കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ സംഘ പരിവാർ നിലപാട് ഇപ്പോഴും വ്യക്തതയില്ല. ഏകീകൃത സിവിൽ കോഡെന്ന ആശയത്തെ പിന്തുണയ്ക്കാനായി ശബരിമലയിൽ എല്ലാവർക്കും പ്രവേശനമെന്ന വാദത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്. എന്നാൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഈ വാദത്തെ അംഗീകരിച്ചില്ല. ഇതിനിടെയിൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ആർഎസ്എസ് താത്വികാചാര്യനായ പി പരമേശ്വരൻ നിലപാട് തുറന്നു പറഞ്ഞു. ശബരിമലയിൽ അനുവദിക്കപ്പെട്ടവരല്ലാത്ത സ്ത്രീകൾ പോകുന്നത് ശരിയല്ല. അവിടെ തൽസ്ഥിതി തുടരണം. സംഘപരിവാർ അടിയന്തരമായി ഏകാഭിപ്രായത്തിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെയിൽ വിവാദത്തിന് പുതുമാനം നൽകുകയാണ് ജനംടിവിയിലെ പ്രോഗ്രാം ഹെഡ് കൂടിയായ മനോജ് മനയിൽ. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമെന്ന വാദം പൊള്ളയാണെന്ന മനോജ് മനയലിന്റെ ലേഖനം സംഘപരിവാറിൽ പുതിയ ചർച്ചകൾക്ക് തുടക്കമിടുകയാണ്. ആർഎസ്എസ് നിയന്ത്രണത്തിലെ ചാനലിലെ ഉന്നതൻ തന്നെ സംഘപരിവാർ വാദത്തെ പൊളിച്ചടുക്കുന്നുവെന്നതാണ് വസ്തുത. പി പരമേശ്വരനുമായി പോലും വ്യക്തിബന്ധമുള്ള മനോജിന്റെ വിശദീകരണം അസമയത്തുള്ള ആക്രമണമായി കരുത്തുന്ന ആർഎസ്എസുകാരുമുണ്ട്.

ബിജെപി ബന്ധമുള്ള മാസികയിലാണ് മനോജ് മനയിൽ തന്റെ ലേഖനം പ്രസിദ്ധീകരിച്ചത്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥയാണെന്ന് സ്ഥാപിക്കുകയാണ് മഹസ് എന്ന ലേഖനത്തിലൂടെ മനോജ് മനയിൽ. ഇതുമായി ബന്ധപ്പെട്ട് മനോജ് മനയിൽ നേരത്തെ ഫെയ്സ് ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഇതിന് കൂടുതൽ കരുത്ത് നൽകുന്ന വാദങ്ങളാണ് മഹസ്സിലൂടെ മനോജ് മനയിൽ മുന്നോട്ട് വയ്ക്കുന്നത്. ശബരിമല പ്രതിഷ്ഠാ ഭാവം സ്ത്രൈണമാണു. പൗരുഷമല്ല. സ്ത്രീഭാവ പ്രതിഷ്ഠ എങ്ങനെ നൈഷ്ഠിക ബ്രഹ്മചാരിയാവും? രാഹുൽ ഈശ്വറിനെപ്പോലുള്ള 'നൈഷ്ഠിക ബ്രഹ്മചര്യാ വാദക്കാരും' 'ആർത്തവവും ആർജവവും നിലയ്ക്കാൻ' കാത്തിരിക്കുന്നവരും ഒന്നറിയുക, നിങ്ങളുടെ നൈഷ്ഠികബ്രഹ്മചര്യാവാദം പൊള്ളയാണു. രാഹുലിനു കുടുംബത്തിൽ ചോദിച്ച് സംശയം തീർക്കാവുന്നതാണെന്നതായിരുന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ മനോജ് വിശദീകരിച്ചിരുന്നത്. ഇതിന് അപ്പുറത്തേക്ക് കടന്ന് ചരിത്രത്തെ വ്യാഖ്യാനിക്കുന്ന തരത്തിൽ കാര്യങ്ങൾ വിശദീകരിക്കുകയാണ് മനോജ് മനയിൽ.

