ചെന്നൈ: തെന്നിന്ത്യയിലെ വെള്ളിത്തിരിയിൽ നിറഞ്ഞ നടി മനോരമ (78) അന്തരിച്ചു. ഹൃദസ്തംഭനംമൂലം ചെന്നൈയിലെ വസതിയിൽ അർധരാത്രിയോടെ ആയിരുന്നു അന്ത്യം. തമിഴ് സിനിമകളിലെ സജീവസാന്നിധ്യമായിരുന്ന മനോരമ തെന്നിന്ത്യൻ സിനിമാലോകത്തെ ഒരുപോലെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത പ്രതിഭയാണ്. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചതിന്റെ റെക്കോഡ് മനോരമയ്ക്ക് സ്വന്തമാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തി അഞ്ഞൂറോളം ചിത്രങ്ങളിലും ആയിരത്തിലേറെ നാടകങ്ങളിലും അഭിനയിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.

ശാരീരിക അസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നലെ രാത്രി 11.30നായിരുന്നു അന്ത്യം. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തമിഴ് ഭാഷകളിലായി ആയിരത്തിലധികം സിനിമകളിലും ആയിരത്തോളം നാടകവേദികളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും തിളങ്ങിയ മനോരമയുടെ യഥാർഥ പേര് ഗോപിശാന്ത എന്നായിരുന്നു. സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് ചെന്നൈയിൽ നടക്കും.

പെൺഹാസ്യത്തിന് പുതിയ മാനം നൽകിയ നടിയാണ് മനോരമ. മലയാളിക്ക് സുകുമാരി എത്രത്തോളം പ്രിയങ്കരിയായിരുന്നോ അതായിരുന്നു തമിഴർക്ക് മനോരമ. സിനിമാലോകം സ്‌നേഹപൂർവം ആച്ചിയെന്ന് വിളിക്കുന്ന മനോരമ പതിനേഴ് മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഇതിൽ ഒൻപതെണ്ണം മൊഴിമാറ്റ ചിത്രങ്ങളായിരുന്നു. കമൽഹാസന്റെ പ്രേമാഭിഷേകമാണ് ഇതിൽ പ്രധാനം. അഞ്ച് തെന്നിന്ത്യൻ മുഖ്യമന്ത്രിമാർക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുവെന്ന അപൂർവ്വതയും മനോരമയ്ക്ക് ഉണ്ട്. അണ്ണാദുരൈ, എം.ജി.ആർ, കരുണാനിധി, ജയലളിത എന്നീ തമിഴ്‌നാട് മുഖ്യമന്ത്രിമാർക്കും ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന എൻ.ടി.രാമറാവുവിനൊപ്പവുമാണ് മനോരമ അഭിനയിച്ചിട്ടുള്ളത്. അപ്പോഴും അധികാര കേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്താനൊന്നും ഈ നടി തുനിഞ്ഞില്ല. ഹാസ്യവും സീരിയസും വഴങ്ങുന്ന മനോരമയെ ശിവാജി ഗണേശനു സമാനമായ സ്ഥാനമാണ് തമിഴ് സിനിമാ ലോകം നൽകിയത്.

1968ൽ പുറത്തിറങ്ങിയ തില്ലാന മോഹനാബാളിലെ വേഷമാണ് മനോരമയെ ശ്രദ്ധേയമാക്കിയത്. പിന്നീട് ശിവാജിക്കും പത്മനിക്കുമെല്ലാം തുല്ല്യമായ വേഷത്തിൽ നിറഞ്ഞുനിന്നു മനോരമ. പെൺശിവാജിയെന്നാണ് ചോ രാമസ്വാമി ഒരു അഭിമുഖത്തിൽ മനോരമയെ വിശേഷിപ്പിച്ചത്. 2013ൽ പുറത്തിറങ്ങിയ സിങ്കത്തിന്റെ രണ്ടാം ഭാഗമാണ് അവസാനത്തെ ചിത്രം. 1971ൽ പി.സുബ്രഹ്മണ്യത്തിന്റെ ആന വളർത്തിയ വാനമ്പാടിയിലൂടെയാണ് മലയാളത്തിൽ എത്തിയത്. പിന്നീട് ജോൺ അബ്രഹാമിന്റെ വിദ്യാർത്ഥികളെ ഇതിലെ ഇതിലെയിൽ വേഷമിട്ടു. കൊച്ചിൻ ഹനീഫയുടെ ആൺകിളിയുടെ താരാട്ട്, ബേബിയുടെ വീണ്ടും ലിസ, ജയരാജിന്റെ മില്ലനേയിം സ്റ്റാഴ്‌സ് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.  2002ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച മനോരമയെ തേടി നിരവധി പുരസ്‌കാരങ്ങൾ വന്നിട്ടുണ്ട്. 1989ൽ പുതിയ പാതൈയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ 1995ൽ ഫിലിംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്.

