ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ യുവതിക്ക് കള്ളക്കടത്തുസംഘവുമായി ബന്ധമുണ്ടെന്ന് പൊലീസിന്റെ കണ്ടെത്തൽ. സ്വർണക്കടത്തു സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് തട്ടിക്കൊണ്ടു പോയത്. ദുബായിൽ നിന്ന് സ്വർണം കടത്താൻ യുവതിയെ ഉപയോഗിച്ചു.

യുവതിയുടെ കയ്യിൽ ഒന്നരക്കിലോ സ്വർണം കൊടുത്തുവിട്ടു. എന്നാൽ സ്വർണം എയർപോർട്ടിൽ ഉപേക്ഷിച്ചെന്ന് യുവതി മൊഴി നൽകി. സ്വർണമോ പണമോ ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടു പോയതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

നിരവധി തവണ ഗൾഫിൽ നിന്ന് സ്വർണം കടത്തിയെന്ന് ബിന്ദു പൊലീസിന് മൊഴി നൽകി. എട്ടുമാസത്തിനിടെ മൂന്നുതവണ സ്വർണം കടത്തിയെന്നും മൊഴിയിൽ പറയുന്നു.. 

അതേസമയം തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടിപോകലിന് പ്രാദേശിക സഹായം ലഭിച്ചതായും പൊലീസ് വെളിപ്പെടുത്തി. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിക്കടുത്ത് വാഹനത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നു.

മാന്നാർ കുരട്ടിക്കാട് സ്വദേശിയായ യുവതിയെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയതിനു പിന്നിൽ സ്വർണക്കടത്തു സംഘമാണെന്ന് ആദ്യമേ സംശയിച്ചിരുന്നു. യുവതിയെ മാന്നാറിലെത്തിച്ച് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

ഇന്ന് പുലർച്ചെ രണ്ടിനാണ് ആലപ്പുഴ മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം ആളുകൾ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ദുബായിൽ നിന്ന് നാലു ദിവസം മുൻപാണ് യുവതി വീട്ടിലെത്തിയത്.

പുലർച്ചെ വീട്ടിലെത്തിയ പതിനഞ്ചോളം ആളുകൾ വാതിൽതകർത്ത് അകത്ത്കടന്ന് തന്നെയും ബിന്ദുവിന്റെ അമ്മ ജഗദമ്മയെയും മർദിച്ചശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഭർത്താവ് ബിനോയ് പൊലീസിനോട് പറഞ്ഞത്.

ആക്രമണത്തിൽ ജഗദമ്മയ്ക്ക് നെറ്റിയിൽ മുറിവേറ്റു പരുക്കേറ്റു. തട്ടിക്കൊണ്ടുപോയവർ രാവിലെ 11 മണിയോടെ ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിക്കടുത്ത് വാഹനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.

ഓട്ടോറിക്ഷയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെതുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തട്ടിക്കൊണ്ടു പോയ വാഹനത്തിൽ നാലുപേരുണ്ടായിരുന്നുവെന്നും അവർ പണം ആവശ്യപ്പെട്ടെന്നും ബിന്ദു പറഞ്ഞു.