പനാജി: മ്യാന്മാറിൽ നടത്തിയതുപോലെ ഒരു സർജിക്കൽ സ്‌ട്രൈക്ക് പാക്കിസ്ഥാനിലേക്ക് നടത്താൻ ധൈര്യമുണ്ടോയെന്ന ചോദ്യമാണ് മനസ്സിൽ കനലായി കിടന്നതും പിന്നീട് പാക്കിസ്ഥാനിലേക്ക് മിന്നലാക്രമണം നടത്താൻ പ്രേരണയായതെന്നും വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ. പരീക്കർ പ്രതിരോധമന്ത്രിയായിരിക്കെയാണ് ഇന്ത്യ പാക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങൾക്കുനേരെ ശക്തമായ മിന്നലാക്രമണം നടത്തിയത്.

നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ കാരണം ടെലിവിഷൻ അവതാരകന്റെ പരിഹാസമെന്നാണ് ഇപ്പോൾ പരീക്കർ വെളിപ്പെടുത്തുന്നത്. അക്രമണം 15 മാസങ്ങൾക്ക് മുമ്പേ ആസൂത്രണം ചെയ്തതാണെന്നും പരീക്കർ പറഞ്ഞു. പനാജിയിൽ നടന്ന വ്യവസായികളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സൈനിക താവളങ്ങളിൽ നടന്ന ഭീകരാക്രമണത്തിന്റെ തിരിച്ചടിയെന്നോണമായിരുന്നു മിന്നലാക്രമണം എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രസംഗത്തിൽ അതിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ് പരീക്കർ.

കേന്ദ്രമന്ത്രിയായ രാജ്യവർധൻ സിങ് റാത്തോഡിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യമാണ് 15 മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകളിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് പരീക്കർ പറയുന്നത്. 2015ൽ മണിപ്പൂരിലെ മ്യാന്മാർ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിനു നേരെ തീവ്രവാദ വിഭാഗമായ എൻ.എസ്.സി.എൻ കെ നടത്തിയ ഒളിയാക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടിരുന്നു.

തുടർന്ന് ഇന്ത്യൻ സൈന്യം ആദ്യ മിന്നലാക്രമണം ആസൂത്രണം ചെയ്തു. ഇന്ത്യ-മ്യാന്മാർ അതിർത്തിയിൽ നടത്തിയ ഈ ആക്രമണത്തിൽ ഇന്ത്യൻ സൈന്യം 70-80 തീവ്രവാദികളെ വധിച്ചു. ഈ സൈനിക നീക്കം വൻ വിജയമായിരുന്നു. ഇതേത്തുടർന്ന് നടത്തിയ ഒരു ചാനൽ അഭിമുഖത്തിൽ കേന്ദ്രമന്ത്രിയായ രാജ്യവർധൻ സിങ് റാത്തോഡിനോട് ചാനൽ അവതാരകൻ ഉന്നയിച്ച ചോദ്യം വളരെ പ്രകോപനപരമായിരുന്നു. - പരീക്കർ പറയുന്നു.

മ്യാന്മാർ അതിർത്തിയിൽ നടത്തിയതുപോലുള്ള ഒരു ആക്രമണം പാക് അതിർത്തിയിൽ നടത്താൻ നിങ്ങൾക്ക് ധൈര്യമുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ആ ചോദ്യമാണ് 15 മാസങ്ങൾക്കു ശേഷം പാക് നിയന്ത്രണ രേഖയിലെ മിന്നലാക്രമണത്തിന് പ്രേരണയായത്.' പരീക്കർ പറയുന്നു. സമയം വരുമ്പോൾ ഈ ചോദ്യത്തിന് മറുപടി നൽകണമെന്ന് അപ്പോൾ താൻ തീരുമാനിക്കുകയായിരുന്നെന്നും പരീക്കർ അവകാശപ്പെട്ടു.

'അക്രമത്തിനായി കൂടുതൽ പട്ടാളത്തെയും കൂടുതൽ ആയുധങ്ങളും തയ്യാറാക്കി. വെടിയുതിർക്കുന്ന പാക്കിസ്ഥാൻ പട്ടാളത്തിന്റെ സ്ഥാനം കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്ന പ്രത്യേക റഡാർ സംവിധാനം ആദ്യമായി ഉപയോഗിച്ചത് 2016 സെപ്റ്റംബർ 29ന് നടന്ന ഈ മിന്നലാക്രമണത്തിലായിരുന്നു' പരീക്കർ പറഞ്ഞു. ആ ആക്രമണത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ചില്ലെന്നും പരീക്കർ പറയുന്നു.