മണ്ണാർക്കാട്: ഇത്തവണ മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ ശരിക്കും മത്സരം ഇടതും വലതുമായല്ല, ഇരുവിഭാഗം സുന്നികൾ തമ്മിലാണ് ഇവിടത്തെ മത്സരം നടക്കുന്നത്. ഇത്തരത്തിലൊരു മംത്സരം സംസ്ഥാനത്ത് ആദ്യമായാണ്. കഴിഞ്ഞ മാസം 24ന് കോഴിക്കോട് വച്ച് മർക്കസ് അലുംനി സംഗമത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുസ്ലിംലീഗ് എംഎ‍ൽഎ എൻ ഷംസുദ്ദീനെതിരെ നടത്തിയ പ്രസ്താവനയാണ് മണ്ണാർക്കാട്ടെ പോരാട്ട ചിത്രം മാറി മറിഞ്ഞത്.

ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്ന അണികളോടുള്ള കാന്തപുരത്തിന്റെ ആഹ്വാനമായിരുന്നു പിന്നീട് കത്തിപ്പടരുകയും പിന്നീട് ലീഗ് ചേരിയിൽ നിലയുറപ്പിച്ച ഇ.കെ സുന്നികൾ വെല്ലുവിളിയായി ഏറ്റെടുക്കുകയും ചെയ്തത്. കാന്തപുരം എ.പി സുന്നികളോട് ശംസുദ്ദീനെ പരാജയപ്പെടുത്തണമെന്ന് പ്രസ്താവിച്ചതിനു പിന്നാലെ ഇ.കെ സുന്നി നേതാക്കൾ ഷംസുദ്ദീനെ വിജയിപ്പിക്കണം എന്ന ആഹ്വാനവുമായി രംഗത്തു വരികയായിരുന്നു. ഇതോടെ മണ്ണാർക്കാട്ടെ തെരഞ്ഞെടുപ്പിന് പോരാട്ട വീര്യം കൂടുകയായിരുന്നു.

മുസ്ലിം ലീഗിന്റെ സിറ്റിംങ് എംഎ‍ൽഎ എൻ ഷംസുദ്ദീനും സിപിഐയുടെ കെ പി സുരേഷ് രാജും തമ്മിലാണ് മണ്ണാർക്കാട് മണ്ഡലത്തിലെ പ്രധാന പോരാട്ടം നടക്കുന്നത്. എന്നാൽ ഷംസുദ്ദീനെതിരെ കാന്തപുരം പരസ്യമായി രംഗത്തുവരികയും, ഷംസുദ്ദീന് അനുകൂലമായി ഇ.കെ സുന്നി നേതാക്കളായ അമ്പലക്കടവ് അബ്ദുൽ ഹമീദ് ഫൈസി, നാസർ ഫൈസി കൂടത്തായി എന്നിവരും രംഗത്തു വരികയും ചെയ്തതോടെ ഇരു സുന്നികളും നേർക്കുനേർ പോരാടുന്ന മണ്ഡലമായി മണ്ണാർക്കാട് മാറിയിരിക്കുകയാണ്. ആദ്യമായാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഒരു സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ അണികളോട് പരസ്യമായി ആഹ്വാനം ചെയ്യുന്നത്.

ഇതുകൊണ്ടുതന്നെ നേതാവിന്റെ പ്രസ്താവന പുലർത്തുക എന്നത് എ.പി സുന്നികൾക്ക് അഭിമാന പോരാട്ടമാണ്. എന്നാൽ ലീഗിന്റെയും ഇ.കെ സുന്നികളുടെയും ബന്ധശത്രുവായ കാന്തപുരം വിഭാഗത്തിന്റെ വെല്ലുവിളിക്കു മുന്നിൽ പരാജയം സംഭവിക്കുകയെന്നത് ഇവർക്ക് ആത്മഹത്യക്കു സമവുമാണ്. പര്യടനവും, കാമ്പയിനിംങും, മറ്റു പ്രചാരണ പരിപാടികളുമെല്ലാം ഇരുവിഭാഗം സുന്നികളും ഏറ്റെടുത്തതോടെ ഇവിടെ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്.

