- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃതമായി സ്‌ഫോടക വസ്തുക്കൾ കൈവശം വച്ച ക്വാറി ഉടമയുമായി അടുത്തബന്ധം; അനധികൃതമായി സ്വത്ത് സമ്പാദനം സ്വകാര്യ സ്ഥാപനങ്ങൾ വഴി; ഐജി മനോജ് എബ്രഹാമിനെതിരായ പരാതിയിൽ ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരൻ നായർ നൽകിയ പരാതിയിൽ ഐജി മനോജ് എബ്രഹാമിനെതിരെ പ്രഥമിക അന്വേഷണത്തിന് തൃശ്ശൂർ വിജിലൻസ് കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ഐജി മനോജ് എബ്രഹാമിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തിലേക്ക് നയിച്ചത് പരാതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. എറണാകുളം സിറ്റി കമ്മീഷണറായിരിക്കെ മനോജ്
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരൻ നായർ നൽകിയ പരാതിയിൽ ഐജി മനോജ് എബ്രഹാമിനെതിരെ പ്രഥമിക അന്വേഷണത്തിന് തൃശ്ശൂർ വിജിലൻസ് കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ഐജി മനോജ് എബ്രഹാമിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തിലേക്ക് നയിച്ചത് പരാതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. എറണാകുളം സിറ്റി കമ്മീഷണറായിരിക്കെ മനോജ് എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും ഇതിന് ക്വാറി ഉടമകളുമായുള്ള സൗഹൃദവും ചില സ്വകാര്യ സ്ഥാപനങ്ങളുമാണ് സഹായകമായതെന്നും പരാതിയിൽ പറയുന്നു. തൃശൂർ വിജിലൻസ് കോടതി ജഡ്ജി കെ. ഹരിപാലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ക്വാറി ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട പത്തനംതിട്ട എസ് പി ആയിരുന്ന രാഹുൽനായർ, മനോജ് എബ്രഹാമിനും എ.ഡി.ജി.പി ശ്രീലേഖക്കമെതിരെ വിജിലൻസിന് മൊഴി നൽകിയിരുന്നു. ഇക്കാര്യം അടക്കമുള്ള ഗൗരവമായി പരിഗണിക്കണെന്ന് പരാതിക്കാരൻ ഹർജിയിൽചൂണ്ടിക്കാട്ടി. അടച്ചിട്ട ക്വാറികൾ തുറക്കാൻ നിരവധി തവണ സമ്മർദം ചെലുത്തിയിരുന്നുവെന്നും ക്വാറി ഉടമകളുമായി മനോജ് എബ്രഹാമിന് ബന്ധമുണ്ടെന്നുമാണ് രാഹുൽ നായർ ആരോപിച്ചത്. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനോജ് എബ്രഹാം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. ഇതിന് പിന്നാലെയാണ് അന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ടതും.
