മണ്ണാർക്കാട് : പതിനാറുകാരിയെ കഴുത്തിൽ തുണി ചുറ്റി കൊല്ലാൻ ശ്രമിച്ച അയൽവാസിയായ യുവാവ് പിടിയിൽ. സംഭവത്തിൽ ജംഷീർ (19) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമത്തിൽ പതിനാറുകാരിക്ക് ഗുരുതര പരിക്കേറ്റിരുന്നു.

കോട്ടോപ്പാടം തിരുവിഴാംകുന്ന് മലേരിയത്ത് മദ്രസയ്ക്കടുത്ത് ചൊവ്വാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. പെൺകുട്ടി ഉറങ്ങുന്നതിനിടെ മുറിയിലെത്തിയാണ് ആക്രമണം. ശബ്ദം കേട്ട് വന്ന മുത്തശ്ശിയെ ആക്രമിച്ച് യുവാവ് രക്ഷപ്പെട്ടു. പിന്നീട് പൊലീസ് കുറ്റിക്കാട്ടിൽ നിന്ന് പിടികൂടി.

സംഭവ സമയത്ത് പെൺകുട്ടിയും ഇളയ സഹോദരനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പെൺകുട്ടിയെ വീട്ടിൽക്കയറി ജംഷീർ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. കോവിഡ് ബാധിച്ചതിനാൽ അമ്മ മറ്റൊരു വീട്ടിൽ നിരീക്ഷണത്തിലാണ്.