സഹോദരങ്ങളായ സുന്നി പ്രവർത്തകരെ കൊല ചെയ്ത പ്രതികളെ സഹായിച്ച മണ്ണാർക്കാട് എം .എൽ.എ ഷംസുദ്ദീനെ ജയിപ്പിക്കരുത് എന്ന കാന്തപുരം അബുബക്കർ മുസ്ലിയാരുടെ പ്രസ്താവനയോടെ സുന്നി പ്രവർത്തകർ കൊല ചെയ്യപ്പെട്ട സംഭവം തെരഞ്ഞെടുപ്പ് വിഷയമാക്കിയിരിക്കുകയാണ്. അരിയിൽ ശുക്കൂർ കൊല്ലപ്പെട്ട സംഭവം മാത്രമല്ല, കൊലപാതകമെന്നും അതിക്രൂരമായി ലീഗുകാരാൽ കൊല്ലപ്പെട്ട കല്ലാങ്കുഴിയിലെ സഹോദരങ്ങളുടേതും കൊലപാതകമാണെന്ന് ഇടതു മുന്നണിയും തെരഞ്ഞെടുപ്പിൽ പ്രധാന ആയുധമാക്കി മാറ്റിയിരിക്കുകയാണ്. എന്നാൽ പ്രചാരണ രംഗത്ത് നിന്നും ഒട്ടും വിട്ട് നിൽക്കാതെ യു ഡി എഫും സജീവമായി രംഗത്തുണ്ട്.

ഇരു സുന്നികളുടെയും അഭിമാന പോരാട്ടം കൂടിയായ മണ്ണാർ്ക്കാട് മണ്ഡലത്തിൽ സുന്നി പ്രവർത്തകർ തന്നെ നേരിട്ട് പ്രചാരണ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത് മറ്റെവിടെയും കാണാത്ത കാഴിചയാണ്. എ.പി വിഭാഗം സുന്നികളെ പ്രതിരോധിക്കാൻ ലീഗും ഇ.കെ വിഭാഗം സുന്നികളും രംഗത്തിറങ്ങിയതോടെ ഫലത്തിൽ മണ്ണാർക്കാട് ഇരുവിഭാഗം സുന്നികളുടെ മത്സരം നടക്കുന്ന പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാർട്ടി പത്രങ്ങളേക്കാൾ മണ്ണാർക്കാട്ടെ തെരഞ്ഞെടുപ്പ് ചിത്രം വിശദീകരിച്ച് പോരാടുന്നത് എ പി സുന്നികളുടെ പത്രമായ സിറാജും ഇ കെ സുന്നികളുടെ സുപ്രഭാതവുമാണ്.

സംഘടനാ കെട്ടുറപ്പുള്ള എ.പി സുന്നികളുടെ വിവിധ ഘടകങ്ങളെ തെരഞ്ഞെടുപ്പിൽ ഫലപ്രദമായി ഉപയോഗിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. യൂണിറ്റ് തലം മുതൽ പ്രത്യേകം കോഡിനേറ്റർ മാരുടെ നേതൃത്വത്തിൽ സ്‌ക്വാഡ് വർക്കായാണ് കാമ്പയിനിംങ് ചി്ട്ടപ്പെടുത്തിയിരിക്കുന്നത്. കാന്തപുരം സുന്നികൾക്കു കീഴിലെ എസ്.എസ്.എഫ്, എസ്.വൈ.എസ്, എസ്.എം.എ, എസ്.ജെ.എം, കേരള മുസ്ലിം ജമാഅത്ത് തുടങ്ങിയ സംഘടനകളെ പൂർണമായും ഉപയോഗപ്പെടുത്തിയാണ് എ.പി സുന്നികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്നത്. വോട്ടർ പട്ടികയിൽ പേരു ചേർക്കലിനു ശേഷം പട്ടിക അനുസരിച്ച് വീടു കയറിയാണ് ഉസ്താദുമാരും മണ്ണാർക്കാട്ടെ സുന്നി പ്രവർത്തകരും കാമ്പയിംങിൽ സജീവമായിരിക്കുന്നത്.

എണ്ണയിട്ട യന്ത്രം പോലെ ലീഗ് പ്രവർത്തകരും പ്രചാരണ രഗത്ത് സജീവമായി രംഗത്തുണ്ട്. എന്നാൽ ഇ.കെ സുന്നി പ്രവർത്തകരെ ഇതുവരെയും ഫലപ്രദമായി ഇറക്കാൻ സാധിച്ചിട്ടില്ല. ഇതിന് പരിഹാരമായി മലപ്പുറം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 200 എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരെ മണ്ണാർക്കാട്ടേക്ക് ഇറക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ടവർക്കായി കോച്ചംങും നിർദേശവുമെല്ലാം നൽകിക്കഴിഞ്ഞു. രണ്ട് ദിവസത്തിനകം ഈ സംഘത്തെ കൂടി മണ്ണാർക്കാട്ടേക്ക് ഇറക്കുന്നതോടെ വീണ്ടും പ്രചരണ രംഗം ചൂടുപിടിക്കും. എന്നാൽ ഇതിനായി പുതിയ പദ്ധതികളും തന്ത്രങ്ങളും മറുപളായത്തിലും മെനയുകയാണ്.

ഇരുവിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വിശയമേയല്ല. പ്രവർത്തിച്ചാൽ മതി പണം എത്രവേണമെങ്കിലും ഒഴുക്കാം എന്ന മട്ടിലാണ് ഇരു വിഭാഗങ്ങൾക്കും നിർദ്ദേശം കിട്ടിയിട്ടുള്ളത്. ഗൾഫ് നാടുകളിലെ പ്രവർത്തകരും ബിസിനസുകാരും തന്നെയാണ് പ്രധാന പണ ശ്രോതസ്സുകൾ. സുന്നികൾ തമ്മിലെ പോരാട്ടം അതിന്റെ വഴിക്ക് നടക്കുന്നുണ്ടെങ്കിലും സ്ഥാനാർത്ഥി പര്യടനം ഇതുവരെ നാലു റൗണ്ടുകൾ പൂർത്തീകരിച്ചു. പ്രവർത്തന രംഗത്തെ മികവും മുൻതെരഞ്ഞെടുപ്പുകളിൽ മത്സരിച്ച പരിജയ സമ്പത്തുമാണ് സിപിഐയുടെ സുരേഷ് രാജിന് കൈമുതലായുള്ളത്. മണ്ഡലത്തിൽ നടപ്പിൽ വരുത്തിയ മാറ്റങ്ങളും വികസന പ്രവർത്തനങ്ങളിലും ഊന്നിയുള്ള പ്രചാരണമാണ് ഷംസുദ്ദീൻ നടത്തികൊണ്ടിരിക്കുന്നത്. വികസനം ഫൽക്‌സ് ബോർഡില് മാത്രമാണെന്നാണുള്ളതെന്നാണ് എൽ ഡി എഫ് ഇതിനെ തിരിച്ചടിക്കുന്നത്.

എന്നാൽ പോരാട്ടം ശക്തമാണെങ്കിലും ആർക്കും പിടികൊടുക്കാത്ത മണ്ഡലമാണ് മണ്ണാർക്കാട്. ഇതു തന്നെയാണ് ഇവിടെത്തെ മത്സരം പ്രവചനാതീതമാക്കുന്നതും. ആർക്കും കോട്ടയെന്ന അവകാശപ്പെടാൻ കഴിയാത്ത മണ്ഡലമാണ് മണ്ണാർക്കാട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐയിലെ വി ചാമുണ്ണിയെ 8270 വോട്ടിനാണ് പുറം നാട്ടുകാരനായ ഷംസുദ്ദീൻ തോൽപ്പിച്ചത്. എന്നാൽ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ 288 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ നിന്നു നേടാൻ ഇടത് മുന്നണിക്കായി. രണ്ട് പഞ്ചായത്തുകൾ മാത്രമാണ് യു ഡി എഫിനുള്ളത്. ഏഴിൽ അഞ്ച് പഞ്ചായത്തിലും എൽ ഡി എഫാണ് ഭരിക്കുന്നത്. 13 വീതം സീറ്റുകൾ നേടി രണ്ടു മുന്നണികളും ഒപ്പത്തിനൊപ്പമുള്ള മണ്ണാർക്കാട് നഗരസഭയിൽ യു.ഡി.എഫ് ആണ് ഭരിക്കുന്നത്. 5000ൽ കൂടുതൽ ഭൂരിപക്ഷം കരസ്ഥമാക്കി വിജയം സുനിശ്ചിതമാണെന്നാണ് ഇരു മുന്നണി സ്ഥാനാർത്ഥികളുടെയും പ്രതീക്ഷ.

എപി സുന്നികൾക്ക് സ്വന്തമായി 25,000 വോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ഇരുപത് ശതമാനം വോട്ടുകൾ 2011ൽ ഷംസുദ്ദീന് ലഭിച്ചിരുന്നു. 15 ശതമാനം വോട്ട് ചെയ്യാത്തവരായി ഉണ്ടെന്നുമാണ് ഇവരുടെ കണക്ക്. അത് ഇത്തവണ ഏകോിപ്പിക്കാൻ സാധിക്കുമെന്നാണ് എ.പി സുന്നികൾ കണക്കു കൂട്ടിന്നത്. അതേസമയം വിദേശത്തടക്കമുള്ള മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകരെ എത്തിച്ച് വിജയം ഉറപ്പിക്കാനാണ് ലീഗ്, ഇ.കെ സുന്നികളുടെ തീരുമാനം. എൻഡിഎയിലെ സ്ഥാനാർത്ഥിയായി ബിഡിജെഎസിലെ എ പി കേശവദേവും മത്സരരംഗത്ത് സജീവമാണ്.കൂടാതെ ശിവസേനയുടെ സുരേഷ് ബാബു, വെൽഫെയർ പാട്ടിയുടെ എം.സുലൈമാൻ, എസ്.ഡി.പി.ഐയുടെ എ യൂസുഫ്, സ്വതന്ത്രന്മാരായി കെ അജ്ത് കുമാർ, ജോർജ്കുട്ടി, ഷംസുദ്ദീൻ എന്നിവരും മത്സര രംഗത്തുണ്ട്.