ന്യൂഡൽഹി: തന്റെ ലേഖനത്തിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന ചിത്രം മലയാള മനോരമ കമ്പനി തിരുകി കയറ്റിയെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ തലവൻ. ദി വീക്ക് എഡിറ്റർ ഫിലിപ്പ് മാത്യുവിന് അയച്ച കത്തിലാണ് ബിബേക് ദെബ്രോയ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മലയാള മനോരമയുടെ പ്രസിദ്ധീകരണമായും സഹകരിക്കില്ലെന്നും ദ വീക്കുമായുള്ള ബന്ധം അവസാനിപ്പിക്കുകയണെന്നും അദേഹം വ്യക്തമാക്കി. അതേസമയം, ഹിന്ദുദൈവങ്ങളെ മാധ്യമങ്ങളിലൂടെ അപമാനിച്ചതിന് മലയാള മനോരമ കമ്പനിക്കെതിരെ ഉത്തർ പ്രദേശ് സർക്കാർ കേസെടുത്തു. മനോരമ കമ്പനിയെ ഒന്നാം പ്രതിയാക്കിയും ദ വീക്ക് എഡിറ്ററെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ തലവനായ ബിബേക് ദെബ്രോയ് കാളിയെക്കുറിച്ച് എഴുതിയ ലേഖനത്തിനിടയിലാണ് ശിവനെയും കാളിയെയും അധിക്ഷേപിച്ചുകൊണ്ടുള്ള ചിത്രം ദ വീക്ക് തിരുകി കയറ്റിയത്. ഞാൻ ഏഴുതിയ ലേഖനത്തിന്റെ ഉള്ളടക്കവും അവർ അതിന് നൽകിയ ചിത്രവും തമ്മിൽ നേരിയ ഒരു ബന്ധം പോലുമില്ല, ഈ ചിത്രം മനഃപൂർവ്വം പ്രകോപിപ്പിക്കാൻ തന്നെ തിരഞ്ഞെടുത്തതാണ് ബിബേക് ദെബ്രോയ് ഫിലിപ്പ് മാത്യുവിന് അയച്ച കത്തിൽ വ്യക്തമാക്കി.

ദ വീക്ക് ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് പ്രകാശ് ശർമ നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കാൺപൂരിലെ കോട്വാലി പൊലീസ് മനോരമയ്ക്കും വീക്കിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുപിയിലെ മറ്റു സ്റ്റേഷനുകളിലും സമാന പരാതികൾ എത്തിയിട്ടുണ്ട്. ഇതിലും ഉടനെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 24ന് പ്രസിദ്ധീകരിച്ച ലേഖകമനാണ് വിവാദമാകുന്നത്. നാലു വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ജാമ്യമില്ലാ കേസും.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഈസ്റ്റ്) പ്രമോദ് കുമാർ പറഞ്ഞു. നിരവധി പരാതികൾ ഉയർന്നതിനാൽ കുറ്റങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ കമ്പനിയെ ഒന്നാം പ്രതിയാക്കിയും ദ വീക്ക് എഡിറ്ററെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിവാദത്തിൽ മനോരമ മാപ്പു പറഞ്ഞിട്ടുണ്ട്. ലേഖനത്തിന് യോജിക്കാത്ത ചിത്രം ചേർത്തുവെന്നും സമ്മതിച്ചു. അതിന് ശേഷവും പ്രതിഷേധം തീർന്നില്ല. പരാതികൾ പ്രവഹിക്കുന്നു. ഇതിനിടെ ബിബേക് ദെബ്രോയ് തള്ളി പറഞ്ഞതും മാധ്യമ സ്ഥാപനത്തിന് വിനയായി. ഇത്തരമൊരു അനുചിതമായ ചിത്രം ആ ലേഖനത്തിന് നൽകിയതിന് പിന്നിൽ യാതൊരു ദുരുദ്ദേശ്യവുമില്ലെന്നെന്നാണ് ഇതിന് മറുപടിയായി ദി വീക്ക് എഡിറ്റർ ഇൻചാർജ് വി എസ് ജയചന്ദ്രൻ പറഞ്ഞത്.

തങ്ങളുടെ പല വായനക്കാരുടെയും മറ്റുള്ളവരുടെയും വികാരങ്ങളെ ഇത് വ്രണപ്പെടുത്തിയതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചതിന് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമാപണം നടത്തുകയും ഞങ്ങളുടെ വെബ്സൈറ്റിൽ നിന്ന് അത് നീക്കം ചെയ്യുകയും ചെയ്യുന്നു. അദ്ദേഹം അറിയിച്ചു.

ലേഖനത്തിൽ ഉപയോഗിച്ച ചിത്രം ബാൾട്ടിമോറിലെ വാൾട്ടേഴ്സ് ആർട്ട് മ്യൂസിയത്തിന്റെ ശേഖരത്തിലുള്ള കാൻഗ്ര മിനിയേച്ചർ പെയിന്റിംഗാണിതെന്ന് ആർട്ടിസ്റ്റായ ശുദ്ധബത്ര സെൻഗുപ്ത അഭിപ്രായപ്പെട്ടിട്ടുണ്ട്.