ടോക്യോ: ജർമ്മനിയെ ഗോൾമഴയിൽ മുക്കി വെങ്കല മെഡൽ നേട്ടവുമായി ഇന്ത്യൻ ഹോക്കി ടീം ചരിത്രനേട്ടം സ്വന്തമാക്കുമ്പോൾ, നായകൻ മൻപ്രീത് സിങ് തനിക്ക് നൽകിയ വാക്ക് പാലിച്ചതിന്റെ ആഹ്ലാദം പങ്കിടുകയാണ് ഭാര്യ ഇലി സാദിഖ്. ഒളിംപിക് മെഡൽ വിവാഹ സമ്മാനമായി നൽകുമെന്ന വാക്ക് പാലിച്ചതായി ഇലി സാദിഖ് ട്വീറ്റ് ചെയ്തു.

മൻപ്രീതുമായി വിഡിയോ കോൾ ചെയ്യുന്നതിനറെ ചിത്രവും ഇള പങ്കുവച്ചു. ഇരുവരുടെയും വിവാഹം കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനാണ് നടന്നത്. ഒമ്പത് വർഷത്തെ പ്രണയത്തിന്റെ തുടർച്ചയായിട്ടായിരുന്നു വിവാഹം.

 

2012ൽ മലേഷ്യയിൽ നടന്ന സുൽത്താൻ ഓഫ് ജോഹർ ട്രോഫിക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. മലേഷ്യയിലെ സ്വകാര്യ സർവ്വകലാശാലയിൽ ജീവനക്കാരിയാണ് ഇലി സാദ്ദിഖ്.

41 വർഷത്തിനുശേഷം ഇന്ത്യയിലേക്ക് ഒളിമ്പിക് ഹോക്കി മെഡൽ എത്തിയതോടെ രാജ്യ മുഴുവൻ സന്തോഷത്തിലാണ്. ഈ നേട്ടത്തിന് നേതൃത്വം നൽകിയത് ഇന്ത്യൻ ഹോക്കി ടീം നായകനായ മൻപ്രീത് സിങ്ങാണ്.

മത്സരത്തിനുശേഷം മൻപ്രീത് ഈ വിജയം ഇന്ത്യയിലെ കോവിഡ് പോരാളികൾക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞിരുന്നു. മത്സരശേഷം സംസാരിക്കുമ്പോൾ മൻപ്രീത് വികാരാധീനനായി.

' ഈ സമയം എന്ത് പറയണമെന്ന് എനിക്കറിയില്ല. ഇതെല്ലാം സ്വപ്നം പോലെ തോന്നുന്നു. ഞങ്ങൾ ഈ മെഡലിന് അർഹരാണ്. അത്രയും കഠിനാധ്വാനം ഞങ്ങൾ ഇക്കാലയളവിൽ ചെയ്തു. മത്സരത്തിൽ 3-1 ന് പിന്നിട്ട് നിന്നപ്പോഴും തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. കഴിഞ്ഞ 15 മാസങ്ങൾ ഞങ്ങൾക്കെല്ലാവർക്കും പരീക്ഷണ കാലഘട്ടമായിരുന്നു. പല താരങ്ങൾക്കും കോവിഡ് പിടിപെട്ടു. എന്നിട്ടും ഞങ്ങൾ തളർന്നില്ല. ഈ വിജയം ഞങ്ങൾ കോവിഡിനെതിരേ പൊരുതുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമായി സമർപ്പിക്കുന്നു. ജീവൻ രക്ഷിക്കാൻ വേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല' - ഇന്ത്യൻ നായകൻ പറഞ്ഞു.

വെങ്കല മെഡലിനായുള്ള ആവേശകരമായ മത്സരത്തിൽ നാലിനെതിരേ അഞ്ചുഗോളുകൾക്കാണ് ഇന്ത്യ ജർമനിയെ കീഴടക്കി വിജയം സ്വന്തമാക്കിയത്. മലയാളി ഗോൾകീപ്പർ ശ്രീജേഷിന്റെ തകർപ്പൻ സേവുകളും മുന്നേറ്റതാരം സിമ്രാൻജീത്ത് കൗറിന്റെ പ്രകടനവുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.