ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഭരണ പരാജയങ്ങൾ എണ്ണി പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചും മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര മോദി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ലെന്നും വിദേശത്തുള്ള കള്ളപ്പണം കൊണ്ടു വരുമെന്ന് പറഞ്ഞിട്ട് അതൊന്നും കണ്ടില്ലെന്നും മന്മോഹൻ സിങ് തുറന്നടിച്ചു. ബിജെപി സർക്കാരിന്റെ കടുത്ത പരാജയം തന്നെയാണ് രാജ്യത്തെ നിലവിലെ സാഹചര്യം വെളിപ്പെടുത്തുന്നതെന്നും മന്മോഹൻ സിങ് പറഞ്ഞു.

കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ ഷേഡ്‌സ് ഓഫ് ട്രൂത്ത്- എ ജേർണി ഡീറ്റൈൽസ് എന്ന് പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മോദി സർക്കാരിന്റെ കോട്ടങ്ങൾ വ്യക്തമാക്കുന്ന പുസ്തകത്തിൽ പറയുന്ന വിഷയങ്ങളിൽ ദേശീയതലത്തിൽ സംവാദം ഉയർത്താനാകണമെന്നും മന്മോഹൻ അഭിപ്രായപ്പെട്ടു. 2014ൽ തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് മോദി പറഞ്ഞത്. എന്നാൽ, രാജ്യത്തെ തൊഴിൽ വളർച്ചാ നിരക്ക് നാല് വർഷമായി കുറയുകയാണെന്നും മന്മോഹൻ സിങ് കൂട്ടിച്ചേർത്തു. പിന്നിട്ട നാലു വർഷവും തൊഴിലവസരങ്ങളുടെ നിരക്കിൽ ഇടിവുണ്ടായി. തൊഴിലവസരങ്ങളെക്കുറിച്ച് മോദി സർക്കാർ നൽകുന്ന കണക്കുകളിൽ ജനത്തിന് താൽപര്യം നഷ്ടമായെന്നും മന്മോഹൻ പറഞ്ഞു.

വ്യവസായ രംഗത്ത് വൻ മാറ്റം കൊണ്ട് വരാനായി അവതരിപ്പിച്ച മെയ്ക്ക് ഇൻ ഇന്ത്യയ്ക്കും സ്റ്റാന്റ് അപ്പ് ഇന്ത്യയ്ക്കും ജനങ്ങളിൽ അർത്ഥവത്തായ ഒരു സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി ലോകം മുഴുവൻ കറങ്ങി നടക്കുകയാണെങ്കിലും അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ കഴിഞ്ഞ നാല് വർഷമായി വഷളായിരിക്കുകയാണെന്നും മന്മോഹൻ സിങ് പറഞ്ഞു. സംരക്ഷിക്കപ്പെടേണ്ട ജനാധിപത്യമൂല്യങ്ങളെ പതുക്കെ ക്ഷയിപ്പിക്കുന്ന നിലപാടാണ് മോദി സർക്കാർ തുടരുന്നതെന്നു പറഞ്ഞ മന്മോഹൻ, 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ഒരു ബദൽ ഉയർത്താൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു.

നിലവിലെ സർക്കാർ വന്നതിനു ശേഷം രാജ്യത്തു സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ കണക്കുകൾ സംശയകരമാണ്. മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടും സർക്കാരിന്റെ പ്രവർത്തനം ഒട്ടും തൃപ്തികരമായില്ലെന്ന് മന്മോഹൻ പറഞ്ഞു. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ നിക്ഷേപിച്ചിരിക്കുന്ന കോടി കണക്കിനു ഡോളറിന്റെ കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിന് ഈ സർക്കാർ പ്രത്യക്ഷമായി ഒന്നു ചെയ്തില്ല. നോട്ടുനിരോധനവും ജിഎസ്ടിയും പരാജയമായിരുന്നു. വേണ്ട പോലെ ആലോചനയില്ലാതെ ഇവ നടപ്പാക്കിയത് സംരംഭക മേഖലയെ തകർത്തു. മേക്ക് ഇൻ ഇന്ത്യക്കും സ്റ്റാൻഡ് അപ്പ് ഇന്ത്യക്കും വ്യാവസായിക മേഖലയിലേക്ക് ഇനിയും കാര്യമായ സംഭാവന നൽകാൻ സാധിച്ചിട്ടില്ല മന്മോഹൽ സിങ് പറഞ്ഞു.

പുസ്തകപ്രകാശനത്തിനു ശേഷം നടന്ന സംവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, കപിൽ സിബൽ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, തൃണമൂൽ കോൺഗ്രസ് നേതാവ് ചന്ദൻ മിത്ര, പുറത്താക്കപ്പെട്ട ജനതാദൾ നേതാവ് ശരത് യാദവ് എന്നിവർ പങ്കെടുത്തു. സംവാദത്തിനെത്തുമെന്നറിയിച്ച മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അസാന്നിധ്യവും ശ്രദ്ധ നേടി.