അനധികൃതമായി സ്‌ഫോടക വസ്തുക്കൾ കൈവശം വെക്കുകയും ചെയ്ത ക്വാറി ഉടമകളുമായി അടുത്തബന്ധം പുലർത്തിയെന്നത് അടക്കമുള്ള ആരോപണങ്ങളാണ് പരാതിക്കാരൻ ആരോപിച്ചത്. ക്വാറി ഉടമകളുടെ ചെലവിൽ മനോജ് എബ്രഹാം വിദേശയാത്ര നടത്തി. തന്നെ കൈക്കൂലികേസിൽ കുടുക്കാൻ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന രാഹുൽ ആർ നായരുടെ പരാതി പരിശോധിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
തങ്ങൾക്കു വേണ്ടപ്പെട്ടവരുടെ ക്വാറികളിൽ പരിശോധന നടത്തി ആളാകാൻ ശ്രമിക്കേണ്ടെന്നും ഓവർ സ്മാർട്ടായാൽ തീർത്തുകളയുമെന്നും മനോജ് എബ്രഹാം ഭീഷണിപ്പെടുത്തിയതായി രാഹുലിന്റെ മൊഴിയിലുണ്ടെന്ന കാര്യവും ചന്ദ്രശേഖരൻ നായർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തരിക്കുന്ന വ്യക്തിയെന്ന നിലയിൽ ക്വാറി മാഫിയക്കെതിരെ നടപടി എടുക്കാതെ അവരെ സഹായിക്കുന്ന നിലപാടാണ് മനോജ് എബ്രഹാം സ്വീകരിച്ചത്. കണ്ണന്താനം, വിമ്മസ് റോക്ക് തുടങ്ങിയ ക്വാറി കമ്പനികളുടെ എക്‌സ്‌പ്ലോസീവ് ലൈസൻസിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇങ്ങനെയുള്ള കമ്പനികൾക്ക് വേണ്ടി മനോജ് എബ്രഹാം നടത്തിയ ഇടപെടൽ ദുരൂഹമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
നിയമങ്ങൾ മറികടന്നു പ്രവർത്തിക്കുന്ന പാറമട ലോബിക്കെതിരെ യാതൊരു നടപടിയും എടുക്കരുതെന്ന് ഫോണിലൂടെ നൽകിയ നിർദ്ദേശം പാലിക്കാതിരുന്ന പത്തനംതിട്ട എസ്‌പിയായിരുന്ന രാഹുൽ ആർ. നായരെ കൈക്കൂലി കേസിൽ കുടുക്കി സസ്‌പെൻഡ് ചെയ്യിച്ചതും പരാതിയിൽ പരാമർശിക്കുന്നു.
കഴിഞ്ഞ മാർച്ചിൽ അടൂരിൽ പാറമടയിൽ രണ്ട് തൊഴിലാളികൾ സ്‌ഫോടനത്തിൽ മരിച്ച സംഭവത്തെ തുടർന്നുണ്ടായ പരാതികൾ പരിഗണിച്ചാണ് ലൈസൻസ് ഇല്ലാത്ത ബ്ലാസ്റ്റർമാരെ ഉപയോഗിച്ച് പാറപൊട്ടിക്കുന്ന ക്വാറികൾക്കെതിരേ നടപടി സ്വീകരിക്കാൻ എസ്‌പി. രാഹുൽ ആർ. നായർ നിർബന്ധിതനായതെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിൽ പല പാറമടകളിലും ലൈസൻസ് ഇല്ലാത്തവരാണു പാറപൊട്ടിക്കുന്നതെന്നു കണ്ടെത്തി. മൈനിങ് ആക്ട് ലംഘിച്ചാണ് ജില്ലയിലെ പല പാറമടകളും പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി.
തുടർന്നു പാറമട ഉടമകളുടെ പക്കലുള്ള എല്ലാ ലൈസൻസുകളും ഹാജരാക്കുന്നതിനും എസ്‌പി. ഉത്തരവിട്ടു. അന്വേഷണത്തെത്തുടർന്ന് കോഴഞ്ചേരിക്കു സമീപം പ്രവർത്തിക്കുന്ന സാനിയൊ മെറ്റൽ ക്രഷർ എന്ന സ്ഥാപനത്തിന് സ്‌റ്റോപ്പ് മെമോ നൽകി. ഇതേതുടർന്ന് ഐ.ജി. തന്റെ പദവി ദുരുപയോഗം ചെയ്ത് സംഭവത്തിൽ ഇടപെട്ടു. കൂടുതൽ നടപടി ക്വാറിക്കെതിരേ പാടില്ലെന്നും തുറന്നുപ്രവർത്തിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും ടെലിഫോണിലൂടെ നിർദ്ദേശിച്ചു. യഥാർഥത്തിൽ സാനിയോ മെറ്റൽ ക്രഷറിന്റെ ലൈസൻസ് മറ്റൊരാളുടെ പേരിലാണെങ്കിലും മേൽനോട്ടം കണ്ണന്താനം ഗ്രൂപ്പാണ്. ലൈസൻസ് ഇവരുടെ പേരിലേക്കു മാറ്റിയിരുന്നില്ല. കണ്ണന്താനം ഗ്രൂപ്പിന്റെ ഉടമ ജയേഷ് തോമസുമായുള്ള ബന്ധമാണ് ഇക്കാര്യത്തിൽ ഇടപെടാൻ ഐ.ജിയെ പ്രേരിപ്പിച്ചതെന്നും പരാതിയിൽ പരാമർശിക്കുന്നു. എങ്കിലും ഐ.ജിയുടെ നിർദ്ദേശം പാലിച്ചുകൊണ്ട് എസ്‌പി. പാറമട തുറക്കാൻ നിർദ്ദേശം നൽകി.
