തിരുവനന്തപുരം: വർഷാവസാനം വാർത്തകൾ സൃഷ്ടിച്ച താരങ്ങളെയും വ്യക്തികളെയും തേടി മലയാളത്തിലെ വാർത്താചാനലുകൾ പരിപാടി സംഘടിപ്പിക്കാറുണ്ട്. ഇങ്ങനെ മലയാളത്തിൽ ശ്രദ്ധേയമായ പുരസ്‌ക്കാരം മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ ഓഫ് ദ ഇയറാണ്. 2014ൽ വാർത്തകളിൽ നിറഞ്ഞു നിന്ന ആളുകളെ ഉൾപ്പെടുത്തി ലിസ്റ്റും മനോരമ ന്യൂസ് ചാനൽ പുറത്തുവിട്ടിട്ടുണ്ട്. വി എം സുധീരനും ശശി തരൂരും ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണനും അടക്കമുള്ള പ്രമുഖർ ഇടംപിടിച്ച ലിസ്റ്റ് കണ്ട് ഇപ്പോൾ ചിലർ നെറ്റി ചുളിച്ചു തുടങ്ങിയിട്ടുണ്ട്. കാരണം, മറ്റൊന്നുമല്ല കേരളത്തിൽ സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിജയിപ്പിച്ച കിസ് ഓഫ് ലവ് പരിപാടിയുടെ അണിയറ ശിൽപ്പിയായ രാഹുൽ പശുപാലൻ ലിസ്റ്റിൽ ഇടം പിടിച്ചതാണ് ചിലർക്ക് ഇഷ്ടപ്പെടാതെ വന്നത്.

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസുയർത്തിയ മംഗൾയാൻ പദ്ധതിയുടെ അമരക്കാരനും ഐഎസ്ആർഒ ചെയർമാനുമായി കെ രാധാകൃഷ്ണനൊപ്പമുള്ള ലിസ്റ്റിൽ ചുംബന വീരൻ രാഹുൽ പശുപാലനെ ഉൾപ്പെടുത്തിയത് എന്തിനാണെന്ന് ചോദിച്ച് ഇവർ ഇതിനോടകം സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം ഉയർത്തി കഴിഞ്ഞു. സുധീരനും കെ രാധാകൃഷ്ണനും തരൂരും അടങ്ങുന്ന ലിസ്റ്റിൽ ന്യൂസ് മേക്കറാകാൻ ഏറ്റവും സാധ്യത ഐഎസ്ആർഒ ചെയർമാന് തന്നെയാണ്. ഇങ്ങനെയുള്ള മഹാനായ വ്യക്തിക്കൊപ്പം രാഹുൽ പശുപാലനെ ഉൾപ്പെടുത്തിയത് എന്തിനാണെന്നാണ് ഫേസ്‌ബുക്കിലൂടെ ചോദിക്കുന്നത്.

സദാചാര പൊലീസിംഗിനെതിരായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയുടെ അണിയറ ശിൽപ്പികളിൽ പ്രമുഖനായിരുന്നു രാഹുൽ പശുപാലൻ. എന്നാൽ വ്യക്തികൾ എന്നതിൽ ഉപരിയായി സോഷ്യൽ മീഡിയയുടെ പിന്തുണയും സദാചാര പൊലീസ് ചമഞ്ഞെത്തിയവരുടെ എതിർപ്പുമാണ് എതിർപ്പുമാണ് കിസ് ഓഫ് ലവിനെ ഹിറ്റാക്കിയത്. രാഹുലാണ് ഈ പരിപാടിയുടെ അണിയറ ശിൽപ്പിയെന്ന നിലയിൽ മാദ്ധ്യമങ്ങളിൽ ചർച്ചാവിഷയമായതും. അതുകൊണ്ടാണ് മനോരമ ഈ ലിസ്റ്റിൽ അദ്ദേഹത്തെയും ഉൾപ്പെടുത്തിയത്. എന്നാൽ, കിസ് ഓഫ് ലവിനെ എതിർത്തുകൊണ്ട് രംഗത്തെത്തിയവർ തന്നെയാണ് മനോരമയുടെ ന്യൂസ് മേക്കർ ലിസ്റ്റിനെതിരെയും രംഗത്തെത്തിയത്.

