തിരുവനന്തപുരം: കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനും പ്രതിയാകുമെന്ന മറുനാടൻ മലയാളി റിപ്പോർട്ട് ശരിവച്ച് സിബിഐയുടെ കുറ്റപത്രം. ആർഎസ്എസ് നേതാവിന്റെ മരണത്തിൽ പി ജയരാജനെ പ്രതിയാക്കുന്ന വിധത്തിലാണ് സിബിഐ തയ്യാറാക്കിയ കുറ്റപത്രം. വധക്കേസ് ഗൂഢാലോചനയിൽ ജയരാജൻ പ്രതിയാകുമെനനാണ് സിബിഐയുടെ കുറ്റപത്രത്തിൽ സൂചന. ഇക്കാര്യം മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ മാതൃഭൂമി ചാനലും പി ജയരാജൻ പ്രതിയായേക്കുമെന്ന് റിപ്പോർട്ട് ചെയ്തു.

നിലവിൽ ജയരാജൻ പ്രതിയല്ലെന്ന് സിബിഐ ആവർത്തിച്ച് പറയുമ്പോഴും കുറ്റപത്രത്തിൽ ഇക്കാര്യം സാധൂകരിക്കുന്ന നിരവധി വസ്തു തകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മനോജിനോട് സിപിഎമ്മിനും പി.ജയരാജനും വിരോധമുണ്ടായിരുന്നതായി കുറ്റപത്രത്തിൽ സൂചനയുണ്ട്. 1995 ഓഗസ്റ്റ് 25ന് പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. സിപിഎമ്മിനെതിരായ നിരവധി രാഷ്ട്രീയ കേസുകളിലും മനോജ് ഉൾപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മനോജിനെ ഉന്മൂലനം ചെയ്യാൻ പ്രതികൾ ഗൂഢാലോചന നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണത്തിനിടെ വ്യക്തമായ വസ്തുതകൾ എന്ന ഭാഗത്താണ് ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.

ബിജെപിയിലേക്കുള്ള സിപിഐ(എം) പ്രവർത്തകരുടെ ഒഴുക്ക് തടയുന്നതിനായി, സിപിഐ(എം) നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് സിബിഐ പറയുന്നത്. മനോജ് വധക്കേസിലെ ഒന്നാം പ്രതി കെ വിക്രമനും പി ജയരാജനും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്നും വിക്രമന്റെ വീട്ടിലെ പ്രശ്‌നങ്ങൾ പോലും പരിഹരിക്കുന്നത് പി ജയരാജനാണെന്നും സിബഐ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. കേസിലെ മൂന്നാം പ്രതി സി പ്രകാശനും, പതിനൊന്നാം പ്രതി അരപ്പയിൽ കൃഷ്ണനും ജയരാജനുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ്. കൃഷ്ണന് മനോജുമായോ വിക്രമനുമായോ ബന്ധമില്ല, നേതാക്കൾ പറയാതെ കൃഷ്ണൻ വിക്രമനെ സഹായിക്കില്ലെന്നാണ് സിബിഐയുടെ നിരീക്ഷണം.

ഏറ്റവുമൊടുവിൽ പ്രതിചേർക്കപ്പെട്ട സിപിഐ(എം) പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനോട് വിക്രമനു വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാൻ പറഞ്ഞത് ജില്ലാ സെക്രട്ടറിയാണെന്ന നിഗനമത്തിലാണ് സിബിഐ. ഇങ്ങനെ വരികൾക്കിടയിലെല്ലാം പി ജയരാജനിലേക്ക് വിരൽ ചൂണ്ടുന്നതാണ് തലശേരി സെഷൻസ് കോടതിയിൽ സിബിഐ നൽകിയ കുറ്റപത്രം.

