണത്തിന് മുമ്പുള്ള ഇടതുസർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാല് മന്ത്രിമാർ വരെ മാറി താമസിച്ചിട്ടും രാശിപിഴച്ച വീടാണിത്. മന്മോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണില്ലെന്നാണ് അന്ധവിശ്വാസം. തോമസ് ഐസക്കിന്റെ കാര്യത്തിലും ഇതു സംഭവിച്ചു. പല അതികായകർക്കും അടിതെറ്റി. 13 നമ്പർ കാറിലും ഇതു തന്നെയാണ് അവസ്ഥ. ഇത്തവണ ഈ കാർ നമ്പർ തന്നെ സർക്കാർ ഒഴിവാക്കി. അപ്പോഴും മന്മോഹൻ ബംഗ്ലാവ് ഒരു മന്ത്രിക്ക് ഏറ്റെടുക്കേണ്ടി വരും.

പക്ഷേ ആർക്കും താൽപ്പര്യമില്ല. അതികായർ അടിതെറ്റി വീണ വീടാണ് ഇത്. എം വിരാഘവൻ അവസാനം മന്ത്രിയായപ്പോൾ താമസിച്ചത് ഇവിടെയായിരുന്നു. ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ തീരുമാനിച്ച ആര്യാടൻ മുഹമ്മദും അവസാനം മന്ത്രിയായപ്പോള് താമസിച്ചത് ഇവിടെയാണ്. രാശിപ്പിഴ തീർക്കാൻ കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത് ഈ വീടിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കുകയും മറ്റും ചെയ്തത് വിവാദമായിരുന്നു. കോടിയേരി താമസിക്കുമ്പോഴായിരുന്നു ഈ മാറ്റം. മന്ത്രിമന്ദിരങ്ങളിൽ ഏറ്റവും പ്രൗഢവും വിശാലവുമായതാണ് രാജ്ഭവനോട് ചേർന്നുനിൽക്കുന്ന മന്മോഹൻ ബംഗ്ലാവ്. അതുകൊണ്ട് തന്നെ ഈ മന്ത്രിമന്ദിരം വെറുതെ ഇടാൻ കഴിയുകയുമില്ല. ഈ സാഹചര്യത്തിൽ ഈ വീട്ടിൽ ഏതു മന്ത്രി എത്തുമെന്നതാണ് ഉയരുന്ന ചോദ്യം.

ഇത്തവണ ടൂറിസം വകുപ്പ് കൈമാറിയ വാഹനങ്ങളിൽ 13 ആം നമ്പർ വാഹനം ഇല്ലായിരുന്നു. താൽക്കാലിക നമ്പർ കിട്ടിയവരിൽ നിന്നു ആവശ്യമുണ്ടായാൽ 13 ആം നമ്പർ നൽകാനാണ് തീരുമാനം. വാഹനങ്ങളുടേയും ഔദ്യോഗിക വസതിയുടെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. താൽക്കാലിക നമ്പർ പതിച്ച വാഹനങ്ങളിലാണ് കഴിഞ്ഞദിവസം സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ മന്ത്രിമാർ സഞ്ചരിച്ചത്. സിപിഐ മന്ത്രിമാർ നേരത്തെ ഉപയോഗിച്ച വസതികൾ ഇപ്പോഴത്തെ മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ 20മന്ത്രിമാരിൽ നിന്നു എണ്ണം 21ലേക്ക് ഉയർന്നതോടെ ഒരു വസതി അധികം കണ്ടെത്തേണ്ടി വരും. അതുകൊണ്ട് തന്നെ മന്മോഹൻ ബംഗ്‌ളാവിനെ ഒഴിവാക്കാനും കഴിയില്ല.

വി എസ്.അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എം. ബേബിയും കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13ാം നമ്പർ കാർ ചോദിച്ചു വാങ്ങിയെന്ന കൗതുകവുമുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയുടെ തുടക്കത്തിൽ 13ാം നമ്പർ കാർ ഏറ്റെടുക്കാൻ പല മന്ത്രിമാരും മടിച്ചു നിന്നപ്പോൾ മന്ത്രി തോമസ് ഐസക് മുന്നോട്ടു വരികയായിരുന്നു. 13ാം നമ്പരിനെ ഇടതു മന്ത്രിമാർക്ക് പേടിയാണെന്നു ആരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെ, തോമസ് ഐസക്, 13ാം നമ്പർ കാർ നൽകണമെന്നാവശ്യപ്പെടുകയായിരുന്നു. 13ാം നമ്പർ കാറിനായി മുൻ മന്ത്രിമാരായ വി എസ്.സുനിൽകുമാറും, കെ.ടി.ജലീലും മുന്നോട്ടു വന്നെങ്കിലും തോമസ് ഐസക് ഏറ്റെടുത്തു. പക്ഷേ എംഎൽഎ അടുത്ത ടേമിൽ ആകാനായില്ല.

യുഡിഎഫ് മന്ത്രിസഭയിലെ ആരും 13 ാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല. 13ാം നമ്പർ കാർ ചോദിച്ചു വാങ്ങിയ എം.എം. ബേബി പിന്നീട് കൊല്ലം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റതും കൗതുകം. 13ാം നമ്പർ കാർ ഏറ്റെടുക്കാൻ മുന്നോട്ടു വന്ന തോമസ് ഐസക് ഇത്തവണ നിയമസഭ കണ്ടതുമില്ല. വിഎസിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാലു മന്ത്രിമാർ മാറി മാറി താമസിച്ചിട്ടും രാശിയില്ലെന്നു മുദ്രകുത്തപ്പെട്ട ബംഗ്ലാവാണ് മന്മോഹൻ ബംഗ്ലാവ്. ഈ ബംഗ്ലാവിൽ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണില്ലെന്നതാണ് അന്ധവിശ്വാസം.

ഇതു വകവയ്ക്കാതെയാണ് തോമസ് ഐസക്, ഒന്നാം പിണറായി മന്ത്രിസഭയിൽ മന്മോഹൻ ബംഗ്ലാവിൽ താമസിക്കാൻ തയാറായത്. പുതിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ ബംഗ്ലാവ് ഏറ്റെടുക്കുമോയെന്നും കണ്ടറിയണം. കഴിഞ്ഞ തവണ ഈ ബംഗ്ലാവിൽ താമസിച്ച തോമസ് ഐസക്കിന് ഇത്തവണ മത്സരിക്കാൻ സീറ്റും കിട്ടിയില്ല.