അയ്യപ്പനുമായുള്ള ദേവപരീക്ഷയിൽ ദേവേന്ദ്രൻ പരാജയപ്പെടുന്നു. ജയിക്കാൻ മറ്റു പോംവഴി കാണാതെ ദേവേന്ദ്രൻ ബ്രഹ്മചാരിക്ക് നിഷിദ്ധമായ കാമശാസ്ത്ര സംബന്ധമായ ചോദ്യം ചോദിക്കുന്നു. ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിപോയ അയ്യപ്പൻ മൂന്നേ മുക്കാൽ നാഴിക ഇടവേള ചോദിക്കുകയും പ്രഭയെന്ന കന്യകയെ വിവാഹം ചെയ്ത് സുതകൻ എന്ന പുത്രനെ ജനിപ്പിച്ച് കാമശാസ്ത്ര രഹസ്യങ്ങൾ പഠിച്ച് ഇന്ദ്രനുമായി വാദമുഖത്തിൽ ഏർപ്പെട്ടു. ഇതിലും താൻ പരാജയപ്പെടുമെന്ന് മനസ്സിലാക്കിയ ഇന്ദ്രൻ ചതിപ്രയോഗത്തിലൂടെ ജേഷ്ഠാഭഗവതിയെ കരുവാക്കി അയ്യപ്പനെ തോൽപ്പിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ അയ്യപ്പൻ സ്വർഗ്ഗം തന്നെ ചുട്ടുപൊള്ളിക്കുന്നു. രക്ഷയില്ലെന്ന് കണ്ട ദേവേന്ദ്രൻ തന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് കൈലാശനാഥനെ ശരണം പ്രാപിച്ചു-മഹസിലെ പിന്നാമ്പുറം എന്ന ലേഖനത്തിൽ മനോജ് മനയിൽ വിശദീകരിക്കുന്നു.

തത്വശാസ്ത്രത്തിൽ അയ്യപ്പനു പൂജാക്രിയകൾ ഇല്ലെന്നിരിക്കെ ശരിമലയിലെ അയ്യപ്പ പ്രതിഷ്ഠ എങ്ങനെയാണ് നൈഷ്ഠിക ബ്രഹ്മചരിയായി മാറുന്നത്? തന്ത്രശാസ്ത്രത്തിൽ ഋതുമതികളുടെ സ്ഥാനം വളരെ വലുതാണെന്ന് നാമറിയണം. തന്ത്രത്തിൽ, മാതംഗീദേവിയെ കുറിച്ചുള്ള ധ്യാനം സ്മരേത് പ്രഥമ പുഷ്പിണീ(പുഷ്പിണി എന്നാൽ രജസ്വല) എന്നാണ്. എന്നിട്ടും ആർത്തവം നിലയ്ക്കാത്തതിന്റെ പേരിൽ മാത്രം വലിയ വിഭാഗത്തെ അകറ്റി നിർത്തുകയാണ് ശബരിമലയിൽ എന്നും മനോജ് മനയിൽ വിശദീകരിക്കുന്നു. നാം കാണുന്ന പുരോഹിതരെങ്കിലും കള്ളനാണയങ്ങളല്ലേ? ആ ചോദ്യത്തിനും ഉത്തരം തരുന്നത് ശബരിമല താഴമൺ തന്ത്ര തന്നെയെന്നതാണ് സങ്കടകരം. ഒരേ സമയം നൗഷ്ഠിക ബ്രഹ്മചര്യക്ക് പൂജ ചെയ്യുകയും ഇടനേരങ്ങളിൽ ഫ്ലാറ്റുകളിൽ ദേവദാസിക്ക് വേണ്ടി തന്റെ വിയർപ്പും വിഴുപ്പും കുത്തിവയ്ക്കുകയും ചെയ്ത കഥകൾ മറുന്നുകാണാനിടയില്ലെന്ന് കൂടി ലേഖനത്തിൽ മനോജ് മനയിൽ കുറിക്കുന്നു.

