കണ്ണുർ: ബി.ജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന് സമനില തെറ്റിയെന്ന് സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറിയേറ്റ്. നേതാക്കൾക്കെതിരെ അസഭ്യവർഷം ചൊരിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് നടത്തിയ വാർത്താസമ്മേളനം വസ്തുതകളുമായി പുലബന്ധമില്ലാത്തതാണെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരനെതിരെ ഇന്നലെ ഹരിദാസ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

എതിർക്കുന്നവരുടെ തലവെട്ടിയെടുത്ത് മുന്നിൽ വയ്ക്കുന്ന ആളാണ് മനോരാജ് എന്നായിരുന്നു ഹരിദാസിന്റെ ആരോപണം. ഗൾഫിലേക്ക് ഇടയ്ക്കിടെ പോകുന്നത് സ്വർണ്ണ കടത്തു സംഘങ്ങൾ തമ്മിലെ തർക്കം തീർക്കാനാണെന്നും കൂത്തുപറമ്പ് പാർട്ടി ഓഫീസിൽ വാദിയെ ഇസ്തിരിക്ക് പൊളിച്ചവെന്നും മനോരാജിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. നേരത്തെ ഷാഫി പറമ്പിൽ എംഎൽഎും പിഎം മനോജിന്റെ സഹോദരനെതിരെ പേരെടുത്തു പറഞ്ഞ് ആരോപണം ഉന്നയിച്ചു. അതിന് ശേഷമാണ് ബിജെപിയുടെ കണ്ണൂർ നേതൃത്വവും രംഗത്തു വന്നത്. ഇതോടെയാണ് സിപിഎം അതിവേഗതയിൽ കാര്യങ്ങൾ വിശദീകരിച്ചത്.

മനോരാജ് നാരയണനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. ഇത് ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും. നിയമസഭാ തെരഞ്ഞെടുപ്പിൽ തലശേരിയിലെ നാമനിർദേശ പത്രിക തള്ളപ്പെട്ടതോടെ സമനിലതെറ്റിയ മട്ടിലാണ് ഈ നേതാവിന്റെ പ്രതികരണങ്ങൾ. നാമനിർദേശ പത്രികപോലും പൂരിപ്പിക്കാൻ കഴിയാത്ത ആളാണോ ബിജെപിയെ നയിക്കേണ്ടതെന്ന ചോദ്യം അണികളുയർത്തുന്നുണ്ടെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.

കൊടകര കുഴൽപ്പണ കേസിൽ പ്രതിസ്ഥാനത്തുള്ളത് ബിജെപി സംസ്ഥാന നേതാക്കളാണ്. മഞ്ചേശ്വരം, ബത്തേരി കോഴക്കേസുകളിൽ പ്രതിസ്ഥാനത്ത് സംസ്ഥാന അധ്യക്ഷനും. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉള്ള സീറ്റും നഷ്ടപ്പെട്ട ബിജെപി ഗ്രൂപ്പ് തർക്കത്തെ തുടർന്ന് ആടിയുലയുകയാണ്. ഈ ജാള്യത മറച്ചുപിടിക്കാനാണ് സി പി എമ്മിനുമേൽ കുതിരകയറുന്നതെന്നാണ് സിപിഎം നിലപാട്. പി എം മനോജിന്റെ സഹോദരനെ കടന്നാക്രമിക്കാൻ ആരേയും അനുവദിക്കില്ലെന്ന സന്ദേശമാണ് സിപിഎം നൽകുന്നത്.

ചാനൽ ചർച്ചകളിൽ അടക്കം മനോരാജ് നാരായണന്റെ പേര് ഉയർത്തുന്നതവരെ അതിശക്തമായ നിലപാട് എടുക്കും. ഇതിന്റെ ഭാഗമാണ് കണ്ണൂർ സിപിഎം നേതൃത്വത്തിന്റെ നിലപാട് വിശദീകരണം. സിപിഎം നേതാക്കൾക്കെതിരെ കല്ലുവച്ച നുണകളാണ് ബിജെപി ജില്ലാ പ്രസിഡന്റ് തട്ടിവിട്ടത്. സ്വർണ കള്ളക്കടത്തും കള്ളപ്പണ ഇടപാടും നടത്തുന്ന ക്വട്ടേഷൻ മാഫിയാസംഘങ്ങളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ജനങ്ങൾ അവരെ ഒറ്റപ്പെടുത്തണമെന്നുമാണ് സിപി എം നിലപാട്.

ആർത്തിയോടെ പണം സമ്പാദിക്കുകയെന്ന ലക്ഷ്യമാണ് ക്വട്ടേഷൻ പണിക്കുള്ളത്. ക്വട്ടേഷന് രാഷ്ട്രീയമില്ല. സിപി എമ്മിന്റെ നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരല്ല പാർട്ടി നേതാക്കൾ. സിപി എം സ്വർണക്കള്ളക്കടത്തിന് മാധ്യസ്ഥം വഹിക്കാറില്ല. പുത്തൻകണ്ടം ക്വട്ടേഷൻ സംഘം ഖദറിട്ട കാവി സംഘമായിരുന്നുവെന്ന സത്യം പുറത്തുകൊണ്ടുവന്നത് പ്രമുഖ മാധ്യമങ്ങളാണ്.

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിച്ച മഞ്ചേരി സ്വദേശി മുഹമ്മദലി ശിഹാബാണ് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതി. ഇത്തരം ക്രിമിനലുകളെ പേറിനടക്കുന്ന ബിജെപി നേതാക്കൾക്ക് മുഖ്യമന്ത്രിയോടും സിപി എമ്മിനോടും പകയുണ്ടാകുമെന്ന് എല്ലാവർക്കും അറിയാം.

അതാണ് ചില അഭിപ്രായ പ്രകടനങ്ങളിലൂടെ ബിജെപി നടത്തുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ മുന്നറിയിപ്പു നൽകി.