വടശേരിക്കരയിലെ വിംറോക്ക് പാറമടയിൽ ഡിവൈ.എസ്‌പി തമ്പി എസ്.ദുർഗാദത്ത് നടത്തിയ പരിശോധനയിൽ കണക്കിൽ കവിഞ്ഞ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയതിനാൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്താൻ ഉത്തരവ് നൽകിയതും ഐ.ജിയുടെ ഇടപെടലിന് കാരണമായതായി പരാതിയിൽ വ്യക്തമാക്കുന്നു. കൂടാതെ ലൈസൻസ് ഇല്ലാത്തതിനെ തുടർന്ന് സതേൺ റോക്ക് എന്ന സ്ഥാപനത്തിനും സ്‌റ്റോപ്പ് മെമോ നൽകി. ലൈസൻസ് മറ്റൊരാളുടെ പേരിലാണെങ്കിലും ഈ പാറമടയും കണ്ണന്താനം ഗ്രൂപ്പാണ് യഥാർഥത്തിൽ നടത്തിയിരുന്നത്. പല പാറമടകളും കണ്ണന്താനം ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നെങ്കിലും ലൈസൻസ് പഴയ ഉടമയുടെ പേരിൽ തന്നെയായിരുന്നു. പൂട്ടിയ സതേൺറോക്ക് പാറമടയും തുറപ്പിക്കാൻ ഐ.ജി. ശ്രമിച്ചു. വഴങ്ങാതിരുന്നതിനെ തുടർന്നാണ് എസ്‌പിയെ കള്ളക്കേസിൽ കുടുക്കാൻ ചില മേഖലയിൽ നിന്നും ആസൂത്രിത നീക്കം നടന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷറുടെ ചുമതല വഹിക്കവേ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണമാണ് മറ്റൊന്ന്. എറണാകുളത്ത് മനോജ് എബ്രഹാമിന് സ്വത്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കണം. ബാങ്ക് അക്കൗണ്ടുകൾ അടക്കം വിശദമായി പരിശോധിക്കണമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. പത്തനംതിട്ടയിലെ ക്വാറിമാഫിയയുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാദ്ധ്യമ റിപ്പോർട്ടുകൾ സഹിതമാണ് ചന്ദ്രശേഖരൻ നായർ വിജിലൻസ് കോടതിയെ സമീപിച്ചത്.
അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ഐ.ജി ടോമിൻ തച്ചങ്കരിക്കും പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ടി.ഒ. സൂരജിനുമെതിരായ കേസുകളും തൃശൂർ വിജിലൻസ് കോടതിയിലുണ്ട്. ഇതിന് പിന്നാലെയാണ് മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടി വിജിലൻസിന്റെ പ്രഥമിക അന്വേഷണം നടക്കുന്നത്. ഇത് സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതാണ്. മനോജ് എബ്രഹാമിനൊപ്പം തന്നെ ഐ ജി ശ്രീലേഖയ്ക്ക് എതിരെയും നേരത്തെ രാഹുൽ ആർ നായർ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരായി വിജിലൻസ് അന്വേഷണം നടക്കുന്നത് ഉദ്യോഗസ്ഥർക്കും എതിർപ്പുണ്ട്.