മഹസ് എന്ന പ്രസിദ്ധീകരണത്തിന് പിന്നിലുള്ളവർക്കും ബിജെപി സംഘപരിവാർ ബന്ധങ്ങളുണ്ട്. മാതാ അമൃതാനന്ദമീയിയുടെ ജന്മദിന സന്ദേശം പോലും വിശദമായി ഉൾക്കൊള്ളിച്ചാണ് മഹസ് എന്ന മാസിക ആദ്യ ലക്കം പുറത്തുവന്നത്. ഇതിൽ തന്നെ സംഘപരിവാറിനൊപ്പം തോൾ ചേർന്ന് പ്രവർത്തിക്കുന്ന മനോജ് മനയലിനെ കൊണ്ട് നൈഷ്ഠിക ബ്രഹ്മചര്യത്തിൽ ലേഖനമെഴുതിച്ചതിൽ ബിജെപി നേതാക്കൾ കടുത്ത അതൃപ്തരാണ്. 22 പേജുകളാണ് മനോജ് മനയലിന്റെ വാദങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നത്. സുപ്രീംകോടതിയിൽ സ്ത്രീപ്രവേശനകേസിൽ പോലും ഇവ വാദമുഖങ്ങളായി എത്തുമോ എന്ന് ഭയക്കുന്ന സംഘപരിവാറുകാരുമുണ്ട്. അതുകൊണ്ട് തന്നെയാണ് മനോജ് മനയിലിന്റെ ലേഖനവും ഫെയ്സ് ബുക്ക് പോസ്റ്റുമെല്ലാം ചർച്ചയാകുന്നത്.

നൈഷ്ഠിക ബ്രഹ്മചര്യത്തിൽ ഫെയ്സ് ബുക്കിലൂടെ മനോജ് മനയിൽ നടത്തിയ വിശദീകരണം ഇങ്ങനെയായിരുന്നു-ശബരിമല ക്ഷേത്രം ഏറ്റവും ഒടുവിലായി തീവച്ചു നശിപ്പിച്ചതുകൊല്ലവർഷം 1125ലാണു. വൈക്കത്തിനടുത്തുള്ള ക്രിസ്ത്യാനിയായ 'കോടാലി സ്വാമി' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഒരു മതവെറിയനാണു തീവച്ചത് എന്നാണു നിഗമനം. തീവച്ച് നശിപ്പിച്ച ക്ഷേത്രം പുതുക്കിപ്പണിയാനുള്ള തീവ്രശ്രമങ്ങൾ ഹിന്ദുസമൂഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായി. നാനാ ഭാഗത്തുനിന്നുമുള്ള സഹായസഹകരണത്താൽ ക്ഷേത്രം പൂർവാധികം ഭംഗിയായി പുനർനിർമ്മിക്കപ്പെട്ടു. ക്ഷേത്രപുനർനിർമ്മാണം പൂർത്തിയായപ്പോൾ സ്വാഭാവികമായും ക്രിയകൾക്കു മുന്നോടിയായി ദേവഹിതം ആരായുക പതിവാണു. (ഇന്നത്തെപ്പോലെ പെയ്ഡ് ഹിതഭാഷണം അന്നു നടപ്പിൽ വന്നിട്ടില്ല).

പ്രശ്നചിന്തക്കൊടുവിൽ ജ്യോതിഷി അവിതർക്കിതമായി ഒരു കാര്യം പറഞ്ഞു: ദേവപ്രതിഷ്ഠയിൽ പുരുഷസാന്നിധ്യം (ഭാവം) കാണുന്നില്ല!
ശബരിമലയിലെ പ്രതിഷ്ഠാ ഭാവം പുരുഷനല്ല, സ്ത്രീയാണത്രെ! പ്രശ്നക്കാരൻ ആകെ പ്രശ്നത്തിലായപ്പോൾ അന്നത്തെ താഴമൺ തന്ത്രി പ്രശ്നക്കാരന്റെ വാക്കുകളെ ശരിവച്ചു പറഞ്ഞു. 'ശരിയാണു. പ്രതിഷ്ഠയുടെ സ്ഥായീ ഭാവം സ്ത്രൈണമാണു. പൂജയ്ക്കു മുൻപ് ഞങ്ങൾ ലളിതാസഹസ്രനാമം ജപിച്ച് സ്ത്രീ ഭാവത്തെ സാന്ത്വനിപ്പിച്ച് മയപ്പെടുത്തിയതിനുശേഷമാണു പുരുഷഭാവം ഉണർത്താറു!' അതായത്, ശബരിമല പ്രതിഷ്ഠാ ഭാവം സ്ത്രൈണമാണു. പൗരുഷമല്ല. സ്ത്രീഭാവ പ്രതിഷ്ഠ എങ്ങനെ നൈഷ്ഠിക ബ്രഹ്മചാരിയാവും?എന്നായിരുന്നു ചോദ്യം. ഇതിന് തന്നെയാണ് മഹസ്സിലൂടെ കൂടുതൽ വിശദീകരണം നൽകുന്നത്.