അഞ്ചു പതിറ്റാണ്ടിലേറെക്കാലം പെൺഹാസ്യത്തിന്റെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് തമിഴിന്റെ സ്വന്തം 'ആച്ചി' വിടവാങ്ങുന്നത്. തമിഴിലെ എക്കാലത്തെയും തിരക്കുള്ള താരങ്ങളിലൊരാളായിരുന്നു മനോരമ. പ്രായം മറന്ന് സെറ്റിൽനിന്ന് സെറ്റിലേക്ക് പോയി. മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴും മനോരമയുടെ സ്വകാര്യജീവിതം ദുഃഖങ്ങൾ നിറഞ്ഞതായിരുന്നു. അമ്മയുടെ അനുജത്തിയെ അച്ഛൻ രണ്ടാം വിവാഹം കഴിച്ചതോടെ തുടങ്ങിയ ദുരിതം. വീട്ടുപണിയെടുത്താണ് അമ്മ മകളെ വളർത്തിയത്. സ്‌കൂൾ കാലത്തു പാട്ടുപാടിയാണ് മനോരമ ശ്രദ്ധേയയായത്. നാടകത്തിൽ പെൺവേഷം കെട്ടുന്ന പുരുഷന്മാർക്കു വേണ്ടി പിന്നണി പാടുകയായിരുന്നു ആദ്യം. പിന്നെ പാടിപ്പാടി പ്രശസ്തയായി. അതിനിടയിൽ അഭിനയ മോഹം നാടക ലോകം തിരിച്ചറിഞ്ഞു. അതോടെ വെള്ളിത്തിരയിലെ താരവുമായി. നാടക ട്രൂപ്പ് മാനേജരായിരുന്ന എസ്.എം. രാമനാഥനെ 1964ൽ വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷത്തിനു ശേഷം പിരിഞ്ഞു. മകൻ: ഭൂപതി.

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ മന്നാർഗുഡയിലായിരുന്നു ഗോപിശാന്തയെന്ന മനോരമയുടെ ജനനം. പട്ടിണിമൂലം നാട്ടുവിട്ടാണ് കരക്കുടിക്ക് സമീപം പള്ളാത്തൂരിലെത്തിയത്. പന്ത്രണ്ടാം വയസ്സ് മുതൽ അഭിനയിച്ചു തുടങ്ങി. നാടകങ്ങളിലായിരുന്നു തുടക്കം. പ്രശസ്ത നാടകകാരൻ തിരുവെങ്കിടവും ഹാർണമോണിയം വിദഗ്ദ്ധൻ ത്യാഗരാജനുമാണ് മനോരമയിലെ നടിയെ കണ്ടെത്തിയത്. പിന്നണി ഗായികയായും മനോരമ നാടകങ്ങളിൽ സജീവമായിരുന്നു. സംഭാഷണങ്ങൾ പറയാനുള്ള മിടുക്ക് കണ്ട് എസ്. എസ്.രാജേന്ദ്രനാണ് നാടകത്തിലേയ്ക്കുള്ള വഴി തുറന്നുകൊടുത്തത്. രാജേന്ദ്രന്റെ എസ്.എസ്. ആർ. നാടക മൺട്രം കമ്പനിയിലായിരുന്നു തുടക്കം. ഇവരുടെ മണിമകുടം എന്ന നാടകത്തിലൂടെയാണ് മനോരമ പേരെടുക്കുന്നന്നത്.

അക്കാലത്ത് എസ്.എസ്. രാജേന്ദ്രനും ദേവികയും അഭിനയിച്ച ഒരു ചിത്രത്തിലും മനോരമ മുഖം കാണിച്ചു. എന്നാൽ ആ ചിത്രം പുറത്തിറങ്ങിയില്ല. സിംഹള ചിത്രത്തിനുവേണ്ടിയാണ് മനോരമ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. 1958ൽ കണ്ണദാസനാണ് വേദയിൽ നിന്ന് മനോരമയെ തമിഴ് സിനിമയുടെ ലോകത്തെത്തിക്കുന്നത്. മാലയിട്ട മങ്കൈയാണ് ആദ്യ ചിത്രം. 1963ൽ പുറത്തിറങ്ങിയ കൊഞ്ചും കുമാരിയിൽ ആദ്യമായി നായികയുമായി. ചോയും മനോരമയും അക്കാലത്തെ മികച്ച താര ജോഡികളായിരുന്നു. പിന്നീട് നാഗേഷിന്റെയും തങ്കവേലുവും തെങ്കായി ശ്രീനിവാസനുമെല്ലാം മനോരമയുടെ വിജയ ജോഡികളായി. മികച്ച ഗായികയെന്ന ഖ്യായിതും സ്വന്തമായിരുന്നു മനോരമയ്ക്ക്. ഏതാണ്ട് 300 തമിഴ്ഗാനങ്ങൾ ആലാപിച്ചിട്ടുണ്ട്.