രാഹുലിനോട് മത്സരിക്കാൻ നിൽക്കാതെ പരിപാടിയിൽ നിന്നും പിന്മാറാൻ ഡോ. രാധാകൃഷ്ണൻ തയ്യാറാകണമെന്ന് ചിലർ ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടുകഴിഞ്ഞു. അദ്ദേഹത്തോട് പിന്മാറാൻ ആവശ്യപ്പെടണമെന്ന് പറഞ്ഞ് മറ്റൊരുകൂട്ടർ ഐഎസ്ആർഒയ്ക്ക് പരാതിയും നൽകി കഴിഞ്ഞു. പരിപാടി ഹിറ്റാകാനുള്ള മനോരമയുടെ പൊടിക്കൈയാണ് രാഹുലിനെ ഉൾപ്പെടുത്തിയതിലൂടെ വ്യക്തമായിരിക്കുന്നതെന്നാണ് ചിലർ ഉയർത്തുന്ന വിമർശനം.

മനോരമയുടെ ലിസ്റ്റിനെ എതിർത്തുകൊണ്ട് ഒരാൾ ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെയാണ്: ചാനലുകളിലെ സംഗീത മത്സരങ്ങളിൽ അന്ധ ഗായകരെ ഉൾപ്പെടുത്തി, ജനങ്ങളിൽ സഹതാപ തരംഗം ഉണ്ടാക്കി പ്രോഗ്രാം ഹിറ്റ് ആക്കുന്നത് പോലെ തന്നെയാണ് പശുപാലന്റെ മുഖം ഉൾപ്പെടുത്തുന്നതിലൂടെ മനോരമയും ലക്ഷ്യം വയ്ക്കുന്നത്. എന്തായാലും ഈ ഒറ്റമുഖം കൊണ്ട് മനോരമയുടെ ഈ പ്രോഗ്രാമിന്റെ പരസ്യം നൂറിരട്ടിയാകും. സംശയമില്ല. അല്ലാതെ ആനയ്ക്കുണ്ടോ പൂരം നന്നാവണമെന്ന്?

മനോരമയുടെ ലിസ്റ്റിൽ ഇടംപിടിച്ചതോടെ കിസ് ഓഫ് ലവിന്റെ ഫേസ്‌ബുക്ക് പേജിലൂടെയും രാഹുലിന് വേണ്ടി വോട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കിസ് ഓഫ് ലവ് ഉയർത്തിയ അലയടികൾ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുകയും, എല്ലാ മാദ്ധ്യമങ്ങളിലും വിശദമായ ചർച്ചകൾ നടക്കുകയും ചെയ്തു. സദാചാരത്തിന്റെ കുത്തക മുതലാളിമാരായ ഫാഷിസ്റ്റ് വർഗീയ കക്ഷികളുടെ ആക്രോശങ്ങൾ ചുംബനസമരം എന്ന സർഗാത്മക സമരമുയർത്തിയ അലയടിയിൽ മുങ്ങിപ്പോയി. കൊച്ചിയിൽ തുടങ്ങി, ഇന്ന് ഇന്ത്യയൊട്ടാകെ ഏറ്റെടുത്ത കിസ് ഓഫ് ലവിന്റെ മുഖ്യ സംഘാടകൻ ആയ ആളാണ് രാഹുൽ പശുപാൽ എന്ന നിലയിലാണ് ഈ വർഷത്തെ മനോരമ ന്യൂസിന്റെ 'ന്യൂസ് മേക്കർ ഓഫ് ദ ഇയർ' ന്റെ അവസാന പത്തിൽ ഇടം പിടിച്ചിരിക്കുത്ത്. അതുകൊണ്ട് രാഹുലിന് വോട്ട് ചെയ്യുക എന്ന് അഭ്യർത്ഥിച്ചാണ് കിസ് ഓഫ് ലവിന്റെ ഫേസ്‌ബുക്ക് പേജ്.

സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, നടൻ ഇന്നസെന്റ്, നടി മഞ്ജു വാരിയർ, സംവിധായിക അഞ്ജലി മേനോൻ, ഹോക്കി താരം പി.ആർ. ശ്രീജേഷ് എന്നിവരെയാണ് മനോരമ ന്യൂസ് മേക്കർ ലിസ്റ്റിൾ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് വാർത്താതാരങ്ങൾ.