തിരുവനന്തപുരം: മനോരമ അങ്ങനെയാണ്. റിസ്‌ക് എടുക്കാൻ ധൈര്യമില്ല. എന്നാൽ മറ്റുള്ളവർ റിസ്‌ക് എടുത്ത് വിജയിപ്പിച്ചാൽ അത് കൂടുതൽ വ്യക്തതയോടും കൃത്യതയോടും പകർത്തി വിജയിപ്പിക്കാൻ വലിയ വിരുതുമാണ്. മനോരമയുടെ വനിത ഒഴികെയുള്ള എല്ലാ അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും അവസ്ഥ ഇതാണ്. മറ്റ് പത്രങ്ങൾ തുടങ്ങി വിജയിപ്പിച്ചാൽ അതു പകർത്തി കൂടുതൽ വിജയിപ്പിക്കയാണ് മനോരമയുടെ രീതി. ഏറ്റവും ഒടുവിൽ മനോരമ രംഗത്ത് വരുന്നത് മാതൃഭൂമി പരീക്ഷിച്ചു വിജയിപ്പിച്ച യാത്ര മാസികയുമാണ്.

മലയാളികളുടെ സഞ്ചാരസഹായിയായി എന്ന നിലയിൽ 'മനോരമ ട്രാവലർ' എന്ന പേരിലാണ് മാസിക പുറത്തിറക്കുന്നത് മാസികയുടെ പ്കാശനം നടൻ പൃഥ്വിരാജ് നിർവഹിച്ചു. മനസ്സു പറയുന്ന വഴിയേ നമ്മൾ സഞ്ചരിക്കുമ്പോഴാണ് സ്വപ്നങ്ങൾ ജീവിതത്തിലേക്കു നിറം പകരുന്നത്. നമുക്കു ചുറ്റും നമ്മൾ കാണാതെപോകുന്ന കാഴ്ചകൾ, അനുഭവങ്ങൾ തുടങ്ങിയവ കാട്ടിത്തരുന്നത് ഇതുപോലുള്ള മാസികകളാണെന്ന് പ്രകാശന കർമ്മം നിർവഹിച്ചുകൊണ്ട് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

ചാലൂക്യ രാജാക്കന്മാരുടെ ശിലാനഗരമായ ബദാമിയെ പരിചയപ്പെടുത്തികൊണ്ടാണ് മനോരമ ട്രാവലറിന്റെ ആദ്യ പതിപ്പ്. മാതൃഭൂമി യാത്രയെ അനുകരിച്ചാണ് പ്രസിദ്ധീകരണം ഒരുക്കുന്നത്. സിനിമാ താരങ്ങളെ കൊണ്ട് യാത്ര നടത്തി അതിന്റെ അനുഭവങ്ങൾ എഴുതിപ്പിക്കുന്ന ശൈലി സ്വീകരിച്ചത് മാതൃഭൂമിയുടെ യാത്രയായിരുന്നു. ഇതേ മാർഗ്ഗമാണ് ഇപ്പോൾ ട്രാവലറും അനുകരിക്കുന്നത്.

അൻപതിലധികം രാജ്യങ്ങളിൽ ഒറ്റയ്ക്കു യാത്രചെയ്ത മലയാളി വനിത അഞ്ജലി തോമസ് എഴുതുന്ന കോളവും, സംവിധായകൻ ലാൽ ജോസിന്റെ യാത്രാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ലാൽ ജേർണീസ്, യാത്രാ ഫീച്ചറുകൾ, ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ ടൂറിസം കേന്ദ്രങ്ങളിൽനിന്നുള്ള ഫീച്ചറുകൾ, കേരളത്തിന്റെ സ്വന്തം കാഴ്ചകൾ, രുചി തേടിയുള്ള യാത്രകൾ, വായനക്കാർക്കുള്ള പേജുകൾ എന്നിവയും ഉൾപ്പെടുത്തി മാതൃഭൂമി യാത്രയുടെ മറുപതിപ്പു തന്നെയാണ് ട്രാവലർ. വിലയിലും വ്യത്യാസമില്ല. 50 രൂപയാണ് ട്രാവലറിന്റെ വില.