വധക്കേസിൽ പി ജയരാജനെ അറസ്റ്റു ചെയ്‌തേക്കുമെന്ന സൂചനയെ തുടർന്ന് അദ്ദേഹത്തെ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും തൽക്കാലം അവധിയിൽ പ്രവേശിച്ചിരുന്നു. കേസിൽ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നൽകിയിരുന്നു. ജയരാജന്റെ ജാമ്യഹർജികളിൽ തീരുമാനം ഉണ്ടായാൽ ഉടൻ അറസ്റ്റ് നടക്കുമെന്ന കാര്യം മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു സിപിഐ(എം) നേതാവിന്റെ മുൻകൂർ ജാമ്യ ഹർജി തന്നെ അറസ്റ്റിനുള്ള ആയുധമാക്കാനാണ് സിബിഐയുടെ നീക്കം. ജാമ്യ ഹർജി കോടതി തള്ളിയതിന് ശേഷം നേതാവിനെ അറസ്റ്റ് ചെയ്താൽ അതിനെ രാഷ്ട്രീയ ഗൂഢാലോചനയായി ചിത്രീകരിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തിൽ.

കേസിൽ ജയരാജനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചനക്കേസിൽ പ്രതിയാക്കിയാലും ഇനി അറസ്റ്റ് വേണ്ടെന്ന നിലപാടിലായിരുന്നു സിബിഐ. ഇതിനിടെയാണ് അറസ്റ്റ് ഭയന്ന് ജാമ്യ ഹർജിയുമായി ജയരാജൻ കോടതിയിൽ എത്തിയത്. ജയരാജിനെ സിബിഐ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കൂടി തിരിച്ചറിഞ്ഞ് സിപിഎമ്മും നീക്കം സജീവാക്കി.

ജയരാജന്റെ ജാമ്യ ഹർജി ഹൈക്കോടതിയിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് സിബിഐ. സിപിഐ(എം).നേതാക്കളെ കൊലക്കേസുകളിൽപ്പെടുത്താനും സിപിഎമ്മിനെ കേരളത്തിൽ ഇല്ലാതാക്കാനും സിബിഐ ശ്രമിക്കുന്നതായാണ് സിപിഐ(എം) നേതാക്കൾ ആരോപിക്കുന്നത്. കതിരൂർ മനോജ് വധക്കേസിൽ അറസ്റ്റ് ചെയ്യാനിടയുണ്ടെന്ന സൂചനയെ തുടർന്നാണ് ജയരാജൻ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അഡ്വ.പി.വിശ്വൻ മുഖേന ജാമ്യഹർജി നൽകിയത്. ഹൃദയരോഗത്തെ തുടർന്ന് ജയരാജൻ പരിയാരം മെഡിക്കൽ കോളേജിൽ ആൻജിയോപ്ലാസ്റ്റി ചികിത്സക്ക് വിധേയനായി വിശ്രമിക്കുകയാണ്.

മനോജ് വധക്കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ട 19 പേരെ സിബിഐ.സംഘം പിടികൂടിയിരുന്നു. ഇവർക്കെതിരെ സിബിഐ. തലശേരി ജില്ലാ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. എന്നാൽ കൊലപാതക കേസ് മാത്രമാണ് കുറ്റപത്രത്തിലുള്ളതെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനക്കേസ് പിന്നീട് അന്വേഷിക്കുമെന്നാണ് സിബിഐ. കോടതിയെ ബോധിപ്പിച്ചിരുന്നത്. ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞമാസം 2 നു സിബിഐ. ജയരാജനെ ചോദ്യം ചെയ്തത്.

ഗൂഢാലോചനക്കേസിൽ കഴിഞ്ഞ ദിവസം നാലു സിപിഐ(എം). പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സിപിഐ(എം). പയ്യന്നൂർ ഏരിയാസെക്രട്ടറി ടി.മധുസൂദനനേയും പ്രതിചേർക്കപ്പെട്ടു. അതോടെ ഗൂഢാലോചനക്ക് നേതൃത്വം നൽകിയവർ പിടിയിലാകുമെന്ന സൂചനയുമുണ്ടായി. ഇതേ തുടർന്നാണ് പി.ജയരാജൻ മുൻകൂർ ജാമ്യത്തിനപേക്ഷിച്ചത്. ആർഎസ്എസ്. ജില്ലാ ശാരീരിക ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂരിലെ കെ മനോജ് 2014 സെപ്റ്റംബർ ഒന്നിനാണ് കൊല ചെയ്യപ്പെട്ടത്. കണ്ണൂർ ജില്ലയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു മനോജ് വധം. യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന ആർ.എസ്.എസിന്റെ ആവശ്യമാണ് സിബിഐ അന്വേഷണത്തിലേക്ക് എത്തിയത്.