ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്. കോവിഡ് വാക്‌സിനേഷൻ ഊർജിതമാക്കണമെന്നത് ഉൾപ്പെടെ അഞ്ച് നിർദ്ദേശങ്ങളാണ് മന്മോഹൻ സിങ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

ആറു മാസത്തിനുള്ളിൽ എത്ര വാക്‌സിൻ കുത്തിവയ്‌പ്പുകൾ നടത്തുമെന്നത് പ്രസിദ്ധപ്പെടുത്തണം, വാക്‌സിനുകൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങൾ നൽകണം, വാക്‌സിനേഷനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് മന്മോഹൻ സിങ് മുന്നോട്ടുവച്ചത്.

അതേസമയം, രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായ നാലാം ദിവസവും രണ്ടു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,501 പേർ കോവിഡ് ബാധിച്ച് മരിച്ചു. 1,38,423 പേർക്കാണ് രോഗ മുക്തി.

രാജ്യത്ത് ഇതുവരെ 1,47,88,209 പേർക്കാണ് കോവിഡ് ബാധിച്ചത്. 1,28,09,643 പേർ രോഗമുക്തി നേടി.