തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ളക്‌സ് ഉപയോഗം നിരോധിക്കണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്ത കലണ്ടർ വർഷത്തിൽ മന്നം ജയന്തിയും അയ്യങ്കാളി ജയന്തിയും പൊതു അവധിയാക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

സർക്കാർ പരിപാടികളിൽ ഫ്‌ളക്‌സ് ബോർഡുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് മന്ത്രിസഭാ യോഗതീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പൊതു സ്ഥലത്ത് അനുമതികൂടാതെ ഫ്‌ളകസ് ബോർഡുകൾ സ്ഥാപിക്കുന്നത് നിരോധിക്കും. ഫ്‌ളക്‌സ് പ്രശ്‌നത്തിൽ മന്ത്രിസഭാ ഉപസമിതിയുടെ നിർദ്ദേശം സർക്കാർ പൂർണമായി അംഗീകരിച്ചതായും മുഖ്യമന്ത്രി വർത്താസമ്മേളനത്തിൽ പറഞ്ഞു.

മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, മഞ്ഞളാം കുഴി അലി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരടങ്ങിയ ഉപസമിതിയാണ് പ്രശ്‌നം പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. രാഷ്ട്രീയ പാർട്ടികൾ ഫ്‌ളക്‌സ് ഉപയോഗം കുറയ്ക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

2015 കലണ്ടർ വർഷത്തിൽ മന്നം ജയന്തിയും, അയ്യങ്കാളി ജയന്തിയും പൊതു അവധിയാക്കാനും ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. മന്നം ജയന്തി നേരത്തെ നിയന്ത്രിത അവധിയായിരുന്നു. വിശ്വകർമ്മജരുടെ ആവശ്യപ്രകാരം വിശ്വകർമ്മ ജയന്തി നിയന്ത്രിത അവധിയാക്കും. സർവകലാശാല വിഷയത്തിൽ ഗവർണ്ണർ വിസിമാരുടെ യോഗം വിളിച്ചതിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി വിസമ്മതിച്ചു. സർവകലാശാലകർ നല്ലരീതിയിൽ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.