- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൻഡിഎ ശക്തമാക്കാൻ തുഷാർ കഷ്ടപ്പെടുമ്പോൾ അവിടെ നിന്ന് ആളെ വലിച്ച് സിപിഎമ്മിലെത്തിക്കാൻ വെള്ളാപ്പള്ളി നടേശൻ; അടൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ വീണ്ടും സിപിഎമ്മിൽ; പണ്ട് കളിയാക്കിയ നേതാക്കൾ തന്നെ മണ്ണടി മോഹനനെ മാലയിട്ട് സ്വീകരിക്കുമ്പോൾ
അടൂർ: കേരളത്തിൽ എൻഡിഎ വളർത്തുകയാണ് തുഷാർ വെള്ളാപ്പള്ളി എന്നാണ് വയ്പ്. അതു കൊണ്ടു തന്നെ അമിത്ഷായ്ക്ക് അദ്ദേഹത്തോട് അമിത താൽപര്യമുണ്ട്. മകൻ ഒരു വഴിക്കു കൂടി എൻഡിഎ ബലപ്പെടുത്തുമ്പോൾ മറുവശത്ത് കൂടി അത് ദുർബലപ്പെടുത്തുകയാണ് പിതാവ് വെള്ളാപ്പള്ളി നടേശൻ.
എസ്എൻഡിപി യൂണിയനുകളുടെയും ശാഖകളുടെയും ഭരണം പിടിക്കുക എന്ന രഹസ്യ അജണ്ടയ്ക്ക് വെള്ളാപ്പള്ളി ഒത്താശ ചെയ്യുന്നു. ഇതിന്റെ ഭാഗമായി നിരവധി ശാഖായോഗങ്ങളുടെ സെക്രട്ടറിമാരായി സിപിഎം ലോക്കൽ നേതാക്കളെ വാഴിച്ചു കഴിഞ്ഞു. സിപിഎം ശക്തികേന്ദ്രമായ അടൂരിൽ യൂണിയന്റെയും മുഴുവൻ ശാഖാ കമ്മറ്റികളുടെയും ഭരണം പിടിക്കാനാണ് ലക്ഷ്യമിടുന്നത്. നിരവധി കേസുകളിൽ ആരോപണ വിധേയനായ ഏരിയാ സെക്രട്ടറി എസ്. മനോജിന്റെ മുഖം രക്ഷിക്കാൻ വേണ്ടി എസ്എൻഡിപി നേതാക്കളെ കൂട്ടത്തോടെ എൻഡിഎയിൽ നിന്ന് അടർത്തി സിപിഎമ്മിലെത്തിക്കുകയാണ് ലക്ഷ്യം.
നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമുള്ള അടൂർ എസ്എൻഡിപി യൂണിയന്റെ കൺവീനർ അഡ്വ. മണ്ണടി മോഹനനെയാണ് എൻഡിഎയിൽ നിന്നും സിപിഎമ്മിലെത്തിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ വിശ്വസ്തൻ എന്ന ലേബലിൽ അറിയപ്പെടുന്ന മോഹനൻ ഇതിനോടകം എത്ര പാർട്ടി മാറിയെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. സിപിഎം വിട്ട് ഒരിക്കൽ സിപിഐയിൽ പോയ മോഹനനെ കളിയാക്കി നോട്ടീസ് അടിച്ചിറക്കിയ പാരമ്പര്യവും സിപിഎമ്മിനുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂരിലെ ഒരു ഹോട്ടലിൽ വെള്ളാപ്പള്ളിയുടെ ദൂതനായി സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവുമായി ചർച്ച നടത്തിയത് മോഹനനായിരുന്നു. എൻഡിഎയുടെ സ്വന്തം സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ കോന്നിയിൽ തോൽപ്പിക്കാൻ വോട്ട് മറിക്കാൻ വേണ്ടിയായിരുന്നു ഈ രഹസ്യ ചർച്ച. വെള്ളാപ്പള്ളി മോഹനനിലൂടെ നടത്തിയ ഈ പിൻവാതിൽ കച്ചവടം 'മറുനാടൻ' പുറത്തു കൊണ്ടു വന്നിരുന്നു.
വിവരമറിഞ്ഞ കെ. സുരേന്ദ്രൻ തുഷാറിനെ വിളിച്ച് ശകാരിച്ചതോടെയാണ് കോന്നിയിൽ ബിഡിജെഎസ് പ്രചാരണത്തിന് പോലും ഇറങ്ങിയത്. പകൽ സുരേന്ദ്രനൊപ്പം കറങ്ങിയവർ രാത്രി ജനീഷിന് വേണ്ടി വോട്ടു ചോദിച്ചതും പരസ്യമായ രഹസ്യമാണ്. എന്നാൽ, ഈ ചതി അറിയാതെ പോയ സുരേന്ദ്രൻ എസ്എൻഡിപി വോട്ടിന്റെ പിൻബലത്തിൽ താൻ അവിടെ ജയിക്കുമെന്ന് വെറുതേ മോഹിച്ചു.