എം എം പബ്ലിക്കേഷൻസിന്റെ പതിനേഴാമത്തെ പ്രസിദ്ധീകരണം എന്ന നിലയിലാണ് മനോരമ ട്രാവലർ പുറത്തിറങ്ങുന്നത്. മനോരമയുടെ അനുകരണ ശൈലി തന്നെയാണ് പുതിയ മാസികയിലും തെളിഞ്ഞു നിൽക്കുന്നത്. മനോരമ ഏറ്റവും കൂടുതൽ അനുകരിച്ചിട്ടുള്ളത് കേരളത്തിലെ ആദ്യ പത്രമായ ദീപികയെ ആണ്. ഒട്ടേറെ അനുബന്ധ പ്രസിദ്ധീകരണങ്ങൾ ദീപിക തുടങ്ങുകയും മനോരമ അതു വിജയിപ്പിക്കുകയും ചെയ്തു. ദീപികയുടെ അനുബന്ധ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരെ നിയമിച്ചായിരുന്നു ആദ്യ ഘട്ടങ്ങളിൽ മനോരമയുടെ പരീക്ഷണം. ഒരു മുഴുവൻ പേജ് ചരമം ആദ്യമായി ആരംഭിച്ച ദീപികക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച മനോരമ അത് പിന്നീട് ആരംഭിച്ചത് പോലെ ആയിരുന്നു മിക്കതും.

മനോരമയുടെ വിജയിച്ച പരീക്ഷണമാണ ബാലരമ എന്ന കുട്ടികളുടെ വാരിക. ഇതും ദീപിക ആരംഭിച്ച ശേഷം തുടങ്ങിയ പ്രസിദ്ധീകരണമാണ്. ബാലരമ വലിയ തോതിൽ വിജയം കൈവരിക്കുകയും ചെയ്തു. ഇത് കൂടാതെ കർഷകൻ മാസികയെ പിന്തുടർന്ന് കർഷകശ്രീ എന്ന മാസികയും മനോരമ തുടങ്ങി. തൊഴിലന്വേഷകർക്ക് വേണ്ടി തുടങ്ങിയ തൊഴിൽവീഥിയുടെ കാര്യവും വ്യത്യസ്തമല്ല. കരിയർ ദീപികയും മാതൃഭൂമി തൊഴിൽവാർത്തയും തുടങ്ങിയ ശേഷമാണ് മനോരമ തൊഴിൽവീഥി ആരംഭിച്ചത്. മനോരമ ആരോഗ്യം തുടങ്ങിയതും മാതൃഭൂമി ആരോഗ്യമാസികയുടെ വിജയം കണ്ടാണ്.

വാർത്തചാനൽ തുടങ്ങിയാനും ചാനൽ രംഗത്തേക്ക് കൈവെക്കാനും മനോരമ എത്തിയത് വൈകിയ വേളയിൽ ആയിരുന്നു. ഏഷ്യാനെറ്റും കൈരളിയും ഇന്ത്യാവിഷനും തുടങ്ങിയ ശേഷമാണ് മനോരമ ന്യൂസ് തുടങ്ങിയത്. ഓൺലൈൻ രംഗത്ത് മനോരമ സജീവമായത് മാതൃഭൂമി മുൻകൈയെടുത്തതോടെയാണ്. അടുത്തിടെയാണ് കൂടുതൽ ഓൺലൈനും കൂടുതൽ സജീവമായത്. മനോരമ കൈവെക്കാത്ത ഒരു മേഖല ഉള്ളത് സായാഹ്ന പത്രത്തിൽ മാത്രമാണ്. ഇങ്ങനെ തുടങ്ങിയാൽ അത് പ്രധാന വരുമാനമായ ദിനപത്രത്തെ ബാധിക്കുമെന്നതിനാലാണ് ഈ മേഖലയിൽ മനോരമ കൈവെക്കാത്തത്.

എന്തായാലും മാതൃഭൂമിയുടെ യാത്രയുമായി മത്സരിക്കാനാണ് ട്രാവലറുമായി മനോരമ രംഗത്തെത്തുന്നത്. മാർക്കറ്റ് പിടിക്കുന്ന കാര്യത്തിൽ മിടുക്കരായ മനോരമ ഇതിലും വിജയം കൊയ്യുമെന്ന കാര്യം ഉറപ്പാണ്.