ന്യൂഡൽഹി: നീണ്ട ഇടവേളയ്ക്ക് ശേഷം ബിജെപിയെ ശക്തമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്. രാജ്യത്തിനകത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല നിലവിലെ പ്രശ്‌നങ്ങൾ. ചൈന അതിർത്തിയിൽ ദിവസംതോറും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. അതിർത്തി തർക്കം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നേതാക്കളെ ബലമായി കെട്ടിപ്പിടിച്ചതുകൊണ്ടോ ഊഞ്ഞാൽ ആടിയതുകൊണ്ടോ, ക്ഷണിക്കപ്പെടാതെ ബിരിയാണി കഴിക്കാൻ പോയതുകൊണ്ടോ ബന്ധം മെച്ചപ്പെടില്ല. 2015ൽ അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ചെറുമകളുടെ വിവാഹത്തിന് നരേന്ദ്ര മോദി നടത്തിയ അപ്രതീക്ഷിത സന്ദർശനത്തെ സൂചിപ്പിച്ചായിരുന്നു മന്മോഹന്റെ വിമർശനം.

രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയോ മറ്റുതാൽപര്യങ്ങൾക്കു വേണ്ടിയോ കോൺഗ്രസ് ഒരിക്കലും രാജ്യത്തെ വിഭജിച്ചില്ല. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാണ്. കഴിഞ്ഞ ഏഴു വർഷമായി രാജ്യം ഭരിച്ചിട്ടും കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിക്കാത്ത ബിജെപി സ്വന്തം പാപക്കറ മറച്ചുവയ്ക്കാൻ കോൺഗ്രസിനെയും ജവഹർലാൽ നെഹ്രുവിനെയും പഴിചാരുകയാണെന്ന് മന്മോഹൻ സിങ് പറഞ്ഞു. പത്ത് വർഷം താൻ രാജ്യം ഭരിച്ചിട്ടും ഒരിക്കലും രാജ്യത്തിന്റെ അന്തസ് നഷ്ടപ്പെടാൻ ഇടവരുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ കഴിവുകേടുകളെ മറയ്ക്കുന്നതിന് സ്വന്തം ചരിത്രത്തെ കുറ്റപ്പെടുത്തുകയല്ല പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുറത്തിറക്കിയ വീഡിയോയിലാണ് മന്മോഹൻ സിംഗിന്റെ കടന്നാക്രമണം.കോൺഗ്രസ് സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ഇപ്പോഴും ഇന്ത്യയിലെ ജനങ്ങൾ ഓർമിക്കുന്നുണ്ടെന്നും എന്നാൽ ബിജെപി ഭരണത്തിന് കീഴിൽ സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുകയാണെന്ന് മന്മോഹൻ സിങ് ആരോപിച്ചു.

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയെ അധിക്ഷേപിക്കാനായിരുന്നു പ്രധാനമന്ത്രിക്കും ബിജെപിക്കും കൂടുതൽ താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തിനകത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല നിലവിലെ പ്രശ്‌നങ്ങളെന്നും ചൈന അതിർത്തിയിൽ ദിവസംതോറും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നും ഒരു ദിവസം ആരോടും പറയാതെ ശത്രുരാജ്യത്തെ പ്രധാനമന്ത്രിയെ ചെന്ന് കെട്ടിപിടിച്ചാലോ വിളിക്കാത്ത വിരുന്ന് ഉണ്ണാൻ ചെന്നാലോ പ്രശ്‌നങ്ങൾ അവസാനിക്കില്ലെന്ന് മന്മോഹൻ സിങ് വ്യക്തമാക്കി. 2015ൽ അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ചെറുമകളുടെ വിവാഹത്തിന് നരേന്ദ്ര മോദി നടത്തിയ അപ്രതീക്ഷിത സന്ദർശനത്തെ സൂചിപ്പിച്ചായിരുന്നു മന്മോഹന്റെ വിമർശനം.