അഡ്വ. മണ്ണടി മോഹനൻ ഇപ്പോൾ നടത്തിയിരിക്കുന്നത് സിപിഎമ്മിലേക്കുള്ള തിരിച്ചു പോക്കാണ്. ആർഎസ്എസിൽ തുടങ്ങിയ അദ്ദേഹം സിപിഎമ്മിലേക്കാണ് ആദ്യം ചാടിയത്. അവിടെ ബ്രാഞ്ച് സെക്രട്ടറി വരെയായി. ഒരു ദിവസം സിപിഐയിൽ ചേർന്നു. അവിടെ അധിക കാലം തുടർന്നില്ല.കേരളാ കോൺഗ്രസ് ബിയിലേക്ക് പോയി. പിന്നെ കെ. കരുണാകരന്റെ ഡിഐസി, അത് കഴിഞ്ഞ് ആർഎസ്പി, ജനതാദൾ, പിന്നെ വീണ്ടും ആർഎസ്എസിലെത്തിയപ്പോൾ ബിജെപി ജില്ലാ കമ്മറ്റിയംഗമായി. ബിഡിജെഎസ് രൂപീകൃതമായപ്പോൾ അതിൽ ചേർന്ന് എൻഡിഎ ജില്ലാ കമ്മറ്റിയംഗമായി. അവിടെ നിന്നാണ് ഇപ്പോൾ വീണ്ടും സിപിഎമ്മിൽ എത്തിയത്.
പണ്ട് സിപിഐയിൽ പോയപ്പോൾ കളിയാക്കിയ സിപിഎം നേതാക്കൾ ആണ് ഇന്നലെ അദ്ദേഹത്തെ പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത് എന്നതാണ് രസകരം. സിപിഎമ്മിലേക്ക് പോകുന്നതിന് മുന്നോടിയായി യൂണിയന് കീഴിലുള്ള ശാഖകളിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള സർക്കുലർ ഇദ്ദേഹം പുറത്തിറക്കിയിരുന്നു. എല്ലാ ശാഖകളുടെയും ഭരണം സിപിഎം പ്രാദേശിക നേതാക്കളുടെ കൈയിലെത്തിക്കാനാണ് നീക്കം. രണ്ടു വർഷം മുൻപ് ആരംഭിച്ച ഈ പ്രകിയ അന്ന് മറുനാടനാണ് പുറത്തു കൊണ്ടു വന്നത്. ഇതിന്റെ ഭാഗമായി പല യൂണിയനുകളുടെയും ശാഖകളുടെയും തലപ്പത്ത് ഇപ്പോൾ സിപിഎം നേതാക്കളാണ് ഉള്ളത്.
അടൂരിലിപ്പോൾ സിപിഎമ്മിന് കഷ്ടകാലമാണ്. നേതാക്കൾ ആരോപണങ്ങളിൽപ്പെട്ടുഴലുന്നു. സിപിഎം ഭരിക്കുന്ന ബാങ്കുകളിൽ ക്രമക്കേട്. പറക്കോട് പോലെയുള്ള സഹകരണ ബാങ്കുകളിൽ പകൽ കൊള്ള തന്നെ നടക്കുന്നു. ഏരിയാ നേതാവ് അടക്കം പല കേസുകളിലായി പ്രതിക്കൂട്ടിലാണ്. ഏരിയാ നേതൃത്വത്തിന്റെ ക്രമക്കേടിൽ പ്രതിഷേധിച്ച് പല പ്രവർത്തകരും പാർട്ടി വിട്ട് സിപിഐയിലേക്ക് നീങ്ങുകയാണ്. അതിനിടെയാണ് എസ്എൻഡിപി വഴി പാർട്ടി വളർത്തി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലം പിടിച്ചെടുക്കാനുള്ള നീക്കം നടക്കുന്നത്.
വെള്ളാപ്പള്ളിയുടെ നിർദ്ദേശത്തെ തുടർന്നാണ് യൂണിയൻ കൺവീനർ ഇപ്പോൾ സിപിഎമ്മിൽ ചേർന്നത്. ഇതിന് മുന്നോടിയായി സിപിഎം ജില്ലാ നേതൃത്വവും മോഹനനുമായി വെള്ളാപ്പള്ളി മധ്യസ്ഥത വഹിച്ച് ചർച്ച നടന്നിരുന്നുവെന്ന സൂചനകളും പുറത്തു വരുന്നു.
ബിഡിജെഎസ് എൻഡിഎ വിടാനുള്ള നീക്കം നടത്തുകയാണ്. യുഡിഎഫിലേക്ക് പോകാനാണ് ശ്രമം. ഇതിനായി പ്രാഥമിക ചർച്ചകൾ നടന്നതിന് പിന്നാലെയാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മാറിയത്.
എങ്കിലും ചർച്ചകൾ മുടക്കമില്ലാതെ തുടരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ ഒരു സീറ്റ് വിട്ടു കൊടുത്ത് ബിഡിജെഎസിനെ കൂടെ നിർത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തിയിരുന്നത്. ഇക്കാര്യം മുൻകൂട്ടിക്കണ്ടാണ് സിപിഎം വെള്ളാപ്പള്ളിയുമായി ധാരണയിലെത്തി എസ്എൻഡിപി കൈയടക്കാൻ നീക്കം നടത്തുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്